പൗരത്വ ഭേദഗതിക്കെതിരേ് സമരം ചെയ്ത എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ക്കെതിരേ കേസ്
ശിഹാബ് പാറപ്പുറം
തൃശൂര്‍: പൗരത്വ ഭേദഗതിക്ക് എതിരെ സമരം ചെയ്ത എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഭാരവാഹികള്‍ക്കെതിരെ പൊലിസ് കേസ് എടുത്തു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശമുണ്ടെന്നും പൗരത്വ ഭേഗതിക്കെതിരായ എല്ലാ സമരത്തിനെതിരേയും കേസെടുക്കുമെന്നായിരുന്നു പൊലിസിന്റെ സ്വരം. പൊലിസിന്റെ മുന്‍കൂര്‍ അനുമതി തേടിയാണ് റാലി നടത്തിയതെന്ന് ഭാരവാഹികള്‍ പറഞ്ഞെങ്കിലും പൊലിസ് പിന്‍മാറിയില്ല. കേസ് എടുത്ത് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമെ ഇവിടെ നടന്ന പൗരത്വസമരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അറിയൂ എന്ന വിചിത്ര ന്യായമാണ് പൊലിസ് മുന്നോട്ടു വെച്ചത്. നിയമവിരുദ്ധമായി സംഘം ചേരല്‍, ഗതാഗത തടസം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് എതിരെ എടുത്തിരിക്കുന്നത്. പത്ത് പ്രവര്‍ത്തകരാണ് കേസില്‍ പ്രതികള്‍. തൃശൂരില്‍ റാലികള്‍ ഉള്‍പ്പടെ മുന്‍പ് വിവിധ പരിപാടികള്‍ സംഘടന നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരത്തില്‍ കേസെടുക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജന.സെക്രട്ടറി അഡ്വ. ഹാഫിസ് അബൂബക്കര്‍ സിദ്ദീഖ് അല്‍മാലികി പറഞ്ഞു.
കേസിനാധാരമായ റാലി നടത്തുന്നതിന് മുമ്പ് സ്റ്റേഷനില്‍ പോയി അനുമതി തേടുകയും റാലി കടന്ന് പോകുന്ന റൂട്ട് പൊലിസിന് നല്‍കുകയും ചെയ്തിരുന്നു. ആ സമയത്തൊന്നും ഒരു തടസവും പൊലിസ് പറഞ്ഞിരുന്നില്ല. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത് ഭാവിയില്‍ അവരുടെ വിദേശ യാത്രയുള്‍പ്പടെയുള്ളവക്ക് തടസമായേക്കാം. എന്തൊക്കെ ബുദ്ധിമുട്ട് സഹിക്കേണ്ടിവന്നാലും പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എസ്.കെ.എസ്.എസ്.എഫിന് പുറമെ കെഎസ്‌യു,എസ്എഫ്‌ഐ,സിപിഐ തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ക്ക് എതിരേയും കേസെടുത്തിട്ടുണ്ട്.സിപിഐ നേതാക്കള്‍ പ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ പൊലിസിന് നല്‍കാന്‍ തയാറായിരുന്നില്ല. പിന്നീട് ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ധം ചൂണ്ടിക്കാട്ടിയാണ് നേതൃത്വത്തെ അനുനയിപ്പിച്ചത്. പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ പൊലിസിന് നിര്‍ദേശമെന്ന വാര്‍ത്തകള്‍ക്കെതിരെ കഴിഞ്ഞ ദിവസം ഡിജിപി തന്നെ രംഗത്തെത്തിയിരുന്നു. പൊലിസ് അത്തരത്തിലൊരു നിര്‍ദേശവും കൊടുത്തിട്ടില്ലെന്നായിരുന്നു ഡിജിപിയുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."