സമ്പൂര്‍ണ ആംബുലന്‍സ് സര്‍വിസുള്ള ഏക ലോക്സഭാ മണ്ഡലമായി ആറ്റിങ്ങല്‍
തിരുവനന്തപുരം: രാജ്യത്ത് സമ്പൂര്‍ണ ആംബുലന്‍സ് സൗകര്യമുള്ള ഏക ലോക്‌സഭാ മണ്ഡലമെന്ന ഖ്യാതി ആറ്റിങ്ങലിന്. മണ്ഡലത്തിലെ 11 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആധുനിക ആംബുലന്‍സുകള്‍ കൈമാറി. എ. സമ്പത്ത് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച ആംബുലന്‍സുകളുടെ ഫ്‌ളാഗ് ഓഫ് സഹകരണം, ദേവസ്വം - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. 11 എ.സി. മള്‍ട്ടി ആംബുലന്‍സുകളാണു മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ 11 തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍ മന്ത്രിയില്‍നിന്ന് ആംബുലന്‍സുകളുടെ താക്കോല്‍ ഏറ്റുവാങ്ങി.
മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം ചടങ്ങില്‍ മന്ത്രി വായിച്ചു. സി.എച്ച്.സി. വെള്ളനാട്, സി.എച്ച്.സി. അഞ്ചുതെങ്ങ്, ഇടവ, ആനാട്, പനവൂര്‍, നാവായിക്കുളം, വിളവൂര്‍ക്കല്‍, പുളിമാത്ത്, വാമനപുരം, മലയിന്‍കീഴ്, അരുവിക്കര എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്കാണ് പുതിയ ആംബുലന്‍സുകള്‍ അനുവദിച്ചത്. അരുവിക്കര ഡാം സൈറ്റില്‍ നടന്ന ചടങ്ങില്‍ എ. സമ്പത്ത് എം.പി. അധ്യക്ഷനായി. കെ.എസ്. ശബരിനാഥന്‍ എം.എല്‍.എ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.എസ്. സുനില്‍ കുമാര്‍, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ഐ. മിനി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."