HOME
DETAILS

ഒച്ചയിടുന്ന അക്ഷരങ്ങള്‍

  
backup
January 12 2020 | 04:01 AM

%e0%b4%92%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%bf%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

 

മലയാള കവിത പരാവര്‍ത്തനക്ഷമമല്ലാതായിട്ട് കാലമേറെയായി. കവിതയുടെ ഘടന നിര്‍ണയിക്കുന്നത് വാക്കുകളല്ല, ബിംബങ്ങളാണ് എന്നു വന്നതോടെയാണ് അതങ്ങനെയായത്. ഭാവത്തിന്റെ ഖനീഭവിച്ച രൂപമാണ് ബിംബമെന്നു പറഞ്ഞാലും അതൊരലങ്കാരമല്ല, ഫലപ്രദമായ സംവേദനോപകരണമാണ് എന്നു വാദിച്ചാലും അത് നല്‍കുന്ന അനുഭവത്തിന് നിയതത്വമുണ്ടാവില്ല. ബിംബങ്ങളുടെ ബഹ്വര്‍ഥ സാധ്യതകള്‍ ഈ ലാവണ്യാത്മകമായ അവ്യക്തതയില്‍ നിന്നാണ് രൂപംകൊള്ളുന്നത്. സമകാല കവിത പൊതുവേ ഉദാഹരിക്കുന്നതും അതുതന്നെ. കെ.വി സക്കീര്‍ ഹുസൈന്റെ കവിതകളെക്കുറിച്ച് പറയുമ്പോഴും ഈ സത്യം അവശ്യമോര്‍ക്കണം. ഈ കവിതകള്‍ നമ്മുടെ സഹൃദയത്വത്തെ ഉണര്‍ത്തുകയും അസ്വാസ്ഥ്യം കൊള്ളിക്കുകയും ചെയ്യുന്നു. പക്ഷെ ആ കവിത പറയുന്നതെന്താണെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ നമുക്കാവുന്നില്ല. അനുഭവത്തിന്റെ ഈ അനിശ്ചിതത്വമാണ് ആ കവിതകള്‍ നന്നേ നേര്‍മയുള്ള ഭാവമാണാവിഷ്‌കരിക്കുതെന്നും സ്പര്‍ശിക്കാനാവാത്ത വിധം നനുത്തതാണെന്നും ഒക്കെപ്പറയാനിടവരുത്തുന്നത്.


