രാജ്യത്ത് ആദ്യമായി ജയിലുകളെയും കോടതികളെയും സംസ്ഥാനത്ത് ബന്ധിപ്പിക്കുന്നു, കോടതിയിലേക്കുള്ള വഴിയില്‍ ഇനി പ്രതികള്‍ രക്ഷപ്പെടില്ല
കൊച്ചി: ജയിലുകളെയും കോടതികളെയും ബന്ധിപ്പിക്കാന്‍ ഇനി വിഡിയോ കോണ്‍ഫറന്‍സിങ്ങ് സംവിധാനം. കേരളത്തിലെ 53 ജയിലുകളിലെ 87 സ്റ്റുഡിയോകളെയും 372 കോടതികളെയുമാണ് വിഡിയോ കോണ്‍ഫറന്‍സിങ്ങ് സംവിധാനം വഴി ബന്ധിപ്പിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലെ 136 കോടതികളെയും 14 ജയിലുകളിലെ 38 സ്റ്റുഡിയോകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള 174 ലൊക്കേഷനുകള്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്.
ആദ്യഘട്ട ഉദ്ഘാടനം ഇന്ന് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് മധ്യമേഖല ഡി.ഐ.ജി സാം തകേരിയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ തന്നെ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും ചില സാങ്കേതിക തകരാറുകളെ തുടര്‍ന്ന് പദ്ധതി തടസ്സപ്പെടുകയായിരുന്നു. തടവുകാരുടെ റിമാന്‍ഡ് എക്സ്റ്റന്‍ഷന്‍ നടത്തുന്നതിന് വേണ്ടിയാണ് നിലവില്‍ സംവിധാനം ഉപയോഗിക്കുന്നതിനായി തീരുമാനിച്ചിട്ടുള്ളതെങ്കിലും ഭാവിയില്‍ കേസുകളുടെ വിചാരണ കൂടി നടത്തുന്നതിനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. കെല്‍ട്രോണ്‍, ബി.എസ്.എന്‍.എല്‍, കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍ എന്നിവരാണ് സാങ്കേതിക സഹായം നല്‍കുന്നത്.
കോടതിയില്‍ കൊണ്ടു പോകുമ്പോള്‍ പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യത പുതിയസംവിധാനം നിലവില്‍ വരുന്നതോടെ ഇല്ലാതാകും. ഒരേ ദിവസം ഒന്നിലധികം കോടതികളില്‍ ഒന്നിലധികം കേസുകളുള്ള തടവുകാരെ ഹാജരാക്കുന്നതിനും സാധിക്കും. അപകടകാരികളായ തടവുകാരെ അനായാസം കോടതിയില്‍ ഹാജരാക്കുന്നതിനും സാധിക്കും. 8000 പൊലിസുകാരുടെ സേവനം ഒഴിവാക്കാനും സാധിക്കും.
ഒപ്പം കോടതികളില്‍ കൊണ്ടു പോകുന്ന തടവുകാര്‍ക്ക് ബത്ത ഇനത്തില്‍ പ്രതിവര്‍ഷം ചെലവാകുന്ന 30 ലക്ഷത്തോളം രൂപ സര്‍ക്കാറിന് ലാഭമാകും. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പാവുന്നത്. സംസ്ഥാനത്തിന്റെ അഭ്യര്‍ഥനപ്രകാരം ഇതിനായി ക്രിമിനല്‍ പ്രൊസീജിയര്‍ കോഡില്‍ (സി.ആര്‍.പി.സി) കേന്ദ്രം മാറ്റം വരുത്തിയിരുന്നു. കോടതിയില്‍ കൊണ്ടു പോകുമ്പോള്‍ പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യതയും ഇതോടെ ഇല്ലാതാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."