സമാധാനത്തിന് ആഹ്വാനം ചെയ്ത് സര്‍വകക്ഷിയോഗം
കൊല്ലം: കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തിന്റെയും തുടര്‍ന്നുണ്ടായ സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ സമാധാനത്തിന് ആഹ്വാനം. ജില്ലയിലെ ഭദ്രമായ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും സമാധാനാന്തരീക്ഷം സംരക്ഷിക്കുന്നതിനും എല്ലാവിഭാഗങ്ങളുടെയും പിന്തുണ യോഗത്തില്‍ അധ്യക്ഷയായിരുന്ന ജില്ലാ കലക്ടര്‍ മിത്ര റ്റി അഭ്യര്‍ഥിച്ചു.
ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങള്‍ ഒരാളുടെ മരണത്തില്‍ കലാശിച്ച സാഹചര്യം ദൗര്‍ഭാഗ്യകരമെന്ന് യോഗം വിലയിരുത്തി. പ്രാദേശികമായി ഉടലെടുക്കുന്ന പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ നിറം നല്‍കുന്നത് ശരിയല്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.
വ്യക്തിസ്പര്‍ധയെ തുടര്‍ന്നുണ്ടാവുന്ന സംഘര്‍ഷങ്ങള്‍ക്കും ആകസ്മികമായി ഉണ്ടാവുന്ന അക്രമസംഭവങ്ങള്‍ക്കും ഉത്സവപ്പറമ്പുകള്‍ വേദിയാവുന്നത് കണ്ടറിഞ്ഞ് പൊലിസിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു. അക്രമത്തെ അതിശക്തമായി അപലപിക്കുന്നതായി സി.പി.ഐ ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധന്‍ പറഞ്ഞു. സമാധാന ശ്രമത്തിന് മുന്‍കൈയെടുത്ത ജില്ലാ ഭരണകൂടത്തെ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ അഭിനന്ദിച്ചു.
പ്രദേശത്ത് സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന് പൊലിസ് നടപടി ഊര്‍ജിതമാക്കിയതായി റൂറല്‍ എസ്.പി എസ് സുരേന്ദ്രന്‍ അറിയിച്ചു. അക്രമപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. രവീന്ദ്രനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് മറ്റു നാലുപേരെയും അറസ്റ്റു ചെയ്തു. ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളില്‍ പൊതുമുതല്‍ നശീകരണമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന് ഒരു കക്ഷിയും ശ്രമിക്കരുതെന്ന് സര്‍വകക്ഷിയോഗത്തില്‍ പൊതുധാരണയായി. താഴേതട്ടിലുള്ള പ്രവര്‍ത്തകരില്‍ സമാധാന സന്ദേശമെത്തിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൈയെടുക്കും.
സമാധാന ശ്രമങ്ങള്‍ വ്യാപകമാക്കുന്നതിന് കടയ്ക്കലില്‍ എല്ലാ കക്ഷികളുടെയും പ്രാദേശിക നേതൃത്വത്തെ ഉള്‍പ്പെടുത്തി അടിയന്തര യോഗം ചേരുന്നതാണ്. ആരാധനാലയങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് പൊലിസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണ്.
സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, ആര്‍.എസ്.പി, എന്‍.സി.പി, സി.എം.പി, കേരളാ കോണ്‍ഗ്രസ് (എം), ജെ.എസ.് എസ്(എസ്) തുടങ്ങിയവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ബി.ജെ.പി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തില്ല. സിറ്റി പൊലിസ് കമ്മിഷണര്‍ ഡോ. എസ് സതീഷ് ബിനോ, സബ് കലക്ടര്‍ ഡോ. എസ് ചിത്ര, അസിസ്റ്റന്റ് കലക്ടര്‍ ആശാ അജിത്, എ.ഡി.എം ഐ. അബ്ദുല്‍സലാം തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."