ഇസ്റാഈല്‍ പ്രവേശനം; ഫലസ്തീനികള്‍ക്ക് വിലക്ക്
ജറുസലേം: ടെല്‍അവീവില്‍ കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇസ്റാഈലില്‍ പ്രവേശിക്കുന്നതിന് ഫലസ്തീനികള്‍ക്ക് വിലക്ക്. റമദാന് മാസത്തില്‍ ഇസ്റാഈലില്‍ പ്രവേശിക്കുന്നതിനുള്ള പ്രത്യേക അനുമതിയാണ് റദ്ദാക്കിയത്. 83,000 ഫലസ്തീനികള്‍ക്കുള്ള അനുമതിയാണ് റദ്ദാക്കിയത്.
കഴിഞ്ഞദിവസമാണ് ടെല്‍ അവീവില്‍ രണ്ട് ആയുധധാരികള്‍ ആക്രമണം നടത്തിയത്. ഇതില്‍ നാലുപേര്‍ കൊല്ലപ്പെട്ടതിനു പുറമേ, അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം, ടെല്‍അവീവില്‍ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായി ഇസ്റാഈല്‍ അവകാശപ്പെട്ടു. ഇതില്‍ മൂന്നു പേര്‍ക്ക് സൈന്യത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.
അല്‍അഖ്സ പള്ളി സന്ദര്‍ശനം, ബന്ധുക്കളെ സന്ദര്‍ശിക്കല്‍ എന്നിവയ്ക്കാണ് ഫലസ്തീനികള്‍ക്ക് റമദാനില്‍ ഇസ്റാഈലില്‍ പ്രവേശിക്കാന്‍ പ്രത്യേക അനുമതി നല്‍കാറുള്ളത്.
വെസ്റ്റ് ബാങ്കില്‍
സൈന്യത്തെ വിന്യസിച്ചു
അതേസമയം, ടെല്‍അവീവില്‍ നടന്ന ആക്രമണത്തിനുശേഷം ഇസ്റാഈല്‍ സൈനിക നീക്കം ശക്തമാക്കുകയാണ്. വെസ്റ്റ്ബാങ്കില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
നൂറുകണക്കിന് അധിക സൈന്യത്തെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയാണെന്നായിരുന്നു ഇതുസംബന്ധിച്ച് ഇസ്റാഈലിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."