ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ വീണ്ടും താല്‍ക്കാലിക നിയമന വിജ്ഞാപനം
ബാസിത് ഹസന്‍
തൊടുപുഴ: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദം രാഷ്ട്രീയ കൊടുങ്കാറ്റുയര്‍ത്തിയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കാറ്റില്‍പറത്തി വീണ്ടും താല്‍ക്കാലിക നിയമന വിജ്ഞാപനം. ഏഴ് തസ്തികകളിലേക്കാണ് താല്‍ക്കാലിക നിയമനത്തിന് കോര്‍പ്പറേഷന്‍ പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. താല്‍ക്കാലിക നിയമനം തുടരുന്നത് റദ്ദ് ചെയ്തു പി.എസ്.സിക്ക് വിടണമെന്ന ധനകാര്യ പരിശോധനാ വിഭാഗം അഡീ. സെക്രട്ടറി അനില്‍കുമാര്‍ എസ് 2019 ഏപ്രില്‍ 16 ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കമ്പനി സെക്രട്ടറി, ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ്), ഡെപ്യൂട്ടി മാനേജര്‍, ജൂനിയര്‍ അസിസ്റ്റന്റ്, ഡ്രൈവര്‍ കം പ്യൂണ്‍, പ്യൂണ്‍ ഓഫിസ് അറ്റന്റന്റ്, പ്യൂണ്‍ തസ്തികകളിലേക്കാണ് ഡെപ്യൂട്ടേഷന്‍ അല്ലെങ്കില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എല്ലാ വിഭാഗത്തിലും ഓരോ ഒഴിവുകളാണുള്ളത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജനുവരി 22 ആണ്.
യോഗ്യതയില്‍ ഇളവു വരുത്തിയും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതെയും മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബിനെ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമനം നല്‍കിയത് വന്‍ വിവാദമായതിനേത്തുടര്‍ന്ന് 2018 നവംബര്‍ 12നു അദീബ് രാജിവച്ചിരുന്നു.
പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്തു നിയമനം സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് ഡെപ്യൂട്ടേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമനം നടത്തിയതും വിവാദമായിരുന്നു.
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ നിയമനങ്ങളെല്ലാം പി.എസ്.സിക്ക് വിട്ടതാണ്. സര്‍വിസ് ചട്ടം ഉണ്ടാക്കുന്നതിലും അംഗീകാരം വാങ്ങുന്നതിലും കാലതാമസം വരുത്തിയാണ് പി.എസ്.സി നിയമനം ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നത്. താല്‍പര്യമുള്ളവരെ പിന്‍വാതിലിലൂടെ നിയമിക്കാനാണ് ഇത്തരം നീക്കമെന്ന ആക്ഷേപം ശക്തമാണ്. സര്‍വിസ് ചട്ടപ്രകാരം പി.എസ്.സിയില്‍നിന്ന് എന്‍.ഒ.സി വാങ്ങി താല്‍ക്കാലിക നിയമനത്തിന് എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചിനെ അറിയിച്ച് യോഗ്യരായവരുടെ ലിസ്റ്റ് വാങ്ങി എഴുത്തുപരീക്ഷയും തുടര്‍ന്ന് ഇന്റര്‍വ്യൂവും നടത്തിയാണ് താല്‍ക്കാലിക നിയമനം നടത്തേണ്ടത്. എന്നാല്‍ ഇപ്പോള്‍ താല്‍ക്കാലിക നിയമനത്തിന് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ നേരിട്ട് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."