സംസ്ഥാനത്ത് 131 ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് അനുമതി
കോഴിക്കോട്: ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു. 131 ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. കൊച്ചി (50 എണ്ണം), തൃശൂര്‍ (28), കണ്ണൂര്‍ (27), കോഴിക്കോട് (26) എന്നിങ്ങനെയാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. നാലു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു സ്റ്റേഷന്‍ എന്ന രീതിയിലാണ് ഇവ സ്ഥാപിക്കുക.
ആദ്യഘട്ടത്തില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍, നേമം (തിരുവനന്തപുരം), ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓലൈ (കൊല്ലം), 110 കെ.വി സബ് സ്റ്റേഷന്‍, കലൂര്‍ (എറണാകുളം), 110 കെ.വി സബ് സ്റ്റേഷന്‍ വിയ്യൂര്‍ (തൃശൂര്‍), 220 കെ.വി സബ് സ്റ്റേഷന്‍ നല്ലളം (കോഴിക്കോട്), 110 കെ.വി സബ് സ്റ്റേഷന്‍ ചൊവ്വ (കണ്ണൂര്‍) എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍ തുടങ്ങുക. 1.68 കോടി രൂപയാണ് ഇതിനുള്ള ചെലവ്. വൈദ്യുതി ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക.
ഇതില്‍ 64 സ്റ്റേഷനുകള്‍ എംപാനല്‍ ചെയ്ത ഏജന്‍സികള്‍ക്ക് നല്‍കാനും പദ്ധതിയുണ്ട്. എറണാകുളം 41, കോഴിക്കോട് 14, തിരുവനന്തപുരം 9 എന്നിങ്ങനെയാണ് ഏജന്‍സികള്‍ക്ക് നല്‍കുക. ഇതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ഒരുലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കേന്ദ്ര നിര്‍ദേശം. രാജ്യത്ത് 2,636 ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കാണ് കേന്ദ്ര ഖന ന വ്യവസായ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. 24 സംസ്ഥാനങ്ങളിലായി 62 നഗരങ്ങളിലാണ് ഇത്രയും സ്റ്റേഷനുകള്‍ സ്ഥാപിക്കുക. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."