HOME
DETAILS

ജാമിഅ നൂരിയ്യ: വൈജ്ഞാനിക കേരളത്തിന്റെ ദിശാകേന്ദ്രം

  
backup
January 15 2020 | 20:01 PM

%e0%b4%9c%e0%b4%be%e0%b4%ae%e0%b4%bf%e0%b4%85-%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%af%e0%b5%8d%e0%b4%af-%e0%b4%b5%e0%b5%88%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95

മത വൈജ്ഞാനിക മേഖലയില്‍ കേരളീയ മുസ്‌ലിമിന്റേത് തുല്യതയില്ലാത്ത മോഡലാണ്. ഇസ്‌ലാമിക രാഷ്ട്രങ്ങളെന്ന് വിളിപ്പേരുണ്ടായിട്ടും ഇന്ന് അവിടങ്ങളിലൊന്നും കരസ്ഥമാക്കാനാവാത്ത നേട്ടങ്ങള്‍ പടുത്തുയര്‍ത്താന്‍ കേരളീയര്‍ക്ക് സാധിച്ചത് മാതൃകാ യോഗ്യമായ വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരുന്നതിനാലാണ്. ഓത്തുപള്ളികളില്‍നിന്ന് പള്ളി ദര്‍സുകളിലേക്കും മദ്‌റസകളില്‍നിന്ന് അറബിക് കോളജുകളിലേക്കും അവിടെ നിന്ന് സ്വതന്ത്ര ഇസ്‌ലാമിക യൂനിവേഴ്‌സിറ്റി വരെ അത് വികാസം പ്രാപിച്ചിട്ടുണ്ട്. വൈജ്ഞാനിക പ്രബോധന മുന്നേറ്റത്തില്‍ അതുല്യമായ മാതൃകകള്‍ സൃഷ്ടിച്ച കേരളത്തിന്റെ ഗതിവിഗതികള്‍ മാറ്റി നിര്‍ണയിച്ച പ്രഥമ ഉന്നത കലാലയമാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ്. പാരമ്പര്യത്തിന്റെ ഗരിമ ചോര്‍ന്നുപോകാതെ ഉത്തരാധുനികതയുടെ പ്രബോധിത ജനതക്ക് ആവശ്യമായ വിഭവങ്ങള്‍ ശേഖരിക്കാന്‍ ഉതകുന്ന സംവിധാനമായി ഇന്ന് ജാമിഅ വളര്‍ന്നിരിക്കുന്നു. കേരളത്തില്‍ ഉയര്‍ന്ന് വന്ന മത സ്ഥാപനങ്ങള്‍ എല്ലാം ജാമിഅയുടെ ഉല്‍പ്പന്നങ്ങള്‍ ആയിരുന്നു എന്നതാണ് ചരിത്രം. 'ഉമ്മുല്‍ മദാരിസ് 'എന്ന നാമം ലഭിക്കാന്‍ കാരണവും അത് തന്നെ.
വൈജ്ഞാനിക രംഗത്തെ കേരളീയ ഉല്‍ക്കര്‍ഷത്തിന്റെ കാരണങ്ങളില്‍ ഒന്ന് പ്രവാചകന്റെ കാലത്ത് തന്നെ ഇസ്‌ലാം ഇവിടെയെത്തിയെന്നുള്ളതാണ്. ആദ്യ പ്രബോധക സംഘം മസ്ജിദുകള്‍ നിര്‍മിച്ചാണ് ഇവിടെ തങ്ങളുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആ പള്ളികള്‍ കേന്ദ്രീകരിച്ചാണ് അനുഷ്ഠാനപരവും സാമൂഹികവും സാംസ്‌കാരികവുമായ എല്ലാ വ്യവഹാരങ്ങളും നിര്‍വഹിക്കപ്പെട്ടത്. വൈജ്ഞാനിക നിര്‍വഹണത്തിന്റെ കേന്ദ്രങ്ങളായി പരിലസിച്ചതും മസ്ജിദുകള്‍ തന്നെ. കേരളീയ ചരിത്രത്തില്‍ ഇടംപിടിച്ച ആദ്യ ദര്‍സ് ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്ലാഹില്‍ ഹള്‌റമിയുടെ നേതൃത്വത്തില്‍ താനൂര്‍ വലിയ കുളങ്ങര പള്ളിയില്‍ ആരംഭിച്ച ദര്‍സാണ്. പൊന്നാനി, ചാലിയം, കോഴിക്കോട്, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ ദര്‍സുകള്‍ നടന്നിരുന്നു. ഇവയില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ചത് പൊന്നാനിയിലെ മഖ്ദൂമുമാരുടെ ദര്‍സാണ്. ജ്ഞാന സമ്പാദനത്തിന് വേണ്ടി മക്ക, മദീന, ഈജിപ്ത്, യമന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ പഠനം നടത്തിയവരാണ് ശൈഖ് മഖ്ദൂം ഒന്നാമനും രണ്ടാമനും. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണ യാത്രകളില്‍നിന്ന് സമാര്‍ജിച്ച അനുഭവമാണ് അവര്‍ പൊന്നാനി മാതൃകയിലൂടെ പകര്‍ന്നു നല്‍കിയത്. അന്യ ദേശങ്ങളില്‍നിന്നു വരെ വിദ്യാര്‍ഥികള്‍ 'മലബാറിന്റെ മക്ക'യില്‍ പഠനത്തിനെത്തി.
