നാലാം തവണയും മികച്ച നടിയായി സഹന
കാസര്‍കോട്: സപ്തഭാഷ സംഗമ ഭൂമിയില്‍ കലോത്സവമെത്തിയപ്പോള്‍ സ്വന്തം നാട്ടില്‍ മത്സരിക്കുന്നതിന്റെ ആവേശത്തിലായിരുന്നു സഹന. സ്വന്തം നാട്ടില്‍ കലോത്സവം നടക്കുമ്പോള്‍ കഴിഞ്ഞ മൂന്നു തവണയും കന്നട നാടകത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആത്മവിശ്വാസമായിരുന്നു. അതും തന്റെ കലാലയ ജീവിതത്തിലെ അവസാനത്തെ കലോത്സവം. മത്സരത്തിന്റെ ഫലം വന്നപ്പോള്‍ മികച്ച നടി 'മനോമൃഗ' എന്ന നാടകത്തില്‍ മൈനാ എന്ന കഥാപാത്രം അവതരിപ്പിച്ച സഹന സി.എന്‍ ഷെട്ടി എന്ന ഈ കലാപ്രതിഭയ്ക്കു തന്നെ.
നാലാം തവണയും കലോത്സവത്തില്‍ മികച്ച നടിയായി തിരഞ്ഞെടുത്തപ്പോള്‍ ഇനി ഈ വേദിയില്‍ നടിയായി എത്താന്‍ പറ്റില്ലല്ലോ എന്ന ഒറ്റ സങ്കടം മാത്രമാണ് ഇവള്‍ക്കു ഉണ്ടായിരുന്നത്. ചെര്‍ക്കളയിലെ പാടിയില്‍ നാരയാണ ഷെട്ടി-സുഗുണ ദമ്പതികളുടെ മകളായ സഹന 2014 മുതല്‍ കഴിഞ്ഞ ദിവസം അവസാനിച്ച കലോത്സവം വരെ തുടര്‍ച്ചയായി നാലു തവണയാണ് മികച്ച നടിയുടെ പട്ടം സ്വന്തമാക്കിയത്. കാസര്‍കോട് ഗവ. കോളജില്‍ രണ്ടാം വര്‍ഷ എം.എ കന്നട വിദ്യാര്‍ഥിനിയായ ഈ കുട്ടി ഇതേ കോളജില്‍ ബി.എയ്ക്കു പഠിക്കുമ്പോഴാണ് ആദ്യമായി അരങ്ങിലെത്തുന്നത്. ഇതിനിടയില്‍ തുളു സിനിമയില്‍ നിന്നും അവസരം തേടിയെത്തിയെങ്കിലും പഠിത്തത്തിന്റെ തിരക്കു മൂലം പോകാന്‍ സാധിച്ചില്ലെന്നും ഈ വിദ്യാര്‍ഥിനി പറയുന്നു. എന്നാല്‍ 'തെലിഗേ നഞ്ചി നിലികേ' എന്ന കന്നട സീരിയലില്‍ ഒരു വേഷം ചെയ്തിട്ടുണ്ട്. കന്നട-മലയാളം സിനിമകളില്‍ മികച്ച വേഷത്തിനു കാത്തിരിക്കുകയാണ് ഈ യുവകലാകാരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."