പട്ടികവര്‍ഗ വിഭാഗക്കാരുടെ ഒരു ലക്ഷം വരെയുള്ള വായ്പ എഴുതിത്തള്ളും
തൊടുപുഴ: പട്ടികവര്‍ഗ വിഭാഗക്കാര്‍ സഹകരണ ബാങ്കുകളില്‍ നിന്നുമെടുത്ത തിരിച്ചടവ് കാലാവധി കഴിഞ്ഞ് കുടിശികയായ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്. 2006 ഏപ്രില്‍ ഒന്നു മുതല്‍ 2014 മാര്‍ച്ച് 31വരെ തിരിച്ചടവു കാലാവധി കഴിഞ്ഞതും കുടിശികയായതുമായ വായ്പകളാണ് എഴുതിത്തള്ളുക. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കിങ് മേഖല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ കുടുംബത്തിലുണ്ടെങ്കില്‍ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കില്ലെന്നു സഹകരണസംഘം രജിസ്ട്രാര്‍ എസ്. ലളിതാംബിക പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. കാര്‍ഷികവായ്പ, വിദ്യാഭ്യാസ വായ്പ, സ്വയംതൊഴില്‍ വായ്പ, വിവാഹാവശ്യത്തിനുള്ള വായ്പ, സ്വര്‍ണപ്പണയത്തിന്മേലുള്ള കാര്‍ഷികവായ്പ എന്നിവയെല്ലാം ഈ ഗണത്തില്‍ പരിഗണിക്കും. വായ്പാതുക, മുതല്‍, പലിശ, പിഴപ്പലിശ എന്നിവയുള്‍പ്പടെ ഒരുലക്ഷത്തില്‍ അധികമാണെങ്കില്‍ അപേക്ഷകന്‍ അധികംവരുന്ന തുക ബന്ധപ്പെട്ട സ്ഥാപനത്തില്‍ അടച്ചുതീര്‍ത്തതിനുശേഷം അവശേഷിക്കുന്ന ഒരുലക്ഷം രൂപയ്ക്കാണു പദ്ധതിപ്രകാരം ഇളവു ലഭിക്കുക.
ആനുകൂല്യത്തിന് അര്‍ഹത നേടുന്ന വായ്പക്കാരനെ സംബന്ധിച്ചു ബന്ധപ്പെട്ട ബാങ്കിന്റെ ഭരണസമിതി സാക്ഷ്യപ്പെടുത്തി നിശ്ചിത മാതൃകയില്‍ ജില്ലാ ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്) പ്രീ ഓഡിറ്റിന് വിധേയമാക്കി ജൂലൈ 15നു മുന്‍പ് ബന്ധപ്പെട്ട ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറലിന് സമര്‍പ്പിക്കണം. ബന്ധപ്പെട്ട ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) സഹകരണസംഘം രജിസ്ട്രാര്‍ക്ക് 2016 ജൂലൈ 31നു മുന്‍പ് സമര്‍പ്പിക്കണം. ആനുകൂല്യത്തിന് അര്‍ഹതയുള്ള ആരും പട്ടികയില്‍ നിന്ന് ഒഴിവായിട്ടില്ലെന്നു വകുപ്പ്തല ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."