പില്‍ക്കാല ദര്‍സുകള്‍ക്ക് പൊന്നാനിയുമായി ബന്ധമുണ്ടായിരുന്നു.'പൊന്നാനി സിലബസ് 'എന്ന ഒരു അലിഖിത പാഠ്യപദ്ധതി തന്നെ നിലവില്‍ വന്നു. കേരള മുസ്‌ലിം വൈജ്ഞാനിക മേഖലയെ സ്വാധീനിച്ച മറ്റൊരു പാഠ്യപദ്ധതിയാണ് 'നിസാമിയ്യ സിലബസ്. ഫറങ്കി മഹല്‍ പണ്ഡിതര്‍ ആവിഷ്‌കരിച്ചതാണിത്. പൊന്നാനി സിലബസിനോട് സംയോജിപ്പിച്ചുകൊണ്ടാണ് ഇത് കേരളത്തില്‍ പ്രചരിച്ചത്. മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് പ്രസ്തുത സിലബസ് ഇവിടെ പരിചയപ്പെടുത്തിയത്. 1871ല്‍ സ്ഥാപിതമായ വാഴക്കാട്ടെ തന്‍മിയതുല്‍ ഉലൂം മദ്‌റസയെ മൗലാന ദാറുല്‍ ഉലൂമായി പരിഷ്‌കരിച്ചു. പൈതൃകത്തെ നിലനിര്‍ത്തി ഭാഷ, ശാസ്ത്ര പഠനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതായിരുന്നു മൗലാനയുടെ ദാറുല്‍ ഉലൂം. ഈ ഗണത്തില്‍ പരാമര്‍ശമര്‍ഹിക്കുന്ന സ്ഥാപനങ്ങളാണ് 1916 ല്‍ സ്ഥാപിതമായ ഖുവ്വത്തുല്‍ ഇസ്‌ലാം അറബിക് കോളജും 1924ല്‍ സ്ഥാപിതമായ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജും. പ്രതിഭാധനരായ നിരവധി പണ്ഡിതര്‍ അവിടങ്ങളില്‍ നിന്നെല്ലാം പുറത്ത് വന്നിട്ടുണ്ട്.
ദര്‍സ് രംഗം അപ്പോഴും സമ്പന്നമായി നിലനിന്നു. ദര്‍സുകള്‍ മഹല്ലുകളുടെ ചൈതന്യം നിലനിര്‍ത്തി. ഇവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തീകരിച്ചവര്‍ ഉന്നതപഠനത്തിന് ഇതരസംസ്ഥാനങ്ങളിലുള്ള കലാലയങ്ങളെ ആശ്രയിക്കേണ്ടി വന്നു. അവിടങ്ങളില്‍ പോയി ഉന്നത പഠനം നടത്തുക പലര്‍ക്കും ദുസ്സഹമായിരുന്നു. ഈ പ്രതികൂല പരിതസ്ഥിതിക്ക് മാറ്റം വേണമെന്നത് 1945 മുതലുള്ള പണ്ഡിതന്മാരുടെ ആലോചനാ വിഷയമായിരുന്നു. 04.04.1962ല്‍ ചേര്‍ന്ന സമസ്ത മുശാവറ യോഗത്തില്‍ കോട്ടുമല ഉസ്താദ് ഉപരിപഠന കോളജ് സംബന്ധമായ ചര്‍ച്ചക്ക് തുടക്കമിട്ടു. വിഷയത്തെക്കുറിച്ച് കൂടുതല്‍ ആലോചിക്കാനായി 30.04.1962 ന് ബാഫഖി തങ്ങളുടെ മാളിക മുകളില്‍ വീണ്ടും മുശാവറ ചേര്‍ന്നു. ആ യോഗത്തില്‍വച്ച് സമസ്ത അറബിക് കോളജ് കമ്മിറ്റി നിലവില്‍ വന്നു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ പ്രസിഡന്റും ശൈഖുനാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ സെക്രട്ടറിയുമായിരുന്നു. പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങളായിരുന്നു പ്രഥമ വൈസ് പ്രസിഡന്റ്.
