വൃത്തത്തില്‍ വരയപ്പെട്ട പ്രപഞ്ചം
എഴുത്ത്, ചിത്രം: നിധീഷ് കൃഷ്ണന്‍#
വൃത്തങ്ങളിലേക്ക് ആശയവും ഛായയും സന്നിവേശിപ്പിച്ചു മനോഹരമായ കലാസൃഷ്ടിയൊരുക്കുകയാണ് ജയറാം ചിത്രപ്പറ്റ. മനസിലെ ചിത്രസങ്കല്‍പങ്ങള്‍ക്കു ജീവന്‍ നല്‍കാന്‍ വൃത്തങ്ങളെ കൂട്ടുപിടിച്ചുള്ള വേറിട്ട ശൈലിയാണ് ജയറാമിന്റേത്. ഇതു കാഴ്ചക്കാര്‍ക്ക് ഏറെ ആസ്വാദ്യകരമാകുന്നുവെന്നു തിരിച്ചറിയുമ്പോള്‍ ഈ കലാകാരനു കുറച്ചൊന്നുമല്ല ആത്മസംതൃപ്തി.
മുംബൈ ജെ.ജെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍നിന്നുവന്ന എ.ബി ഉമ്മര്‍ മാസ്റ്ററുടെ കീഴില്‍ ചിത്രകല അഭ്യസിച്ച ജയറാം പിന്നീട് സ്വന്തമായി സര്‍ക്കിളിസം എന്ന ഒരാശയം തന്നെ സ്വന്തമായി രൂപപ്പെടുത്തിയെടുത്തു. ചിത്രകലയോടുള്ള അഗാധമായ പ്രണയം കാരണം 1997ല്‍ കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയല്‍ 'ഗാന്ധി സീരീസ് ' എന്ന തന്റെ ആദ്യ ചിത്രപ്രദര്‍ശം നടത്തുമ്പോള്‍ ആ ചെറുപ്പക്കാരന്റെ മനസില്‍ വലിയ പ്രതീക്ഷകളായിരുന്നു. ചെറുപ്പകാലത്ത് വായിച്ച ഗാന്ധിജിയുടെ ആത്മകഥയും സ്വാതന്ത്ര്യ സമരസേനാനിയായ അച്ഛനില്‍നിന്നുള്ള ഗാന്ധിയന്‍ ആശയങ്ങളും ആ യുവാവിന് ആദ്യ പ്രദര്‍ശനത്തിനു പ്രചോദനമായി.
പക്ഷേ ആദ്യ പ്രദര്‍ശനം വന്‍ പരാജയമായിരുന്നു ജയറാമിനു സമ്മാനിച്ചത്. ആര്‍ട് ഗാലറിയില്‍ ചിത്രപ്രദര്‍ശനം കാണാനെത്തിയ ഒരു പ്രമുഖ ചിത്രകാരന്‍ അദ്ദേഹത്തോടു പറഞ്ഞത് ഇപ്രകാരമായിരുന്നു: ''സ്വന്തമായി ഒരു ശൈലിയുമില്ലാതെ കുറേ ഗാന്ധിയുടെ തലകള്‍ വരഞ്ഞിട്ട് എന്തു കിട്ടാനാ!!'' ഈ വാക്കുകള്‍ ജയറാം എന്ന കലാകാരനില്‍ വളരെ വലിയ ആഘാതം സൃഷ്ടിച്ചു. അങ്ങനെയാണു ചിത്രകലയില്‍ സ്വന്തമായൊരു ശൈലി വികസിപ്പിക്കണമെന്ന വാശി ഉള്ളില്‍ ജനിച്ചത്.
''സര്‍ താങ്കള്‍ ഒരു ചിത്രകാരനാണെന്നും അതിലുപരി ഒരധ്യാപകനാണെന്നും അറിഞ്ഞതില്‍ അതിയായ സന്തോഷം. അധികാരവും പണവും പ്രശസ്തിയും മോഹിക്കുന്നവര്‍ ഗാന്ധിജിയുടെ പൃഷ്ഠഭാഗമാണു വരയുക. കുട്ടികള്‍ തല വരഞ്ഞു പഠിക്കട്ടെ... തലയിലാണ് എല്ലാം ഇരിക്കുന്നത്..''
