പാമ്പുകളും ചില സൂഫികളും
സ: പി. കൃഷ്ണപിള്ളയും വാള്‍ത്തടത്തിങ്ങലെ അയമു മുസ്‌ലിയാരും തമ്മില്‍ എന്താണ്? ആദ്യത്തെ ആളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറ പാകിയ മനുഷ്യരില്‍ ഒരാള്‍. രണ്ടാമത്തെ ആളെ നിങ്ങള്‍ കേട്ടു കാണാന്‍ വഴിയില്ല. അങ്ങനെ എല്ലാരും എല്ലാരേയും കുറിച്ച് ഒക്കെ കേട്ടാല്‍ പിന്നെ പറയാന്‍ എന്തെങ്കിലും ബാക്കി വേണ്ടേ? അല്ലെങ്കില്‍ തന്നെ ഇതിനും മാത്രം കേള്‍ക്കണം അറിയണം എന്നൊക്കെണ്ടോ?
രണ്ടുപേരും തമ്മില്‍ ഒരു ചെറിയ ബന്ധമുണ്ട്. ബന്ധം എന്ന് പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ സാമ്യത എന്ന് ഒരു സൗകര്യത്തിന് തിരുത്തി വായിക്കാം. വേണമെങ്കില്‍ മാത്രം. രണ്ടുപേരും തമ്മില്‍ കണ്ടിട്ടുണ്ടാകാന്‍ വഴിയില്ല.
ചിലപ്പോള്‍ കണ്ടുകാണും. അന്നു ജനിച്ചിട്ട് പോലും ഇല്ലാത്ത ഞാന്‍ എങ്ങനെ പറയാനാണ്. കേട്ട് കേള്‍വികളും കെട്ട് കഥകളും ഊഹാപോഹങ്ങളും ആണ്. അല്ലെങ്കില്‍ തന്നെ ഇപ്പൊ സത്യം പറഞ്ഞിട്ടെന്തിനാ?
1935ല്‍ സ: കെ. ദാമോദരന്‍ പൊന്നാനിയില്‍ ബീഡി തൊഴിലാളി സമരത്തിന് നേതൃത്വം കൊടുക്കുമ്പോള്‍ ഒരുപക്ഷെ സ: കൃഷ്ണപിള്ളയും അവിടെ വന്നിട്ടുണ്ടായേക്കാം. അതുമല്ലെങ്കില്‍ മറ്റൊരു സമയത്ത്. മലബാറിലെ കര്‍ഷകബീഡി തൊഴിലാളി സമരങ്ങള്‍ ഏകോപിപ്പിക്കുന്നതിന് രണ്ടുപേരും ഓടി നടന്നിരുന്ന കാലം. അതേസമയം അയമു മുസ്‌ലിയാര്‍ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലേക്കോ തോട്ടുങ്ങലെ പള്ളിയിലേക്കോ കില്‍ക്ക ജറാത്തിലേക്കോ കെ.വി ഉസ്താദിനെ കാണാനോ ഉമ്പാവയെ കാണാനോ വന്നിരിക്കണം. അതുമല്ലെങ്കില്‍ വെറുതെ കടല് കാണാന്‍. ഒരു ഹാലില്‍ അങ്ങ് നടന്നെത്തി രണ്ട് റക്അത് സുന്നത്തും നിസ്‌കരിച്ച് തിരിച്ചൊരു നടത്തം.
സഖാവിനെ കുറിച്ച് ഞാന്‍ പറയുന്നില്ല. എല്ലാ വര്‍ഷവും ആണ്ട് നേര്‍ച്ചക്ക് മൈക്ക് വച്ചും കഥ-കവിത-ലേഖനാദികള്‍ എഴുതിയും മൂപ്പരുടെ ആരാധകര്‍ പറഞ്ഞത് തന്നെ ധാരാളം വരും.