പിന്നീട് ഉപരിപഠന കലാലയം സ്ഥാപിക്കാന്‍ സൗകര്യപ്രദമായ സ്ഥലത്തിനു വേണ്ടിയുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചു. ഇക്കാര്യം സാത്വികനായ കൊടുവയ്ക്കല്‍ ബാപ്പു ഹാജി അറിയാനിടയായി. അദ്ദേഹം കോളജ് സ്ഥാപിക്കാന്‍ തന്റെ ഭൂസ്വത്ത് മുഴുവന്‍ സമര്‍പ്പിക്കാനുള്ള സന്നദ്ധത നേതാക്കളെ അറിയിച്ചു. സ്ഥലം പരിശോധിച്ച ശേഷം അവിടെ കോളജ് സ്ഥാപിക്കാമെന്ന് ധാരണയായി. 03.02.1963ന് പ്രസ്തുത സ്ഥലത്ത് കോയ വീട്ടില്‍ ശിഹാബുദ്ദീന്‍ ഇമ്പിച്ചി കോയ തങ്ങള്‍ കോളജിന് തറക്കല്ലിട്ടു. പൊതുയോഗത്തില്‍ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് അധ്യക്ഷനായി.18.03.1963 റഹ്മാനിയ്യ മസ്ജിദില്‍ പഠനോദ്ഘാടനം നിര്‍വഹിക്കപ്പെട്ടു.
ശാഫിഈ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിഖ്യാതമായ തുഹ്ഫത്തുല്‍ മുഹ്താജ് ഓതിക്കൊടുത്ത് ഖുതുബി മുഹമ്മദ് മുസ്‌ലിയാരാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. താഴേകോട് കുഞ്ഞലവി മുസ്‌ലിയാരായിരുന്നു പ്രഥമ സ്വദ്ര്‍ മുദര്‍രിസ്. കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ സഹഅധ്യാപകനുമായി നിയമിതനായി. പ്രിന്‍സിപ്പല്‍ തസ്തിക നിലവില്‍ വന്നപ്പോള്‍ പ്രഥമ പ്രിന്‍സിപ്പലായത് ശംസുല്‍ ഉലമയായിരുന്നു.12.11.1964 പ്രധാന കെട്ടിടം സൂഫിവര്യനായ ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ജാമിഅയുടെ സംസ്ഥാപനത്തിനു പിന്നില്‍ മഹത്തായ ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. തനിമ നഷ്ടപ്പെടാതെ ഇസ്‌ലാമിനെ സംരക്ഷിക്കാന്‍ പ്രാപ്തരായ പണ്ഡിതരെ രൂപപ്പെടുത്തുക എന്നതാണ് അതില്‍ പ്രധാനം. മറ്റൊരു പ്രധാനലക്ഷ്യം ആദര്‍ശ പ്രചാരണമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ് മുസ്‌ലിം ഉമ്മത്തിന്റെ വിശ്വാസത്തെയും അനുഷ്ഠാനത്തെയും അദ്ധ്യാത്മികതയെയും അപനിര്‍മിതി നടത്തിയ പുത്തന്‍ ചിന്താധാര കേരളത്തില്‍ വേരുപിടിച്ചത്. മാര്‍ഗഭ്രംശങ്ങളെ പ്രതിരോധിക്കാനാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകൃതമായത്. സമസ്ത വിഭാവനം ചെയ്യുന്ന ആദര്‍ശവും രൂപപ്പെടുത്തുന്ന നയങ്ങളും നിലപാടുകളും പൊതുസമൂഹത്തെ ധരിപ്പിക്കാന്‍ പറ്റിയ പണ്ഡിതര്‍ ദഅ്‌വാ രംഗത്ത് ഉണ്ടാവല്‍ അനിവാര്യമാണ്. അത്തരം പണ്ഡിതരെയാണ് ജാമിഅയുടെ ശില്‍പികള്‍ ലക്ഷ്യമിട്ടിരുന്നത്.
