മാലിന്യത്തൊട്ടിയായി ജില്ലാ ആശുപത്രി സര്‍ജിക്കല്‍ കോംപ്ലക്‌സ്
മാനന്തവാടി: നൂറുകണക്കിനു രോഗികളും സഹായികളും നിരന്തരം വന്നുപോകുന്ന ജില്ലാ ആശുപത്രി സര്‍ജിക്കല്‍ കോംപ്ലക്‌സ് പരിസരത്ത് മാലിന്യം കുമിഞ്ഞുകൂടുന്നു. പരിസരത്താകെ മുറുക്ക് തുപ്പിയതും ബീഡി, സിഗരറ്റ് കുറ്റികളും നിറഞ്ഞിരിക്കുകയാണ്. കൂടാതെ മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്.
ദിനവും നൂറുകണക്കിനു പേരെത്തുന്ന ഇവിടെ ഇത്തരം പ്രവൃത്തികള്‍ ഏതുവിധേനെ നിയന്ത്രിക്കുമെന്നറിയാതെ കുഴയുകയാണ് ആശുപത്രി അധികൃതര്‍. ഓപറേഷന്‍ തിയറ്ററും പോസ്റ്റ് ഓപറേറ്റിവ് വാര്‍ഡുമൊക്കെ അടുത്തടുത്തു സ്ഥിതിചെയ്യുന്ന സര്‍ജിക്കല്‍ കോംപ്ലക്‌സ് പരിസരം വൃത്തിഹീനമാകുന്നതു ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. കെട്ടിടത്തിന്റെയും നടപ്പാതയുടെയും അടിഭാഗത്തുള്ള വിടവിലൂടെ ആളുകള്‍ തുപ്പിയിടുന്നതും മാലിന്യം നിക്ഷേപിക്കുന്നതും നിത്യകാഴ്ചയാണ്.
സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചു പിഴ ഈടാക്കുന്നതിനെ കുറിച്ച് ആലോചിച്ചപ്പോഴും രോഗികളും സഹായികളുമായെത്തുന്നവര്‍ പലരും നിരക്ഷരരാണെന്ന യാഥാര്‍ഥ്യവും ഉള്‍ക്കൊള്ളേണ്ടതാണെന്നതാണ് അധികൃതര്‍ ഉന്നയിക്കുന്ന പ്രശ്‌നം. പൂന്തോട്ടം നിര്‍മിക്കുകയോ സചിത്ര മുന്നറിയിപ്പ് നല്‍കുകയോ ചെയ്യുകവഴി ഒരുപരിധിവരെ ഇതു കുറയ്ക്കാന്‍ കഴിയുമോയെന്നുള്ള ആലോചനയിലാണ് ആരോഗ്യവകുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."