പ്രതിപക്ഷത്തില്‍ 'പ്രതിപക്ഷ'മായി മമത
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കും എന്‍.ആര്.സിക്കുമെതിരേ ശക്തമായി നിലകൊള്ളുമ്പോഴും പ്രതിപക്ഷ ഐക്യനിരയിലേക്കില്ലെന്ന നിലപാടില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. വിഷയം ചര്‍ച്ച ചെയ്യാന്‍ 13ന് ഡല്‍ഹിയില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അവര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലാണ് 13ന് ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചിരുന്നത്. ഇതു രാഷ്ട്രീയ നാടകമാണെന്നാണ് മമത ആരോപിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാരും യോഗത്തില്‍ പങ്കെടുക്കില്ലെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദേശീയ പണിമുടക്കിനിടെ ബംഗാളില്‍ നടന്ന വിവിധ സംഭവങ്ങളില്‍ അവര്‍ ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ചിരുന്നു. പണിമുടക്കിനിടെ ബംഗാളില്‍ നടന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് താന്‍ യോഗത്തില്‍നിന്ന് പിന്മാറുന്നതെന്ന് അവര്‍ വ്യക്തമാക്കി. ഇങ്ങനെ വൈരുദ്ധ്യ നിലപാടുകള്‍ സ്വീകരിക്കുന്ന കോണ്‍ഗ്രസും ഇടതുപക്ഷവുമായി എങ്ങനെ സഹകരിക്കുമെന്നും അവര്‍ ചോദിച്ചു.
എന്‍.ആര്.സിക്കും പൗരത്വ നിയമ ഭേദഗതിക്കുമെതിരേ പാര്‍ട്ടി ആദ്യം രംഗത്തുവന്നുവെന്ന് ഇന്നലെ വ്യക്തമാക്കിയ അവര്‍, കോണ്‍ഗ്രസും ഇടതുപക്ഷവും ഇതിന്റെ പേരില്‍ നശീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ആരോപിച്ചു. എന്നാല്‍, എന്‍.ആര്.സിക്കും പൗരത്വ നിയമ ഭേദഗതിക്കുമെതിരേ തന്റെ പ്രതിഷേധങ്ങളും പ്രതിരോധവും തുടരുമെന്നാണ് മമത കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നത്. താന്‍ ജീവിച്ചിരിക്കുമ്പോള്‍ ബംഗാളില്‍ ഈ നിയമങ്ങള്‍ നടപ്പിലാക്കാന്‍ സമ്മതിക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."