സുപ്രിംകോടതി വിധി നടപ്പായി, മരട് ഫ്‌ളാറ്റുകള്‍ മണ്ണടിഞ്ഞു; സര്‍ക്കാര്‍ നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
കൊച്ചി: മരട് നഗരസഭയില്‍ തീരദേശ മേഖലാ ചട്ടം ലംഘിച്ച് നിര്‍മിച്ച നാലു ഫ്‌ലാറ്റുകളും ചരിത്രമായി. സുപ്രിംകോടതി നിശ്ചയിച്ച സമയപരിധിയ്ക്കുള്ളില്‍ തന്നെ നാല് കെട്ടിടസമുച്ചയങ്ങളും തകര്‍ത്തു. നാളെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ആല്‍ഫാ സെറീന്‍, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ കെട്ടിട സമുച്ചയങ്ങളാണ് കോടതി വിധിയെത്തുടര്‍ന്ന് മണ്ണടിഞ്ഞത്.
പരിസരവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാന്‍ എല്ലാതരത്തിലുള്ള സുരക്ഷാക്രമീകരണങ്ങളും സ്വീകരിച്ചുകൊണ്ടാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കിയത്. 200മീറ്റര്‍ ചുറ്റളവിലുള്ള വീടുകള്‍,വ്യാപാരസ്ഥാപനങ്ങള്‍, മറ്റ് കെട്ടിടങ്ങള്‍ തുടങ്ങിയവയില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
11 ാം തിയ്യതി രണ്ട് ഫ്‌ളാറ്റുകളാണ് നിലം പതിച്ചത്. 19 നിലകളുള്ള ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്‌ളാറ്റാണ് ആദ്യം നിലംപൊത്തിയത്. 11.16ന് സ്‌ഫോടനത്തിന്റെ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയതോടെ 100 മീറ്റര്‍ അകലെ സ്ഥാപിച്ച ബ്ലാസ്റ്റ് ഷെഡില്‍ നിന്നും എക്‌സ്‌പ്ലോഡര്‍ മുഖേന സ്‌ഫോടനത്തിനുള്ള കമാന്‍ഡുകള്‍ പുറപ്പെട്ടു. വിവിധ നിലകളില്‍ സ്‌ഫോടനത്തിന്റെ ചെറിയ തീപൊരികള്‍ ദൃശ്യമായി. അഞ്ച് സെക്കന്‍ഡുകൊണ്ട്, 19 നിലകളുള്ള ഹോളിഫെയ്ത്ത് സമുച്ചയം താഴേക്ക് അമര്‍ന്നു.
തൊട്ടുപിന്നാലെ 11.40ന് ആല്‍ഫാസെറീന്‍ ഇരട്ടസമുച്ചയങ്ങളുടെ സ്‌ഫോടനം അറിയിച്ചുകൊണ്ടുള്ള സൈറണ്‍ മുഴങ്ങി. ഒരു മിനിറ്റ് നീണ്ട സൈറണ്‍ അവസാനിച്ചയുടന്‍ കായലിനോട് ചേര്‍ന്നുള്ള ബി ടവറിന്റെ വിവിധ നിലകളില്‍ നിയന്ത്രിത സ്‌ഫോടനം നടന്നു. ഹോളിഫെയ്ത്തില്‍ നിന്ന് വ്യത്യസ്തമായി രണ്ട് സെക്കന്‍ഡുകൊണ്ട് ഈ ടവര്‍ ചരിഞ്ഞ് നിലംപതിച്ചു.
ഇന്ന് രാവിലെയാണ് 17 നിലകളിലായി 128 അപാര്‍ട്‌മെന്റുകളുള്ള ജെയിന്‍ കോറല്‍ കോവ് സെക്കന്റുകള്‍കൊണ്ട് നിലംപൊത്തിയത്. മരടില്‍ പൊളിക്കാന്‍ ഉത്തരവിട്ടതില്‍ ഏറ്റവും വലിയ കെട്ടിടമായിരുന്നു ഇത്.
ഏറ്റവും അവസാനമായി മരടിലെ ഫ്‌ളാറ്റുകളില്‍ ഏറ്റവും ചെറുതും പഴക്കമേറിയതുമായ ഗോള്‍ഡന്‍ കായലോരവും നിലംപൊത്തി. പറഞ്ഞതില്‍ നിന്നും അര മണിക്കൂര്‍ വൈകി 2.30 നാണ് സ്‌ഫോടനം നടന്നത്.
ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ തങ്ങളുടെ വീടുകള്‍ക്കും മറ്റും കേടുപാടുകള്‍ ഉണ്ടാകുമോയെന്ന ആശങ്കയിലായിരുന്നു മരടിലെ ഫ്‌ളാറ്റിന് സമീപം താമസിച്ചിരുന്നവര്‍ക്ക്. എന്നാല്‍, സ്‌ഫോടനത്തില്‍ ആദ്യ ഫ്‌ളാറ്റുകള്‍ നിലംപതിച്ചതോടെ തന്നെ ആശങ്കയ്ക്ക് വിരാമമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."