മലബാര്‍ സമരത്തിന്റെ കനല്‍പഥങ്ങളില്‍ കാലിടറാതെ നിന്ന മുസ്‌ലിം ഉമ്മത്തിന് അനേകായിരങ്ങളുടെ ജീവനോടൊപ്പം ജീവിത വിഭവങ്ങളും സാമൂഹിക ഭദ്രതയും കൂടി നഷ്ടപ്പെട്ടിരുന്നു. ഈ ശൂന്യതയില്‍ നിന്ന് പൂര്‍വ പ്രതാപത്തിലെത്താന്‍ ക്രാന്തദര്‍ശികളായ സമസ്തയുടെ ഉലമാക്കള്‍ സാമൂഹികമായും വൈജ്ഞാനികമായും ഉമ്മത്തിനെ ഉയര്‍ത്താനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തത്. അവരുടെ ദീര്‍ഘവീക്ഷണം അര്‍ഥപൂര്‍ണമായത് ജാമിഅയുടെ വരവോടെയാണ്. കേരളത്തിലെ സമകാലിക മുസ്‌ലിം സാംസ്‌കാരിക രാഷ്ട്രീയാന്തരീക്ഷം വിലയിരുത്തുമ്പോള്‍ അക്കാര്യം ബോധ്യമാകും.
ജാമിഅയുടെ പ്രവര്‍ത്തനങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ കൂടി പടര്‍ന്നിരിക്കുകയാണ്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ജാമിഅയുടെ നിയന്ത്രണത്തിലുള്ള 63 ജൂനിയര്‍ കോളജുകള്‍ കാലികമായ പാഠ്യപദ്ധതികളോടെയാണ് ആവിഷ്‌കൃതമായിട്ടുള്ളത്. രണ്ട് ഉറുദു മീഡിയങ്ങളും അക്കൂട്ടത്തിലുണ്ടെന്നത് ശ്രദ്ധേയമാണ്. അയ്യായിരത്തിലധികം പഠിതാക്കള്‍ ഈ ജൂനിയര്‍ കോളജുകളില്‍ പഠനം നടത്തി വരുന്നുണ്ട്. കര്‍ണാടകയിലെ ഹുബ്ലി ദേര്‍വാഡ് ജില്ലയില്‍ 25 പ്രാഥമിക മദ്‌റസകള്‍ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. കേരളത്തിലെ ദര്‍സ് ഏകീകരണം പലപ്പോഴും പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ദര്‍സ് ഫെസ്റ്റിലൂടെ ദര്‍സ് ഏകീകരണം എന്ന ചരിത്ര ദൗത്യം പൂര്‍ത്തിയാക്കാനും ജാമിഅക്ക് കഴിഞ്ഞു. ഈ വാര്‍ഷികത്തോടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഹിഫ്‌ള് കോളജുകളെ ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ആലോചനയാണുള്ളത്. പൂര്‍വാനുഭവങ്ങളാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ജാമിഅ കുടുംബത്തിന് പ്രചോദനമേകുന്നത്.
സമൂഹത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ തിരിച്ചറിഞ്ഞിട്ടുള്ള പണ്ഡിതന്മാരെയാണ് കാലം തേടുന്നത്. അത്തരത്തിലുള്ള ജ്ഞാന കേന്ദ്രങ്ങളെ നിര്‍മിക്കുകയെന്നുള്ളതാണ് ജാമിഅ ചെയ്തുകൊണ്ടിരിക്കുന്നത്. അന്‍പത്തി ഏഴ് സംവത്സരങ്ങള്‍ പിന്നിടുന്ന ജാമിഅ നൂരിയ്യക്ക് ഇതിനകം അന്‍പത്തി അഞ്ച് ബാച്ചുകളിലായി ഏഴായിരത്തിലധികം ഫൈസി പണ്ഡിതരെ വിവിധ മത മേഖലകളില്‍ സമര്‍പ്പിക്കാന്‍ സാധ്യമായിട്ടുണ്ട്. ഈ വര്‍ഷം ഇരുനൂറ്റി അറുപത്തി ഒന്ന് പണ്ഡിതരാണ് സനദ് സ്വീകരിക്കുന്നത്. ജാമിഅയോളം സ്വീകാര്യത നേടിയ മറ്റൊരു സ്ഥാപനം കേരളത്തിലില്ല. ദിശാബോധവും സംവേദന ക്ഷമതയുമുള്ള ഒരു വിദ്വല്‍ സമൂഹത്തെ രൂപപ്പെടുത്തിയതിന്റെ ജനകീയ സാക്ഷ്യമാണത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago