പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് കേരളം മാതൃക: മുഖ്യമന്ത്രി
തൃശൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് കേരളം രാജ്യത്തിന് മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തൃശൂരില്‍ ഭരണഘടന സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതാടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കുക എന്നതാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. വര്‍ഷങ്ങളായി അവര്‍ ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് ഭരണകൂടത്തിന്റെ സഹായത്തോടെ നടപ്പിലാക്കുന്നു. വിമര്‍ശനങ്ങളും വിമത സ്വരങ്ങളും ഭരണകൂടത്തെയും ആര്.എസ്.എസിനെയും ഭീതിപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ് രാജ്യത്തെ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍.
പൗരത്വ ഭേദഗതി മുസ്ലിംകളെയല്ല ലക്ഷ്യംവയ്ക്കുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷതയെയും ഭരണഘടനയെയും തകര്‍ക്കുന്നതാണിത്. ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള എളുപ്പവഴിയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍. ഇതു രണ്ടും കേരളത്തില്‍ നടപ്പാവില്ല. വലിയ നേതാക്കള്‍ വലിയ നുണ പറയുന്ന കാഴ്ചയാണ് ബി.ജെ.പിയില്‍ കാണുന്നത്. ഇവരുടെ യാതൊരു തന്ത്രവും കേരളത്തില്‍ ചിലവാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, പന്ന്യന്‍ രവീന്ദ്രന്, മാര്‍. അപ്രേം മെത്രാപ്പൊലീത്ത, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, മന്ത്രിമാരായ എ.സി മൊയ്തീന്, കെ.ടി ജലീല്‍, വി.എസ് സുനില്‍കുമാര്‍, സി.രവീന്ദ്രനാഥ്, രാമചന്ദ്രന് കടന്നപ്പള്ളി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."