ഞാന്‍ മുസ്‌ലിയാരെ കുറിച്ച് പറയാം. ശരിക്കും പാമ്പുകളെ കുറിച്ചാണ് പറയാനുള്ളത്. ചില സൂഫികളെ കുറിച്ചും. മുസ്‌ലിയാരും ഒരു സൂഫി ആയിരുന്നു. ആരാണപ്പാ സൂഫി? അല്ലാഹു അഅലം! മനുഷ്യനും മൃഗങ്ങളും മരങ്ങളും ഒക്കെ തമ്മില്‍ ഉള്ള ബന്ധം അങ്ങനെ വേര്‍തിരിച്ചൊക്കെ പറയാന്‍ പറ്റുമോ? ഒക്കെ ഉസ്മാന്‍ കുടുക്ക് പോലെ കുടുങ്ങി കെടക്കുകയല്ലേ, ഇങ്ങനെ. ഒന്നിനെ തൊട്ടാ എല്ലാം മണക്കും. ഒന്ന് മണത്താ എല്ലാം തൊടേണ്ടിയും വരും.
മഹാനായ ശൈഖ് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ മറമാടപ്പെട്ട പുത്തന്‍പള്ളി ജറാത്തിലെ നോക്കി നടത്തിപ്പുകാരില്‍ ഒരാളായിരുന്നു അയമു മുസ്‌ലിയാര്‍. കോഴിക്കോട് ജനിച്ച് പൊന്നാനിയില്‍ ഓതി, നൂണക്കടവിലെ സൈനുദ്ദീന്‍ റംലി അവര്‍കളുടെ ശിഷ്യത്വം സ്വീകരിച്ച് പുത്തന്‍പള്ളിയില്‍ ദര്‍സ് തുടങ്ങി, ഇവിടെ തന്നെ വഫാത്തായി മഹാനവര്‍കള്‍. മഹാനവര്‍കളുടെ ജറാത്തിലേക്ക് വരുന്ന അരിയുടെയും വെളിച്ചെണ്ണയുടെയും കണക്കുകള്‍ നോക്കലായിരുന്നു നമ്മുടെ മുസ്‌ലിയാരുടെ പ്രധാന പണി. കണക്കും കാര്യങ്ങളും പൈസയും ഒക്കെ സമയാസമയം മാരാത്തയിലെ വാപ്പുക്കന്റെ കയ്യില്‍ എത്തിച്ചു. ജാറവും യാസീനും ഹദ്ദാദും പള്ളിയും പള്ളിക്കാടും പ്രാര്‍ഥനകളും ആയി മൂപ്പരെ ലൈഫ് പൊളിയായിരുന്നു.
സഖാവും മുസ്‌ലിയാരും തമ്മില്‍ ബന്ധം ഉണ്ടെന്നു പറഞ്ഞല്ലോ. ഒരു പാമ്പാണ് കാരണം. അല്ല, സത്യത്തില്‍ രണ്ട് പാമ്പ്. കുന്തിച്ചിരുന്ന് ചിന്തിക്കുന്നവര്‍ക്ക് തിരിഞ്ഞ് കാണും. അതേ, രണ്ട് പേരും വഫാത്തായത് പാമ്പ് കടിയേറ്റിട്ടാണ്. 'ഇന്നാ ലില്ലാഹി വ ഇാ ഇലൈഹി റാജിഊന്‍'.
അറബിയില്‍ വഫാത്ത് എന്നാല്‍ മരണം. സഖാവിനെ കടിച്ച പാമ്പ് ഏത നിറയെ ചിതറിത്തെറിച്ച പുട്ട് പൊടി പോലെ നക്ഷത്രങ്ങള്‍. നിലാവെളിച്ചം. മിന്നാമിനുങ്ങുകള്‍. അസ്‌റാഈലിന്റെ വരവ് വരെ കരിഞ്ഞ ഇലകള്‍ അറിയിക്കും. എന്തായാലും അത് സംഭവിച്ചില്ല. നേരം വെളുക്കാന്‍ മൂര്‍ഖന്റെ ചുംബനം അനുവദിച്ചില്ല. ഇരുട്ടത്ത് നരണിപ്പുഴ കടന്നുവന്ന വൈദ്യരും സഹായിയും ഒരു കിഴിയും വാങ്ങി തിരിച്ച് കടവത്തേക്ക് നടന്നു. അയമു മുസ്‌ലിയാര്‍ പള്ളിക്കാട്ടിലേക്കും.
