ഏനാമാക്കല്‍ വളയം ബണ്ട് നിര്‍മാണ തൊഴിലാളികള്‍ക്ക് ഹര്‍ത്താലില്ല
അന്തിക്കാട്: ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താല്‍ ആഹ്വാനം തള്ളി ഏനാമാക്കല്‍ വളയം ബണ്ട് നിര്‍മാണ തൊഴിലാളികള്‍ രംഗത്തെത്തി. ഹര്‍ത്താല്‍ ദിവസമായ ഇന്നലെ 25 ഓളം തൊഴിലാളികളാണ് വളയം ബണ്ട് നിര്‍മാണത്തിന്റെ ഭാഗമായി ജോലിക്കെത്തിയത്.
രാവിലെ തുടങ്ങിയ ജോലി വൈകുന്നേരം വരെ തുടര്‍ന്നു. ദൂരെ സ്ഥലങ്ങളിലുള്ള തൊഴിലാളികള്‍ ഇരുചക്രവാഹനങ്ങളിലാണ് ഏനാമാക്കലിലെത്തിയത്. മണ്ണുമാന്തിയന്ത്രമുപയോഗിച്ച് ചെമ്മണ്ണ് കോരി ചെറിയ പെട്ടിഓട്ടോകളില്‍ ബണ്ടിലേക്ക് കൊണ്ടു പോകുന്ന തൊഴിലാളികളും ഇന്നലെ ജോലി ചെയ്യാനെത്തി.
കൂടാതെ ബണ്ട് നിര്‍മിക്കുന്നതിനുപയോഗിക്കുന്ന മുള കൊണ്ടുള്ള തട്ടികകള്‍ ഉണ്ടാക്കുന്ന തൊഴിലാളികളും ജോലിക്കെത്തി. അതേ സമയം സമീപത്തെ തട്ടുകടകളും ഹോട്ടലുകളും ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചത് തൊഴിലാളികള്‍ക്ക് ദുരിതമായി. ഇതുമൂലം ഇവര്‍ ഭക്ഷണം കിട്ടാതെ വലഞ്ഞു. വേലിയേറ്റത്തില്‍ തകര്‍ന്ന ഭാഗം രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് തൊഴിലാളികള്‍.
12 അടി നീളത്തില്‍ തകര്‍ന്ന ബണ്ടിന്റെ ഏഴ് അടിയോളം ഭാഗം മണ്ണിട്ട് നികത്തിക്കഴിഞ്ഞു. ഏനാമാക്കല്‍ വളയം ബണ്ട് നിര്‍മാണത്തിനിടെ മൂന്നു തവണയാണ് തകര്‍ന്നത്.
ചിമ്മിനി ഡാമില്‍ നിന്ന് കോള്‍ ചാലിലേക്ക് ധാരാളം വെള്ളമെത്തിയതോടെ കൃഷിയിടങ്ങളിലേക്ക് ഉപ്പുവെള്ളം വ്യാപകമായി കയറുമെന്ന കര്‍ഷകരുടെ ആശങ്കയ്ക്ക് അല്‍പം ശമനമായിട്ടുണ്ട്.
ചാലില്‍ ശുദ്ധജലമായതിനാല്‍ പുഴയില്‍ നിന്ന് ഉപ്പ് വെള്ളം കയറിയാലും കൃഷിയെ വലിയ രൂപത്തില്‍ ബാധിക്കില്ല. എന്നാല്‍ ചാലിലെ ശുദ്ധജലം കുറയുകയും ബണ്ടിന്റെ നിര്‍മാണം വൈകുകയും ചെയ്താല്‍ പുഴയില്‍ നിന്ന് ഉപ്പ് വെള്ളം കോള്‍ പടവുകളിലക്ക് കയറുകയും കൃഷി നശിക്കുകയും ചെയ്യും.
ആയതിനാല്‍ വളയം ബണ്ടിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."