നന്നേ നേര്‍ത്ത ഭാവങ്ങളാവിഷ്‌കരിക്കുമ്പോഴും അതീവ ഗഹനമായ ഭാവങ്ങളാവിഷ്‌കരിക്കുമ്പോഴും കവി നേരിടുന്ന വെല്ലുവിളി ഒരര്‍ഥത്തില്‍ സമാനമാണ്. ഉപയോഗിക്കുന്ന മാധ്യമത്തിന്റെ പരിമിതിയാണത്. വാക്കുകളുടെ, ബിംബങ്ങളുടെ സ്പര്‍ശമേല്‍ക്കുമ്പോള്‍ അന്തര്‍ഭാവം ഭാഷ്പീകരിച്ചു പോകുമോ എന്ന ഭയമാണൊന്ന്. ഇത്ര ഗഹനമായ ഭാവം ധ്വനിപ്പിക്കാന്‍ ഭാഷക്ക് സാമര്‍ഥ്യമുണ്ടോ എന്ന ശങ്കയാണ് മറ്റൊന്ന്. രണ്ടു തരം വെല്ലുവിളികളേയും നേരിടാന്‍ കവിക്ക് ഭാഷക്കുള്ളില്‍ മറ്റൊരു ഭാഷ സൃഷ്ടിക്കേണ്ടി വരുന്നു. ഭാഷയുടെ സാമാന്യഘടനയെ ഒട്ടൊന്നു വളച്ചൊടിച്ചോ അതിനു പരുക്കേല്‍പിച്ചോ ആണ് ഈ പുതിയ ഭാഷ പണിയേണ്ടി വരിക. ബഷീറിനോട് ചോദിച്ച പോലെ ഇതിലെ കര്‍ത്താവെവിടെ, കര്‍മ്മമെവിടെയെന്നൊക്കെ ചോദിക്കാന്‍ അനുവാചകര്‍ നിര്‍ബന്ധിതമാകുന്നതപ്പോഴാണ്.
പദനിബന്ധനയെക്കുറിച്ചു പറയുമ്പോള്‍ വൈയാകരണമ്മാര്‍ പറയുന്ന 'ആകാംക്ഷ'യുടെ തത്വങ്ങളെ ചിലപ്പോഴെങ്കിലും സക്കീര്‍ ഹുസൈന്‍ ലംഘിക്കുന്നു. ചില കവിതകളെ യുക്തിപൂര്‍വം അന്വയിക്കാന്‍ സാധിക്കാതെ പോകുന്നു. ചില കവിതകളില്‍ ഏതോ ചില വാക്കുകളുടെ അഭാവം തോന്നുന്നു. ഇതൊക്കെ കാവ്യരചനയെ ലാഘവത്തോടെ കാണുന്നത് കൊണ്ട് സംഭവിക്കുന്നതല്ല. മാധ്യമവും അന്തര്‍ഭാവവും തമ്മിലുണ്ടാവുന്ന സംഘര്‍ഷത്തിന്റെ ഫലമാണ്. അന്തര്‍ഭാവത്തിന്റെ സമഗ്രാഭിവ്യക്തിയ്ക്കു വേണ്ടി കവി അനുഭവിക്കുന്ന സംഘര്‍ഷത്തിന്റെ അടയാളങ്ങളാണ്.

ഒച്ചയില്ലാത്ത സനാപ്പുകളിലെ' കവിതകള്‍ക്ക് പ്രമേയപരമായ വൈവിധ്യമുണ്ട്. പ്രണയവും രാഷ്ട്രീയവും വിപ്ലവ ബോധവും ആത്മീയാന്വേഷണവും ആത്മവിമര്‍ശനവും മനുഷ്യസത്തയുടെ വൈലക്ഷണ്യങ്ങളെക്കുറിച്ചുള്ള ആകുലതകളുമെല്ലാം അവിടെ കടന്നുവരുന്നു. വിപ്ലവം ധ്വനിപ്പിക്കുമ്പോള്‍ കവിയുടെ ശബ്ദം ഉച്ചമാകുന്നില്ല. അനുരാഗമാവിഷ്‌കരിക്കുമ്പോള്‍ അതിഭാവുകത്വത്തെ സ്പര്‍ശിക്കുന്നുമില്ല. മനുഷ്യ സ്വഭാവനിഷ്ഠമായ വൈലക്ഷണ്യങ്ങളെ അനാവരണം ചെയ്യുമ്പോള്‍ അസഹിഷ്ണുത പ്രകടമാക്കുന്നുമില്ല. എന്തോ ഒരു തരം നിര്‍മയത്വം കലര്‍ന്ന സ്വാഛന്ദ്യം ഇവിടെയൊക്കെ അനുഭവപ്പെടുന്നു.


'സ്വാതന്ത്ര്യത്തെപ്പറ്റി ചില വിചാരങ്ങ'ളെന്ന കവിതയില്‍ വീര്‍പ്പുമുട്ടുന്ന ഒരു മനസിന്റെ പിടച്ചില്‍ അനുഭവപ്പെടുന്നുണ്ട്. എല്ലാതരം സ്വാതന്ത്ര്യങ്ങളും ചങ്ങലക്കിടപ്പെടുന്ന സന്ദര്‍ഭങ്ങളിലനുഭവപ്പെടുന്ന തിക്കുമുട്ടലാണത്. കവിതയവസാനിക്കുന്നത് ഒരു സ്‌ഫോടനത്തിലല്ല. അലോസരപ്പെടുത്തുന്ന ചോദ്യത്തിലാണ്.


