മലമ്പനി: മെഡിക്കല്‍ സംഘം പരിശോധന നടത്തി
കോഴിക്കോട്: ജില്ലയില്‍ മലമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.എല്‍ സരിതയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിമാടുകുന്ന് പൂളക്കടവിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന രണ്ടു സ്ഥലങ്ങളില്‍ പരിശോധിച്ചു. ഇവിടെ അന്‍പതോളം പേര്‍ ഒരു ഷെഡ്ഡില്‍ തിങ്ങിഞെരുങ്ങി താമസിക്കുന്നതായും ഇവിടങ്ങളിലെ പാചകപ്പുരയും ടോയ്‌ലെറ്റും പരിസരവും പരിതാപകരമായ അവസ്ഥയിലുള്ളതാണെന്നും ഡി.എം.ഒ അറിയിച്ചു.
ഇവിടുത്തെ ആരോഗ്യ സാഹചര്യം സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്കു സമര്‍പ്പിക്കും. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.പി ജീജ, ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ബി.എസ് രാജീവ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. നിര്‍മാണ സൈറ്റുകളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഇത്തരം കെട്ടിടങ്ങളില്‍ മലമ്പനിക്കു കാരണമാവുന്ന അനാഫിലിസ് കൊതുകിനു വളരാവുന്ന നിലയില്‍ വെള്ളം കെട്ടിക്കിടക്കുന്നതായി സംഘം കണ്ടെത്തി.
ആരോഗ്യ പ്രവര്‍ത്തകര്‍ ഇത്തരം സ്ഥലങ്ങളില്‍ പരിഹാര നടപടികള്‍ സ്വീകരിക്കുമ്പോഴേക്കും രോഗവാഹകരായ ഇതരസംസ്ഥാന തൊഴിലാളികള്‍ മറ്റൊരിടത്തേക്കു നീങ്ങുന്നതു ഗുരുതരമായ ആരോഗ്യഭീഷണി ഉണ്ടാക്കാനിടയുണ്ടെന്ന് ഡി.എം.ഒ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."