മൂന്നാര്‍ തണുത്തുവിറയ്ക്കുന്നു; താപനില മൈനസ് അഞ്ചിലേക്ക്
തൊടുപുഴ: തെക്കിന്റെ കശ്മീരായ മൂന്നാര്‍ തണുത്തുവിറയ്ക്കുന്നു. താപനില വീണ്ടും താഴ്ന്ന് മൈനസ് 5 ഡിഗ്രിയിലേക്ക് എത്തി. താപനില ഇത്രയേറെ താഴുന്നത് കഴിഞ്ഞ 5 വര്‍ഷത്തിനിടെ ആദ്യമാണ്. താപനില താഴ്ന്നതോടെ മേഖലയില്‍ കനത്ത മഞ്ഞുവീഴ്ചയും തുടങ്ങി. മൂന്നാറിലെ ലക്ഷ്മിയിലാണ് മൈനസ് 5 രേഖപ്പെടുത്തിയത്.
മാട്ടുപ്പെട്ടി, കുണ്ടള, ലാക്കാട്, പെരിയവരൈ, നല്ലതണ്ണി എസ്‌റ്റേറ്റുകളില്‍ മൈനസ് മൂന്ന് ഡിഗ്രിയാണ് ഇന്നലത്തെ കുറഞ്ഞ താപനില. സെവന്‍മല എസ്‌റ്റേറ്റില്‍ മൈനസ് രണ്ടും, മൂന്നാര്‍ ടൗണില്‍ ഒരു ഡിഗ്രിയുമായിരുന്നു. മഞ്ഞുവീണ് വെള്ളപുതച്ച മൂന്നാറിലെ പുലര്‍കാല കാഴ്ച സ്വിറ്റ്‌സര്‍ലന്റിനെ അനുസ്മരിപ്പിക്കുന്നതാണെന്ന് വിദേശ സഞ്ചാരികള്‍ പറയുന്നു. തേയില ചെടികളും ഉദ്യാനങ്ങളുമെല്ലാം മഞ്ഞുകട്ടകള്‍ കൊണ്ട് മൂടിയ കാഴ്ച അവിസ്മരണീയമാണ്. അതിശൈത്യം ആരംഭിച്ചതോടെ മൂന്നാറിലെ വിദേശ വൃക്ഷങ്ങളും പൂവിട്ടത് മഞ്ഞുകാല കാഴ്ചകള്‍ക്ക് മിഴിവേകി. അല്‍പം വൈകിയാണെങ്കിലും മഞ്ഞുകാലവുമെത്തിയതോടെ വിനോദ സഞ്ചാര മേഖല ഉണര്‍ന്നുകഴിഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം ഉത്തരേന്ത്യക്കാരായ സഞ്ചാരികള്‍ കൂട്ടമായി എത്തുന്നുണ്ട്. വിദേശ സഞ്ചാരികളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ്. തണുപ്പ് കൂടിയതോടെ കമ്പിളി വസ്ത്രങ്ങളുടെ കച്ചവടം പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. മൂന്നാര്‍മേഖലയിലെ മുഴുവന്‍ ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലെ ഭൂരിഭാഗം മുറികളും ജനുവരി 31 വരെ ബുക്ക് ചെയ്യപ്പെട്ടുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."