'അടുത്ത വാക്കേതെന്നു ചോദിച്ച്തോക്കേന്തി
വരുന്ന
യന്ത്രമേ...
കെടുത്താനാവുമോ ഒറ്റത്തിരിയാല്‍ കത്തുന്ന പ്രജ്ഞയെ'


വാര്‍ത്തകള്‍ എന്ന കവിതയില്‍ സൈ്വര്യം കെടുത്തുന്ന വാര്‍ത്തകളുടെ സൂചനയുണ്ട്. എങ്കിലും അതിലെ പ്രധാന കഥാപാത്രങ്ങള്‍ ഉറുമ്പുകളാണ്. 'ഈ വലിയ ലോകത്ത് മറ്റെന്തൊക്കെയോ ചെയ്ത് തീര്‍ക്കാനുണ്ടെന്ന' ഉത്സാഹത്തോടെ ഓടി നടക്കുന്ന ഉറുമ്പുകള്‍.
കവിത അവസാനിക്കുമ്പോള്‍ അവ അരിച്ചരിച്ച് നടക്കുന്ന അക്ഷരങ്ങളാവുകയും ചെയ്യുന്നു.


കവിതയുടെ ആവിഷ്‌കാര രീതി കൂടുതല്‍ പരോക്ഷമാവുകയും കവിത കടങ്കഥയാവുകയും ചെയ്യുന്നത് നാമിവിടെ കാണുന്നു. 'കുളം വറ്റിക്കല്‍' പറയുന്നത് മത്സ്യങ്ങളുടെ ആകുലതകളാണെങ്കിലും മൃത്യുന്മുഖമായി പ്രയാണം ചെയ്യുന്ന ജീവിതത്തിന്റെ അങ്കലാപ്പുകളാണത് ധ്വനിപ്പിക്കുന്നത്. 'സുധീഷ്' നീ പോയപ്പോളെന്ന കവിതയുടെ ഭാവതലം അത്ര സ്ങ്കീര്‍ണ്ണമല്ല. ഹൃദ്യവും സുദൃഢവുമായ മനുഷ്യബന്ധം സൃഷ്ടിക്കുന്ന പാവനമായ ഓര്‍മയാണതനുഭവപ്പെടുത്തുന്നത്. സമകാല ജീവിതത്തില്‍ അപരിഹാര്യമായിത്തീര്‍ന്നിട്ടുള്ള ഐറണികളാണ് 'രോഗത്തിലല്ല' 'ചന്ത'യിലും വെളിപ്പെടുത്തുന്നത്.


'ഇന്ന്
വൈദ്യനെ സൂക്ഷിച്ചു
നോക്കി.
ഇനി
തമ്മില്‍ കാണുമോയെന്നൊരു
വല്ലാത്ത ശങ്കയില്‍'


എന്ന് രോഗമെന്ന കവിത അവസാനിക്കുമ്പോള്‍ അഭൗതികമായ ഒരര്‍ഥഛായ കൂടി കൈവരുന്നു.


