ആയിരത്തോളം പേര്‍ക്കെതിരേ കേസ്; നിരവധി പേര്‍ കരുതല്‍ തടങ്കലില്‍
വാഹനങ്ങള്‍ തടയുകയും പ്രകോപന പ്രകടനം നടത്തുകയും ചെയ്ത സംഭവത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത്, നഗരസഭാ കൗണ്‍സിലര്‍മാരായ പി. രമേശ്, കെ. ഉമ എന്നിവരടക്കം 280 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്
കാസര്‍കോട്: ജില്ലയിലുണ്ടായ അക്രമസംഭവങ്ങളില്‍ ആയിരത്തോളം പേര്‍ക്കെതിരേ കേസെടുത്തു. വിവിധ പൊലിസ് സ്റ്റേഷനുകളില്‍ എത്തിയ 65ലേറെ പരാതികളെ തുടര്‍ന്നാണ് ഇത്രയും പേര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
ചേറ്റുകുണ്ടില്‍ വനിതാ മതിലില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കെതിരേ നടത്തിയ അക്രമത്തില്‍ അഞ്ഞൂറോളം പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഹര്‍ത്താലുമായി ബന്ധപ്പെട്ട നടന്ന അക്രമ സംഭവങ്ങളിലാണ് വിവിധ കേസുകളിലായി 500ഓളം പേര്‍ക്കെതിരേ കൂടി കേസെടുത്തിരിക്കുന്നത്.
ബെര്‍മുദെയിലെ മദ്‌റസ അധ്യാപകന്‍ അബ്ദുല്‍ കരീമിനെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ 40പേര്‍ക്കെതിരേ മഞ്ചേശ്വരം പൊലിസ് കേസെടുത്തിട്ടുണ്ട്. അബ്ദുല്‍ കരീമിനെ മംഗളുരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ബായാറിലേക്ക് വരുമ്പോള്‍ മുളിഗദെ ബദിയാറില്‍ വച്ച് ബൈക്ക് തടഞ്ഞ് നിര്‍ത്തി ഇരുമ്പുവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
ബന്തിയോട് കഴിഞ്ഞ ദിവസമുണ്ടായ വിവിധ അക്രമങ്ങളില്‍ നൂറോളം പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിന് പൊലിസുകാരുടെ പരാതിയിലെടുത്ത കേസും ഇതില്‍ ഉള്‍പ്പെടും. ഹര്‍ത്താല്‍ ദിനത്തില്‍ കറന്തക്കാട് റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും പ്രകോപന പ്രകടനം നടത്തുകയും ചെയ്ത സംഭവത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത്, കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍മാരായ പി. രമേശ്, കെ. ഉമ എന്നിവരടക്കം 280 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
കാസര്‍കോട്, വിദ്യാനഗര്‍, ബേക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമസംഭവങ്ങളില്‍ വേറെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 30 പേര്‍ക്കെതിരേയാണ് ഇത്തരത്തില്‍ കേസെടുത്തിരിക്കുന്നത്.
നാലു ദിവസങ്ങളായി കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ 38 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിരവധി പേര്‍ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ കരുതല്‍ തടങ്കലിലുണ്ട്. അക്രമ കേസുകളിലെ പ്രതികള്‍ക്കു വേണ്ടി പൊലിസ് വ്യാപകമായ പരിശോധന തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."