സീറ്റ് ആവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ കുടുംബവും മന്ത്രിപദവിയും കുട്ടനാട് സീറ്റും എന്‍.സി.പിക്ക് വെല്ലുവിളി
തിരുവനന്തപുരം: തോമസ് ചാണ്ടി എം.എല്‍.എയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന കുട്ടനാട് സീറ്റിനുവേണ്ടി അവകാശവാദമുന്നയിച്ച് തോമസ് ചാണ്ടിയുടെ ഭാര്യ മേഴ്‌സി ചാണ്ടിയും രംഗത്തുവന്നതോടെ എന്‍.സി.പിക്ക് ഇരട്ട വെല്ലുവിളി. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസിനുവേണ്ടി കുടുംബത്തില്‍നിന്ന് ഒരാളെ പരിഗണിക്കണമെന്ന അഭ്യര്‍ഥനയുമായി മേഴ്‌സി ചാണ്ടി എന്‍.സി.പി ദേശീയ പ്രസിഡന്റ് ശരത് പവാറിനും സി.പി.എം നേതൃത്വത്തിനും കത്ത് നല്‍കിയതോടെയാണ് കുട്ടനാട് സീറ്റ് എന്‍.സി.പിക്കും കല്ലുകടിയായി മാറിയിരിക്കുന്നത്.
സി.പി.എം സീറ്റ് തിരിച്ചെടുക്കുമോയെന്ന ആശങ്ക നിലനില്‍ക്കെയാണ് കുട്ടനാട് സീറ്റിലേക്ക് മത്സരമോഹവുമായി നേതാക്കള്‍ എത്തുന്നത്. തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവുവന്ന സംസ്ഥാന പ്രസിഡന്റ് പദവിയുടെ കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ദേശീയ പ്രസിഡന്റ് കേരള നേതാക്കളുടെ യോഗം 16ന് മുംബൈയില്‍ വിളിച്ചിരിക്കുകയാണ്. ദേശീയ നിര്‍വാഹക സമിതി അംഗങ്ങളെയും ഭാരവാഹികളെയുമാണ് മുംബൈയിലെ യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി 14ന് എറണാകുളത്ത് എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതി യോഗം ചേരും.
നിലവില്‍ സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ദേശീയ ജന. സെക്രട്ടറി ടി.പി പീതാംബരന്‍ മാസ്റ്റര്‍ തല്‍ക്കാലം തുടരുകയും കുട്ടനാട് ഉപതെരഞ്ഞെടുപ്പിനുശേഷം പുനഃസംഘന നടത്തുകയും ചെയ്യാമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. എന്നാല്‍ കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന പ്രസിഡന്റ് വേണമെന്ന് വാദിക്കുന്നവരും പാര്‍ട്ടിക്കുള്ളിലുണ്ട്. പീതാംബരന്‍ മാസ്റ്ററുടെ ആരോഗ്യപരമായ കാരണങ്ങള്‍ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് തടസമാണെന്ന വാദമാണ് ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നത്.
മന്ത്രി എ.കെ ശശീന്ദ്രനെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാക്കിക്കൊണ്ട് പാലായില്‍ മികച്ച വിജയം നേടിയ മാണി സി. കാപ്പനെ മന്ത്രിയാക്കണമെന്ന ആശയവും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്. മന്ത്രിയാകണമെന്ന മാണി സി. കാപ്പന്റെ ആഗ്രഹത്തിന് സി.പി.എമ്മിന്റെയും എന്‍.സി.പി ദേശീയ നേതൃത്വത്തിന്റെയും പിന്തുണ ലഭിക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാല്‍ ഒരിക്കല്‍ രാജിവയ്‌ക്കേണ്ടിവന്ന മന്ത്രി പദവി വീണ്ടും ഉപേക്ഷിക്കാന്‍ ശശീന്ദ്രനും താല്‍പര്യമില്ല. ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ മാണി സി. കാപ്പന്‍ പ്രസിഡന്റാകട്ടെയെന്നാണ് വാദിക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് പദവിയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെയാണ് തോമസ് ചാണ്ടിയുടെ ഭാര്യ കുട്ടനാട് സീറ്റിന് അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. തോമസ് കെ. തോമസിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടിക്കുള്ളിലും സി.പി.എമ്മിനുള്ളിലും ആളുണ്ടെന്നതാണ് അനുകൂല ഘടകം. 2000 മുതല്‍ കുട്ടനാട് സീറ്റ് തുടര്‍ച്ചയായി നിലനിര്‍ത്തിപ്പോന്നിരുന്ന തോമസ്ചാണ്ടി 2016ല്‍ കേരള കോണ്‍ഗ്രസിലെ അഡ്വ.ജേക്കബ് എബ്രഹാമിനെ 4,891 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയായി സുഭാഷ് വാസു മുപ്പതിനായിരത്തിലധികം വോട്ടുകള്‍ കരസ്ഥാക്കിയപ്പോള്‍ ഇടതുമുന്നണിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത് തോമസ് ചാണ്ടിയുടെ വ്യക്തിപ്രഭാവമായിരുന്നു. നേരത്തെ തന്നെ സി.പി.എം ജില്ലാ ഘടകം കുട്ടനാട് സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിച്ചിട്ടുള്ളതാണ്. അപ്പോഴെല്ലാം തോമസ് ചാണ്ടിക്കുവേണ്ടി സംസ്ഥാന ഘടകത്തിന്റെ ഇടപെടല്‍ രക്ഷയാകുകയായിരുന്നു.
13 പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കുട്ടനാട് മണ്ഡലത്തില്‍ ഏഴ് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിനാണ് ഭരണം. ഒരു പഞ്ചായത്തില്‍ എല്‍.ഡി.എഫ് പിന്തുണയോടെ യു.ഡി.എഫ് വിമതനാണ് പ്രസിഡന്റ്. സി.പി.എമ്മിന്റെ മേല്‍ക്കോയ്മയാണ് സീറ്റ് തിരികെ എടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇതാണ് തര്‍ക്കം തുടര്‍ന്നാല്‍ എന്‍.സി.പിക്ക് ആശങ്ക സൃഷ്ടിക്കുന്നതും വെല്ലുവിളിയാകുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."