ഹര്‍ത്താല്‍: തേഞ്ഞിപ്പലത്ത് അക്രമികള്‍ക്കെതിരേ ചുമത്തിയത് നിസാര കേസ്
അറസ്റ്റ് ചെയ്തത് ഒന്‍പത് പേരെ; പിടിയിലായവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു
പള്ളിക്കല്‍: ശബരിമല കര്‍മസമിതിയുടെ ആഹ്വാന പ്രകാരം കഴിഞ്ഞദിവസം നടന്ന ഹര്‍ത്താലിന്റെ മറവില്‍ തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ അക്രമികള്‍ അഴിഞ്ഞാടിയിട്ടും കര്‍ശനനടപടിയെടുക്കാതെ പൊലിസ്.
അക്രമികളുടെ പേരില്‍ നിസാര കേസെടുത്ത് സ്റ്റേഷനില്‍നിന്നുതന്നെ ജാമ്യം നല്‍കിയതില്‍ പ്രതിഷേധമുയരുന്നു.
ഒന്‍പത് പേര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തത്. തേഞ്ഞിപ്പലം വലിയപറമ്പ് സുരേഷ് ബാബു (42), കടക്കാട്ടു പാറ വടക്കേ പുരക്കല്‍ ബൈജു, ബാക്കയില്‍ വീട്ടില്‍ ബരിക്കല്ലന്‍ കണ്ടി ഗോകുല്‍ ദാസ്, നീരോല്‍പാലം തേവര്‍ കണ്ടത്തില്‍ വിഷ്ണു (25), ചെനക്കല്‍ സ്വദേശികളായ സനല്‍ കുമാര്‍ (37), അക്ഷയ് കൃഷ്ണ (27), അഷന്ത് (22), സുബില്‍ (31), പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി രാജേഷ് (34) എന്നിവര്‍ക്കെതിരേ കേസെടുത്ത പൊലിസ് ഇവരെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
തേഞ്ഞിപ്പലം ആലുങ്ങലില്‍ പൊലിസിന്റെ നിര്‍ദേശം ലംഘിച്ച് പ്രകടനം നടത്തി റോഡില്‍ മര്‍ഗതടസം ഉണ്ടാക്കിയതിനും കടകള്‍ അക്രമിച്ചതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.
എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പുണ്ടായ ഹര്‍ത്താലില്‍ റോഡില്‍ പ്രകടനം നടത്തിയെന്ന പേരില്‍ നിരപരാധികളെ പോലും വേട്ടയാടി ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കുകയും ജയിലില്‍ അടപ്പിക്കുകയും ചെയ്ത പൊലിസ് കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിലെ അക്രമകാരികളെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നെന്നാണ് ആക്ഷേപം.
സംഘടിച്ചെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ ഭീഷണി മുഴക്കി നിരവധി വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുകയും ദേശീയപാതയിലുള്‍പ്പെടെ വാഹനങ്ങള്‍ തടഞ്ഞിടുകയും ദേശീയപാതയിലുടനീളം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച പൊലിസ് നോക്കുക്കുത്തിയാകുകയായിരുന്നുവെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്. പലയിടത്തകും തുറന്ന് പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കിയത് അതത് പ്രദേശത്തെ നാട്ടുകാരായിരുന്നു. അക്രമ സാധ്യതയുള്ളതായി വിവരം ലഭിച്ചിടത്ത് പോലും ആവശ്യ സമയത്ത് പൊലിസ് എത്തിയില്ലെന്ന ആരോപണവും പൊലിസിനെതിരേ ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."