*
ഒരു കഥ പറയാം.
അല്ലാന്റെ റസൂലും സിദ്ദീഖുല്‍ അക്ബറും കൂടി മക്കയില്‍ നിന്നു മദീനയിലേക്കുള്ള യാത്രയിലാണ്. ഖുറൈശികള്‍ റസൂലിന്റെ തല കൊയ്യാന്‍ ഉള്ള പാച്ചിലിലും. സ്വഹാബത്തൊക്കെ പോയിക്കഴിഞ്ഞു.
യാത്രക്കിടയില്‍ സൗര്‍ ഗുഹയില്‍ അവര്‍ അഭയം തേടി. ചിലന്തികള്‍ ഗുഹാമുഖം വലകെട്ടി. അമ്പല പ്രാവുകള്‍ പുറത്ത് കാവല്‍ ഇരുന്നു. ഗുഹയില്‍ ആണെങ്കില്‍ നിറയെ പൊത്തുകളും. തന്റെ കൂട്ടുകാരന്റെ മടിയില്‍ തലവച്ച് റസൂല് തളര്‍ന്ന് ഉറങ്ങിപ്പോയി. സിദ്ദീഖുല്‍ അക്ബര്‍ ആ പൊത്തുകള്‍ ഒക്കെ തന്റെ കാല് കൊണ്ടും കൈകള്‍ കൊണ്ടും അമര്‍ത്തി അടച്ചു. പാമ്പുകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ കൊത്തി. വേദനകൊണ്ട് പുളഞ്ഞെങ്കിലും, റസൂലിനെ ശല്യപ്പെടുത്തേണ്ടെന്ന് കരുതി അനങ്ങിയില്ല. അവസാനം വേദന കൊണ്ട് കൂട്ടുകാരന്റെ കണ്ണുനീര്‍ മുഖത്ത് വീണ് നബി തങ്ങള്‍ ഉണര്‍ന്നു. കഥ ഇങ്ങനെ പോകുന്നു.
ഈ കഥയില്‍ പാമ്പുകള്‍ വില്ലന്മാരാണ്. ഇസ്‌ലാമിന്റെ ആദ്യ ഖലീഫയെ വേദനിപ്പിച്ചവര്‍. റസൂലിനെ കണ്ണുനീര്‍ കൊണ്ട് ഉണര്‍ത്തിയവര്‍. പക്ഷെ എന്തിനാകും അവര്‍ അങ്ങനെ ചെയ്തത്. ഒരു സംശയവും വേണ്ട. തങ്ങളുടെ വീട്ടിലേക്ക് വന്ന് അല്ലാഹുവിന്റെ പ്രവാചകനെ ഒരു നോക്ക് കാണാന്‍. പടച്ചവന്റെ പൂന്തോട്ടത്തിലെ ഏറ്റവും സുന്ദരമായ പൂവിന്റെ സുഗന്ധത്തില്‍ സ്വയം മറക്കാന്‍.
