സമനില തെറ്റാതെ മൂന്നാം ദിനം
കല്‍പ്പറ്റ: വയനാട് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ മൂന്നാംദിനത്തിലെ രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിച്ചു. രണ്ടുഗോളുകള്‍ വീതം നേടി ഫ്രണ്ട്‌ലൈന്‍ ബത്തേരിയും ഇലവന്‍ ബ്രദേഴ്‌സ് മുണ്ടേരിയും സമനില പാലിച്ച മത്സരം കാണികളെ ആവേശത്തിന്റെ പരകോടിയിലെത്തിച്ചു. കളിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഇരുടീമുകളും ശക്തമായ മുന്നേറ്റങ്ങളാണ് നടത്തിയത്.
കളിയുടെ 14ാം മിനിറ്റില്‍ ഫ്രണ്ട്‌ലൈന്‍ മുന്നിലെത്തി. ഫ്രണ്ട്‌ലൈന്‍ ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചിലിനിടയില്‍ പന്ത് പിടിച്ചെടുത്ത് മുന്നേറിയ ഫ്രണ്ട്‌ലൈനിന്റെ മധ്യനിരതാരം നെപ്പോളിയന്‍ മുണ്ടേരിയുടെ ബോക്‌സിലേക്ക് നല്‍കിയ പന്ത് മികച്ച ഫിനിഷിങ്ങിലൂടെ മുന്നേറ്റതാരം അലക്‌സി ഗോള്‍വര കടത്തുകയായിരുന്നു. എന്നാല്‍ ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്ന് കളിച്ച മുണ്ടേരി 18ാം മിനിറ്റില്‍ തങ്ങളുടെ അധ്വാനത്തിന്റെ ഫലം കണ്ടെത്തി. മുണ്ടേരിയുടെ മുന്നേറ്റതാരം സറ്റീവിനെ ബോക്‌സിന് പുറത്തുവച്ച് ഫ്രണ്ട്‌ലൈന്‍താരം ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് ഒന്‍പതാം നമ്പര്‍ താരം ഫെര്‍ഗു ഫ്രണ്ട്‌ലൈന്‍ പോസ്റ്റിലേക്ക് ചിപ്പ് ചെയ്തു. താഴിന്നിറങ്ങിയ പന്ത് ഗോള്‍കീപ്പര്‍ സനൂപ് കൈപിടിയിലൊതുക്കും മുന്‍പ് അന്‍വര്‍ തലകൊണ്ട് ചെത്തി പോസ്റ്റിന്റെ മൂലയിലേക്കിട്ടു. തുടര്‍ന്നും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍കീപ്പര്‍മാരുടെ മികവില്‍ ഗോള്‍ ഒഴിഞ്ഞുനിന്നു. ഇതോടെ 1-1 എന്ന സ്‌കോറില്‍ കളി ഇടവേളക്ക് പിരിഞ്ഞു. രണ്ടാംപകുതി ഇരുടീമുകളും രണ്ടും കല്‍പ്പിച്ചാണിറങ്ങിയത്. കളി ആരംഭിച്ച് രണ്ട് മിനിറ്റ് പിന്നിടവെ ഇതിനുള്ള ഫലവും കണ്ടു.
മുണ്ടേരിയുടെ മധ്യനിരക്കാരനില്‍ നിന്ന് പന്ത് റാഞ്ചി മുന്നേറിയ ഫ്രണ്ട്‌ലൈന്‍ താരം നെപ്പോളിയന്‍ വലതുവിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് നല്‍കിയ ക്രോസ് കാലുകൊണ്ട് തട്ടിയിടേണ്ട കടമയെ ഷമീറിന് വേണ്ടി വന്നുള്ളു. ഫ്രണ്ട്‌ലൈന്‍ വീണ്ടും മുന്നില്‍ (2-1). എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്നും വെടിയുണ്ട കണക്കെയുള്ള ഷോട്ടുതിര്‍ത്ത് സ്റ്റീവ് മുണ്ടേരിയെ ഒപ്പമെത്തിച്ചു.
തുടര്‍ന്നും ഇരുടീമുകളും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ഇരുടീമുകളും രണ്ട് ഗോള്‍വീതം നേടി സമനില പാലിക്കുകയായിരുന്നു. കളിയുലടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മുണ്ടേരിയുടെ ഫെര്‍ഗുവിനായിരുന്നു കാണികളുടെ കൈയ്യടി കൂടുതല്‍. രണ്ടാം മത്സത്തില്‍ മഹാത്മ എ.ഫ്.സി ചുണ്ടയിലും ജുവന്റ്‌സും മൂന്ന് ഗോളുകളും വീതം നേടി സമനിലയില്‍ അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."