രുചിക്കൂട്ടൊരുക്കി 'വയനാടന്‍ തട്ട്'
മാനന്തവാടി: രാത്രികാലങ്ങളില്‍ ഇനി മാനന്തവാടിയിലെത്തുന്നവര്‍ക്ക് നല്ല ഭക്ഷണശാലകള്‍ തേടി ഇനി അലയേണ്ടി വരില്ല. കുടുംബശ്രീയുടെ കീഴില്‍ വയനാടന്‍ തട്ട് എന്ന പേരില്‍ ആരംഭിച്ച തട്ടുകടകളില്‍ നിന്ന് രുചിയൂറും ഭക്ഷണം കഴിക്കാം. നഗരത്തില്‍ 13 തട്ടുകടകളാണ് കുടുംബശ്രീ ബ്രാന്‍ഡില്‍ ഇനി പ്രവര്‍ത്തിക്കുക. തട്ട് കച്ചവടക്കാരുടെ ഉപജീവനം മെച്ചപ്പെടുത്തുക, സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുക എന്നീ ലക്ഷ്യങ്ങളോടെ എകീകരിച്ച തട്ടുകളുടെ പ്രവര്‍ത്തനത്തിന് സംസ്ഥാനത്ത് ആദ്യമായി മാനന്തവാടിയില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയിലുള്‍പ്പെടുത്തി തെരുവ് കച്ചവടക്കാരുടെ ഉപജീവനം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മാനന്തവാടി നഗരത്തില്‍ നടത്തിയ സര്‍വേയില്‍ 222 തെരുവ് കച്ചവടക്കാരെയാണ് യോഗ്യരെന്ന് കണ്ടെത്തിയത്. ജിവനക്കാര്‍ക്ക് യൂനിഫോം, തട്ട് കടകള്‍ക്ക് നഗരസഭയുടെ ഔദ്യോഗിക നിറം, ഒരേ ഡിസൈന്‍ എന്നിവ നല്‍കുകയും തട്ട് കടകളില്‍ വില വിവര പട്ടിക പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വ്യക്തി ശുചിത്വം, മാലിന്യ സംസ്‌ക്കരണം, സുരക്ഷിതമായ ഭക്ഷണം, വെള്ളം എങ്ങനെയൊക്കെ ഉപയോഗിക്കണം എന്നീ കാര്യങ്ങളിലെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയവര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കിയിട്ടുണ്ട്. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടായിരിക്കും തട്ട് കടകളുടെ പ്രവര്‍ത്തനം. സുരക്ഷിതമായ ഭക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ബ്രാന്‍ഡില്‍ ആരംഭിച്ച തട്ട് കടകളുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് തന്നെ ആദ്യമായി മാനന്തവാടി നഗരസഭയിലാണെന്നും കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപിക്കുമെന്നും കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി. സാജിത പറഞ്ഞു. കണ്ണൂര്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചതോടെ കുടുതല്‍ വിനോദ സഞ്ചാരികള്‍ ജില്ലയിലേക്ക് എത്താനുള്ള സാഹചര്യം മുന്നില്‍ കണ്ട് ടൂറിസം വകുപ്പുമായി ചേര്‍ന്ന് തട്ടുകടകളെ കുറിച്ചുള്ള ബ്രോഷര്‍ തയാറാക്കി വിതരണം ചെയ്യും. ഈ ബ്രോഷറില്‍ ഒരോ തട്ട് കടയിലും തയാറാക്കുന്ന വിത്യസ്തമായ ഭക്ഷണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തും.
എകീകരിച്ച തട്ട് കടകളുടെ പ്രവര്‍ത്തന ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭാ രാജന്‍ അധ്യക്ഷയായി. പി.ടി ബിജു, റഷീദ് പടയന്‍, അബ്ദുല്‍ ആസിഫ്, ഷൈമോന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."