*
അയല്‍വാസിയായ പാട്ടുകാരനോടുള്ള ആരാധനയിലാണ് ഇര്‍ഷാദ് അഹമ്മദ് ബാസുരി പഠിക്കാന്‍ ഒരുങ്ങുന്നത്. അയാളുടെ സംഗീതം കേള്‍ക്കാന്‍ നാട്ടുകാര്‍ ഒക്കെ ഒരുമിച്ച് കൂടുമായിരുന്നു. പക്ഷെ ഇര്‍ഷാദിനെ അയാള്‍ പഠിപ്പിച്ചില്ല. വാശിയില്‍ അദ്ദേഹം സ്വയം പഠിച്ചു. പകലും രാത്രിയും ഇല്ലാതെ പിന്നെ ഇര്‍ഷാദ് അഹമ്മദിന്റെ ജീവിതം ബാസുരിയില്‍ മുഴുകി. ഒരു ദിവസം പുല്ലാങ്കുഴല്‍ വായന കഴിഞ്ഞ് കണ്ണ് തുറപ്പോള്‍ മുന്നിലൊരു നാഗം. ബഷീറിന്റെ കഥകളിലെ പാവം നീര്‍ നാഗമൊന്നും അല്ല. സാക്ഷാല്‍, സഖാവ് മൂര്‍ക്കന്‍. ആളിങ്ങനെ പാട്ടില്‍ മുഴുകി ആടിക്കൊണ്ടിരിക്കയാണ്. ഇര്‍ഷാദ് അഹമ്മദ് പാട്ടു നിര്‍ത്തി, സഖാവ് മൂര്‍ക്കന്‍ മൂപ്പരെ പാട് നോക്കിപ്പോയി. പിന്നെ ഓരോ തവണ ബാസുരി വായിക്കുമ്പോഴും എവിടെ നിന്നെന്നില്ലാതെ സഖാവ് ഹാജരായി. ഇര്‍ഷാദ് അഹമ്മദിനും അത് ശീലമായി. എന്നും കേള്‍ക്കാന്‍ സംഗീതപ്രിയനായ ഒരു ആരാധകന്‍. സന്തോഷം.
പക്ഷെ, അതേ സന്തോഷം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും തോന്നില്ലല്ലോ. ഇര്‍ഷാദ് അഹമ്മദ് ബാസുരി വായിച്ച് പാമ്പിനെ വരുത്തുന്നതായി നാട്ടിലെ പ്രധാന പ്രശ്‌നം. മനുഷ്യരുടെ ആവലാതി കാരണം അദ്ദേഹം ബാസുരി വായന കുറച്ച് അകലെ ഉള്ള മാമന്റെ കടയിലേക്ക് മാറ്റി. പാമ്പും വരില്ല. പക്ഷെ വായന തുടങ്ങിയതും ആള് ഹാജരായി. ഞാനിവടെ ഉണ്ടേ എന്ന മട്ടില്‍. അനുസരണയുള്ള കുട്ടിയായി ഏറ്റവും കുറഞ്ഞ സ്ഥലത്ത് ഇരുന്ന് തലയാട്ടാന്‍ തുടങ്ങി. അങ്ങനെ കടയില്‍ ആരും സാധനം വാങ്ങാന്‍ വരാതായി. കച്ചവടം ഏകദേശം കയ്യില്‍ നിന്ന് പോകും എന്നു മനസിലാക്കിയ മാമന്‍ ഇര്‍ഷാദിനോട് ബാസുരി വായന നിര്‍ത്താന്‍ പറഞ്ഞു. 'വായന നിറുത്തില്ല, വേണെങ്കില്‍ ഞാന്‍ പോയിത്തരാം' എന്നായി മൂപ്പര്‍. പിന്നെ യമുനാ നദീ തീരത്തായി വായന. കാലത്ത് പാലത്തിന്റെ പണിക്ക് പോകും. വൈകുന്നേരം ബാസുരി വായന.
ആരാധകന്‍ കൂട്ടുകാരുമൊത്ത് വന്നു. അതൊരു വല്ലാത്ത കാഴ്ച തന്നെ. അസ്തമയ സൂര്യന് താഴെ യമുനാ നദീ തീരത്തിരുന്ന് ബാസുരി വായിക്കുന്ന യുവാവ്. മുന്നില്‍ ആയിരക്കണക്കിന് ആരാധകര്‍. പാമ്പുകള്‍. ഒരേ താളത്തില്‍ തലയാട്ടി കൊണ്ട്.
