യാത്രക്കിടയിൽ ഹൃദയാഘാതമുണ്ടായ ഇന്ത്യൻ വയോധിക മരിച്ചു
ജിദ്ദ: യാത്രക്കിടയിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന്, ന്യുയോർക്കിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന വിമാനം റിയാദിൽ അടിയന്തരമായി ഇറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്ത്യൻ വയോധിക മരിച്ചു. ആന്ധ്രപ്രദേശ് കടപ്പ സ്വദേശിനി ബാലനാഗമ്മ (60)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. റിയാദിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അവരെ നില മെച്ചപ്പെട്ടതിനെ തുടർന്ന് വാർഡിലേക്ക് മാറ്റിയിരുന്നു. പൂർവാരോഗ്യ സ്ഥിതിയിലേക്ക് തിരിച്ചുവരുന്നു എന്ന തോന്നൽ ശക്തിപ്പെടുന്നതിനിടെയാണ് വീണ്ടും ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചത്. ഡിസംബർ 27ന് ന്യൂയോർക്കിൽ നിന്ന് അബൂദാബി വഴി ചെന്നൈയിലേക്കുള്ള ഇത്തിഹാദ് വിമാനത്തിൽ വരുമ്പോഴായിരുന്നു സഊദി സമയം വൈകീട്ട് ആറോടെ നെഞ്ചുവേദനയുണ്ടായത്.
ഇതോടെ വിമാനം റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ഉടൻ തന്നെ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സന്ദർശക വിസയിൽ ന്യൂയോർക്കിലെത്തി മകൻ സുരേഷിന്‍റെ കൂടെ കഴിഞ്ഞ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു ബാലനാഗമ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."