കനത്ത ചൂടില്‍ മിഠായിത്തെരുവിലെ വ്യാപാരം വിയര്‍ക്കുന്നു
കോഴിക്കോട്: അടുത്തകാലത്തൊന്നുമില്ലാത്ത തരത്തില്‍ ചൂട് കനത്തതോടെ നഗരത്തിലെ കച്ചവടകേന്ദ്രങ്ങളും വിയര്‍ത്തു തുടങ്ങി.
കോഴിക്കോട്ടെത്തുന്നവരെല്ലാം സന്ദര്‍ശിക്കുന്ന സ്ഥലമാണ് മിഠായിത്തെരുവ്. അവധിദിനമായ ഞായറാഴ്ചയാണ് തെരുവിലെ പ്രധാന കച്ചവടം.
തെരുവിന്റെ പല ഭാഗങ്ങളിലും പച്ചത്തണല്‍ നെറ്റുകള്‍ റോഡിനുകുറുകെ വലിച്ചു കെട്ടിയിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിന്റെ ചില ഭാഗങ്ങളിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ പൊലിസ് എല്ലാം അഴിപ്പിച്ചു. ഇതോടെ തെരുവുമുഴുവന്‍ വെയിലത്തായി.
രാവിലെ തന്നെ കനത്ത ചൂട് തുടങ്ങുന്ന ഇവിടെ വൈകിട്ട് മാത്രമാണ് അല്‍പം ശമനമുണ്ടാകാറുള്ളത്.
ചൂട് കൂടിയതോടെ ആളുകളുടെ വരവും കുറഞ്ഞിട്ടുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.
പൊലിസുകാരുടെ പരിശോധനകള്‍ക്കിടെ ഒളിഞ്ഞും തെളിഞ്ഞും കച്ചവടം നടത്തുന്ന തെരുവു കച്ചവടക്കാര്‍ തുണിക്കുടകളും മറ്റും ഉയര്‍ത്തി ചില ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും വെയിലു കൂടുന്നതോടെ കാര്യങ്ങള്‍ പ്രയാസകരമാവുമെന്ന ആശങ്കയിലാണ്.
കോഴിക്കോടിന്റെ പ്രതാപമായി അറിയപ്പെടുന്ന മിഠായിത്തെരുവ് നവീകരിക്കാനും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനുള്ള പൈതൃകപദ്ധതി ചിലരുടെ എതിര്‍പ്പുകളെ തുടര്‍ന്ന് ഇപ്പോഴും കടലാസിലൊതുങ്ങിയിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."