നാട്ടിലെ പാമ്പുകള്‍ ഒക്കെ പാട്ടില്‍ മുഴുകിയതോടെ മൊത്തം ഇക്കോ സിസ്റ്റം അവതാളത്തിലായി. എലികളും തവളകളും ഒക്കെ നാട്ടില്‍ ഇറങ്ങി വിലസി. ആകെ മൊത്തം കേഓസ്. ഇര്‍ഷാദ് അഹമ്മദ് അന്ന് പാട്ട് നിര്‍ത്തി. പാമ്പുകള്‍ തങ്ങളുടെ മൂടുംതട്ടി പാടുനോക്കി നാലുപാടേക്കും യാത്രയായി.
വര്‍ഷങ്ങള്‍ കഴിഞ്ഞു. യമുനയുടെ തീരത്തെ പാമ്പുകളൊക്കെ എങ്ങോട്ടാ പോയി. ഇപ്പൊ അധികമാരും അവരെ കാണാറില്ല. ഇര്‍ഷാദ് അഹമ്മദിന് വയസായി. കാഴ്ചയും മങ്ങിത്തുടങ്ങി. അധികവും വീട്ടില്‍ ഇരിപ്പാണ്.
എവിടെ നിന്നോ രണ്ട് പാമ്പുകള്‍ വന്നു. ഒരു പഴയ ബാസുരിയും കൊണ്ട്. 'നിങ്ങള്‍ വന്നത് നന്നായി ഞാനതൊക്കെ മറന്നു പോയിരുന്നു'. ഇര്‍ഷാദ് അഹമ്മദ് വീണ്ടും ബാസുരി വായിച്ചു. പടച്ചവന്റെ അനന്തകോടി പടപ്പുകള്‍ക്കായി. ആ പാമ്പുകളും അതുകേട്ടു.
*
മാരാത്തയിലെ പഴയ വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് പാതി മൂടിയ ഒരു കുളം ഉണ്ടായിരുന്നു. അതിന്റെ കരയില്‍ വലിയ ഒരു കൂട്ടം സുഗന്ധരാജ യുടെ ചെടികളും. ചെറുപ്പത്തില്‍ അങ്ങോട്ടു പോകാന്‍ ആരും സമ്മതിക്കില്ല. സുഗന്ധരാജയുടെ മത്ത് പിടിപ്പിക്കുന്ന ഗന്ധം മനുഷ്യരെക്കാള്‍ ആസ്വദിച്ചിരുന്നത് അന്നാട്ടിലെ പാമ്പുകളായിരുന്നു. വിശിഷ്യാ സഖാവ് മൂര്‍ക്കന്മാര്‍. അവര്‍ പൂവിന്റെ ലഹരില്‍ പരസ്പരം മറന്ന് പ്രണയിച്ച് പോന്നു. അല്ലാഹുവിന്റെ ഔലിയാക്കളും അതുപോലെ തന്നെ. ഇശ്ഖിന്റെ ലഹരി കൊണ്ടവര്‍ നമ്മളെ മത്ത് പിടിപ്പിക്കും. എല്ലാം മറന്ന് പടച്ചവന്റെ അനന്തമായ സ്‌നേഹത്തിലേക്ക് ലയിക്കാന്‍. പാമ്പുകളാണ് നമ്മളൊക്കെ. സഖാവ് മൂര്‍ക്കന്മാര്‍.
ഭക്തിയാര്‍ കാക്കിന്റെ ദര്‍ഗയുടെ ചുമരില്‍
ചാരി ഇരിക്കുമ്പോള്‍ ഒരു ഖവാലി പാടിയ പോലെ
'പടച്ചവന്റെ പൂന്തോട്ടത്തിലെ മധുര സുന്ദരമായ പൂക്കളാകുന്നു അവര്‍'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."