പുതുക്കാട് വാഹനങ്ങള്‍ക്കുനേരെ കല്ലേറ്
പുതുക്കാട് : ശബരിമലയിലെ യുവതീ പ്രവേശനത്തെ തുടര്‍ന്ന് കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ പുതുക്കാട് മേഖലയില്‍ വ്യാപക അക്രമം. വാഹനങ്ങള്‍ക്കുനേരെ കല്ലേറ്. മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു. പ്രാദേശിക ചാനലിന്റെ കാമറ തകര്‍ത്തു. കെ.എസ്.ആര്.ടി.സി ഡിപ്പോക്കു നേരെയും അക്രമമുണ്ടായി. പ്രതിഷേധം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചവര്‍ക്കു നേരെയും കൈയേറ്റം.
ഇന്നലെ രാവിലെ 10.30ന് ആമ്പല്ലൂര്‍ കുണ്ടുക്കാവ് ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ദേശീയപാതയിലേക്ക് പ്രവേശിച്ചതോടെയാണ് ആക്രമാസക്തമായത്. ദേശീയപാതയിലൂടെവന്ന വാഹനങ്ങളേയും പുതുക്കാട് കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളേയും ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു.
മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ മുദ്രാവാക്യം വിളിച്ചെത്തിയ പ്രതിഷേധക്കാര്‍ എല്‍.ഡി.എഫിന്റെ കൊടിക്കാലുകളും പ്രചാരണ ബോര്‍ഡുകളും നശിപ്പിച്ചു.
പ്രകടനം പുതുക്കാട് സെന്ററില്‍ എത്തിയപ്പോളാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ കൈയേറ്റം ഉണ്ടായത്. പുതുക്കാട് എന്‍.സി.ടി.വി ചാനലിന്റെ കാമറ പ്രതിഷേധക്കാര്‍ എറിഞ്ഞ് തകര്‍ത്തു. ദീപിക പ്രാദേശിക ലേഖകന്‍ സുനോജ് വൈലോപ്പിള്ളി, എന്‍.സി.ടി.വി ചാനലിന്റെ കാമറമാന്‍മാരായ അബിന്‍, യദു എന്നിവരെയാണ് കൈയേറ്റം ചെയ്തത്. ഈ സമയം പ്രകടനക്കാര്ക്കൊപ്പമുണ്ടായിരുന്ന പൊലിസ് മാധ്യമ പ്രവര്‍ത്തകരെ സംരക്ഷിക്കുകയായിരുന്നു.
ഈ സമയം സമീപത്തെ കെട്ടിടത്തിനു മുകളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞു തകര്‍ത്തു. മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുനേരെ വ്യാപകമായി കൈയേറ്റ ശ്രമങ്ങളുണ്ടായി. നേതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും പ്രവര്‍ത്തകര്‍ പ്രകോപിതരായിരുന്നു. പ്രകടനത്തിനിടെ നിരവധി വാഹനങ്ങളുടെ ചില്ലുകള്‍ പ്രവര്‍ത്തകര്‍ എറിഞ്ഞു തകര്‍ത്തു. കര്‍ണാടകയില്‍നിന്ന് ചേന്ദമംഗലം ഗവ.സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങളുമായി വന്ന കാറും അക്രമത്തില്‍ തകര്‍ന്നു. പുതുക്കാട് പൊലിസില്‍ പരാതി നല്കി.
വെളുപ്പിന് നന്തിക്കരയില്‍ കെ.എസ്.ആര്.ടി.സി ബസിനു നേരെയും കല്ലേറുണ്ടായി. മുത്രത്തിക്കരയിലും കല്ലൂരും വാഹന ഗതാഗതം തടഞ്ഞു.വൈകിട്ട് നാലുമണിയോടെ മണലിപ്പാലത്തിനു സമീപം ഓടിക്കൊണ്ടിരുന്ന വാനിനു നേരെ അക്രമികള്‍ കല്ലെറിഞ്ഞു. വാനിലുണ്ടായിരുന്ന പുളിഞ്ചോട് സ്വദേശി ആദര്‍ശ് (20)ന് പരുക്കേറ്റു.
വരന്തരപ്പിളളിയിലും ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാപകമായി അക്രമം നടത്തി. റോഡില്‍ തീയിട്ട പ്രതിഷേധക്കാര്‍ സി.പി.എമ്മിന്റെ പ്രചാരണ ബോര്‍ഡുകളും കൊടിക്കാലുകളും നശിപ്പിച്ചു. നൂറിലേറെ പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിനിരന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."