'ചന്ത' വളരേ പച്ചയായിപ്പറഞ്ഞാല്‍ കല്യാണച്ചന്ത തന്നെ. വിവാഹം നെറിയില്ലാത്ത കച്ചവടമായിത്തീരുന്ന അവസ്ഥ. അതില്‍ പെട്ട് തെറിച്ചു പോകുന്ന ജീവിതങ്ങള്‍!
'മറന്നത്', 'അനുരാഗം', വിരുന്നുകാരന്‍, പ്രണയ ശകലങ്ങള്‍, ഉപമയുടെ അലങ്കാരം, നെല്‍പാടം, എന്നീ കവിതകള്‍ ഒരേ ജനുസില്‍പ്പെട്ടവയാണ്.
അവയ്‌ക്കൊക്കെ അനുരാഗവുമായി ബന്ധമുണ്ട്. അവയുടെ മേല്‍ അനുരാഗത്തിന്റെ ലേബലൊട്ടിച്ച് മാറ്റിവായ്ക്കാനാവില്ലെന്നതു കൊണ്ടാണ് 'അനുരാഗവുമായി ബന്ധമുണ്ട്' എന്നു പറഞ്ഞത്. അനുരാഗത്തിന്റെ തിളയ്ക്കലും വിതുമ്പലുമൊന്നും അവ അനുഭവപ്പെടുത്തുന്നില്ല. മിസ്റ്റില്‍ കവിതയും പ്രണയ കവിതയും തമ്മില്‍ എപ്പോഴുമൊരതിര്‍ത്തി തര്‍ക്കമുണ്ടാവും. ടാഗോറിന്റെയും ഖലീല്‍ ജിബ്രാന്റെയും കവിതകളില്‍ നാമിതു പരിചയിച്ചതാണ്. അനുരാഗത്തിന്റെ കണ്ണടയിലൂടെ നോക്കുമ്പോള്‍ എന്തൊക്കെയോ ബാക്കിയാകുന്നു. യോഗാത്മകതയുടെ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ഭൗമികമായ ഭാവഛായ നമ്മെ വിസ്മയിപ്പിക്കുന്നു. അവതാരികാകാരന്‍ ഈ കവിതകളെയാകെ സൂഫിസത്തിന്റെ ചിമിഴിലൊതുക്കാന്‍ പ്രേരിതനായത് ഈ സന്നിഗ്ധത കൊണ്ടാവാം. തീര്‍ച്ചയായും യോഗാത്മഗതയുടെ ഒരു തലം ഈ കവിതകളിലുണ്ട്.
രണ്ട് രാഷ്ട്രീയ കവിതകള്‍ കൂടി പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്. 'രാജ്യദ്രോഹി'യും 'അത്താഴ'വും. പ്രവചനപരമായ ഉള്‍ക്കാഴ്ചകളാണ് രാജ്യദ്രോഹിയെ ശ്രദ്ധേയമാക്കുന്നത്. ഭൂതകാല രക്തസാക്ഷിത്വത്തിന്റെ ഉജ്ജീവനമാണ് അത്താഴം ധ്വനിപ്പിക്കുന്നത്.


നന്നേ ചെറിയ കവിതകളാണിതൊക്കെ. പദങ്ങളുടെ വിന്യാസക്രമം കൊണ്ടാണ് എട്ടോ പത്തോ വരികളുണ്ടെന്ന തോന്നലുളവാക്കുന്നത്. അനുഭവത്തിന്റെ ഒരു തീപ്പൊരി മനസില്‍ പാറിവീണാലതിന്റെ മേല്‍ അടയിരുന്ന് ധ്യാനാത്മക ചിന്തകൊണ്ട് പരമാവധി ഉജ്ജ്വലിപ്പിക്കുകയാണ് വൈലോപ്പിള്ളിയുടെ തലമുറയിലെ കവികള്‍ ചെയ്തത്. മനസില്‍ വീണ തീപ്പൊരിയെ അതേ രൂപത്തില്‍ പകര്‍ന്ന് തരികയാണ് പുതിയ കവികള്‍! കവിത ഹ്രസ്വമാകാന്‍ കാരണമതാണെന്നു തോന്നുന്നു. രമ്യോപന്യാസം അനുഭവക്കുറിപ്പാവുകയും ചെറുകഥ 'പാറക്കടവന്‍ രചനകളാ'വുകയും ചെയ്തത് അങ്ങനെയാണെന്ന് കരുതാനാണ് ന്യായം. കുഞ്ഞുണ്ണിക്കവിതകളെക്കുറിച്ചും ഇതുതന്നെ പറയാം. ധ്യാനത്തിന്റേയും ഉജ്ജ്വലനത്തിന്റെയും ദൗത്യം അവര്‍ അനുവാചകരെ ഏല്‍പിച്ചിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago