മലയോര റോഡുകളുടെ ശോചനീയാവസ്ഥ; സമരം ശക്തമാക്കും: ആക്ഷന്‍ കമ്മിറ്റി
കാസര്‍കോട്: മലയോര മേഖലയിലെ റോഡുകളോട് സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനക്കെതിരേ ജനകീയ സമിതി കഴിഞ്ഞ 11 ദിവസമായി നടത്തി വരുന്ന സമരം ശക്തമാക്കാന്‍ ജനകീയ സമര സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സമരപന്തലില്‍ ഇന്നലെ മുതല്‍ റിലേ സത്യഗ്രഹം ആരംഭിച്ചു. 27നു സെക്രട്ടറിയേറ്റിനു മുന്നില്‍ കരച്ചില് സമരം നടത്തും.
24ന് കാളവണ്ടിയില്‍ സഞ്ചരിച്ച് ബദിയടുക്ക പി.ഡബ്ല്യൂ.ഡി ഓഫിസിന് മുന്നില്‍ പ്രതിഷേധിക്കും. അതിലും തീരുമാനമായില്ലെങ്കില്‍ അടുത്ത മാസം ഏഴിനു മലയോര മേഖലയില്‍ ഹര്‍ത്താല്‍ ആചരിക്കും.
15 വര്‍ഷമായി ഈ ഭാഗത്തെ റോഡുകളില്‍ അറ്റകുറ്റ പണി നടത്തിയിട്ടില്ലെന്നും റോഡ് നിര്‍മാണത്തിനു കഴിഞ്ഞ ബജറ്റില്‍ 30 കോടി അനുവദിച്ചെങ്കിലും ഒരു വര്‍ഷമായിട്ടും പി.ഡബ്ല്യു.ഡി അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു തുടര്‍ നടപടിയും ഉണ്ടായിട്ടില്ല.
റോഡിന്റെ മോശം അവസ്ഥ കാരണം ഓട്ടോക്കാര് ഈ ഭാഗത്തേക്ക് സര്‍വിസ് നടത്താന്‍ മടിക്കുന്നുവെന്നും ഇരുചക്രവാഹനങ്ങളടക്കമുള്ള വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പെടുന്നത് നിത്യ സംഭവമാണെന്നും ഇവര്‍ പറയുന്നു.
20ഓളം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്ന ഈ മേഖലയിലെ സ്കൂള്‍ ബസുകളില്‍ പലതും ഇങ്ങോട്ട് സര്‍വിസ് നടത്താത്തത് വിദ്യാര്‍ഥികള്‍ക്കു കൃത്യ സമയത്ത് സ്കൂളിലെത്താന്‍ കഴിയുന്നില്ല.
കൂടാതെ കുണ്ടും കുഴിയും രുപപ്പെട്ട ഇവിടേക്ക് 80ഓളം സ്വകാര്യ ബസുകള്‍ 300 സര്‍വിസുകള്‍ നടത്തുന്നുണ്ട്. ബസുകളുടെ സ്പെയര്‍ പാര്‍ട്സ് കേടാവുന്നതു മൂലം പല സര്‍വിസുകളും റദ്ദ് ചെയ്യേണ്ടി വരുന്നതും ജനങ്ങളെ ദുരിതത്തിലാക്കുന്നു. വാര്‍ത്തസമ്മേളനത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ശരീഫ്, മാഹിന്‍ കേളോട്ട്, ബി ശങ്കരനാരായണ മയ്യ, പി.ജി ചന്ദ്രഹാസ അയ്യര്‍, അശ്രഫ് മുനിയൂര്‍, കെ ബാലകൃഷ്ണന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."