അതിവേഗ റെയില്‍പാത: ആകാശ സര്‍വേ പൂര്‍ത്തിയായി
തിരുവനന്തപുരം: കേരളത്തിലൂടെയുള്ള അര്‍ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്റ് നിശ്ചയിക്കുന്നതിനുള്ള ആദ്യഘട്ടമായ ആകാശ സര്‍വേ പൂര്‍ത്തിയായി.
കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച സര്‍വേ ആദ്യദിനം കണ്ണൂര്‍ മുതല്‍ കാസര്‍ക്കോട് വരെയായിരുന്നു. ഇന്നലെ തിരുവനന്തപുരത്താണ് സര്‍വേ നടത്തിയത്. സില്‍വര്‍ ലൈന്‍ ദൈര്‍ഘ്യമായ 531.45 കിലോമീറ്റര്‍ സര്‍വേ ചെയ്യുന്നതിന് പാര്‍ട്ടെനേവിയ പി. 68 എന്ന വിമാനമാണ് ഉപയോഗിച്ചത്. അഞ്ചുമുതല്‍ പത്തു സെന്റീമീറ്റര്‍ വരെ സൂക്ഷ്മതയിലുള്ള വിവരങ്ങളാണ് ലഭിച്ചത്.
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന് വേണ്ടി ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് സര്‍വേ നടത്തിയത്.
സര്‍വേ വിവരങ്ങള്‍ സര്‍വേ ഓഫ് ഇന്ത്യയടക്കമുള്ള ഏജന്‍സികളും സര്‍ക്കാര്‍ വകുപ്പുകളും പരിശോധിച്ച് തന്ത്രപ്രധാന മേഖലകള്‍ ഒഴിവാക്കിയ ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. തുടര്‍ന്ന് അലൈന്‍മെന്റ് നിര്‍ണയിക്കും.
കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനിയാണ് കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍. തിരുവനന്തപുരം മുതല്‍ തൃശൂരിന് സമീപം തിരുനാവായ വരെ 310 കിലോമീറ്റര്‍ ഇപ്പോഴത്തെ റെയില്‍പാതയില്‍ നിന്ന് മാറിയും തൃശൂരില്‍ നിന്ന് കാസര്‍ക്കോട് വരെയുള്ള ബാക്കിദൂരം നിലവിലുള്ള പാതയ്ക്ക് സമാന്തരമായിട്ടുമായിരിക്കും സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്റ്.
തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് ലൈന്‍ സ്ഥാപിക്കുന്നത്. ആകെ 10 സ്റ്റേഷനുകളാണുണ്ടാവുക. 200 കിലോമീറ്റര്‍ വേഗത്തിലാണ് സില്‍വര്‍ ലൈനിലൂടെ വണ്ടി ഓടുക.
സര്‍വേയില്‍ കാട്, നദികള്‍, റോഡുകള്‍, നീര്‍ത്തടങ്ങള്‍, കെട്ടിടങ്ങള്‍, വൈദ്യുതി ലൈനുകള്‍, പൈതൃകമേഖലകള്‍ എന്നിവ കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. ഇതിനായി ഉയര്‍ന്ന റെസൊല്യൂഷനിലുള്ള ക്യാമറയാണ് ഉപയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."