തന്റെ ചിത്രങ്ങള്‍ക്കു നല്‍കിയ അഭിപ്രായത്തിന് ഇങ്ങനെയൊരു തുറന്ന കത്ത് എഴുതി അയച്ചാണ് ജയറാം അന്ന് ആ ചിത്രകാരനോടു പ്രതിഷേധിച്ചത്. അതിനുശേഷം എത്രയോ കാലം ചിത്രം വരയ്ക്കാതെ നടന്നു. വര്‍ഷങ്ങളുടെ നിശബ്ദതയ്ക്കുശേഷം വിദേശത്തേക്കു നാടുവിട്ടു ചെറിയ ചില ജോലികള്‍ നോക്കി. അധികം വൈകാതെ നാട്ടിലേക്കു തന്നെ തിരിച്ചുപോരേണ്ടിയും വന്നു. തുടര്‍ന്നു ചിത്രരചനയുമായുള്ള അലച്ചിലിനൊടുവില്‍ ഈ കലാകാരനു ലഭിച്ചത് സ്വന്തമായൊരു കലാശൈലി തന്നെയായിരുന്നു. സര്‍ക്കിളിസം, അതായത് വൃത്തങ്ങള്‍ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള ചിത്രംവര. അങ്ങനെ മനസിലുള്ള ആശയങ്ങള്‍ വൃത്തങ്ങള്‍ കൊണ്ട് മാത്രം അദ്ദേഹം വരയാന്‍ തുടങ്ങി.
സര്‍ക്കിളിസം എന്ന ശൈലി മറ്റൊരു ചിത്രകാരന്മാരും പിന്തുടരുന്നില്ലെന്നും അതു തന്റേതു മാത്രമായ സൃഷ്ടിയാണെന്നും അന്വേഷിച്ച് ഉറപ്പിച്ചതിനുശേഷമാണു വൃത്തങ്ങളെ കൂടെക്കൂട്ടിയതും ചിത്രങ്ങള്‍ ഇനി വൃത്തങ്ങള്‍ കൊണ്ടു മാത്രമായിരിക്കുമെന്നു തീരുമാനിച്ചുറപ്പിച്ചതും. അതിനുശേഷം ബംഗളൂരു, മുംബൈ അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലും ദുബൈ, അബൂദബി അടക്കമുള്ള വിദേശ നഗരങ്ങളിലും നിരവധി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു. ഈ പ്രദര്‍ശനങ്ങള്‍ വഴി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള പ്രശസ്തരായ ചിത്രകാരന്മാരുടെ പ്രോത്സാഹനവും ആത്മബന്ധവും അദ്ദേഹത്തിനു കൂട്ടായി എത്തി.
വൃത്തവും പ്രപഞ്ചവുമായുള്ള അഭേദ്യമായ ബന്ധം ജയറാമെന്ന കലാകാരന്റെ ഓരോ സൃഷ്ടിയിലും കാണാന്‍ കഴിയും. 'ദി ത്രീ ആംഗിള്‍സ് ഓഫ് ഗാന്ധി' എന്ന ചിത്രത്തില്‍ ചിത്രകാരന്‍ ഗാന്ധിജിയുടെ വിവിധ കോണുകളില്‍നിന്നുള്ള ഭാവങ്ങളാണു വരഞ്ഞിരിക്കുന്നത്. സൂക്ഷ്മമായ നിരീക്ഷണത്തിലൂടെയും അതിലുപരി ക്ഷമയോടും ശ്രദ്ധേയോടും കൂടി വൃത്തങ്ങളെ പല രീതിയല്‍ അടുക്കിവച്ച് ഓരോ സൃഷ്ടിക്കും കലാകാരന്‍ ജന്മം നല്‍കിയതു കാണുമ്പോള്‍ കാഴ്ചക്കാരന് ഈ കലാകാരനോട് ആശ്ചര്യവും ആദരവും തോന്നുന്നതില്‍ അത്ഭുതമില്ല.
ഈ പ്രപഞ്ചം നിലനില്‍ക്കുന്നതുതന്നെ വൃത്തരൂപത്തിലാണെന്നും അതു മനസിലാക്കാന്‍ മനുഷ്യനു മാത്രം സാധിച്ചിട്ടില്ലെന്നുമാണു ചിത്രകാരന്റെ ഭാഷ്യം. ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യനല്ലാത്ത ജീവജാലങ്ങളെല്ലാം അതിന്റെ പാര്‍പ്പിടം നിര്‍മിക്കുന്നതു വൃത്തരൂപത്തിലാണ്. മനുഷ്യന്‍ മാത്രമാണു ചതുരത്തിലും ത്രികോണത്തിലും വീടുകള്‍ നിര്‍മിക്കുന്നത്. ഇതു പ്രകൃതിയുടെ താളം തെറ്റിക്കുന്നുണ്ടെന്നും പ്രകൃതിരോഷത്തിനും മറ്റും ഇടയാക്കുമെന്നുമാണ് ജയറാം പറയുന്നത്. വൃക്ഷങ്ങള്‍ വികാസം പ്രാപിക്കുന്നതും നദികള്‍ ഒഴുകുന്നതും തേനീച്ചകളും പൂമ്പാറ്റകളും പൂവിനു ചുറ്റും പറക്കുന്നതും പൂവിതളുകള്‍ ക്രോഡീകരിച്ചിരിക്കുന്നതും കാന്തത്തിനു ചുറ്റും കാന്തിക മണ്ഡലം രൂപംകൊള്ളുന്നതും മനുഷ്യനു ചുറ്റും പ്രഭാവലയം രൂപപ്പെടുന്നതും, അങ്ങനെ നിരവധി ഉദാഹരണങ്ങളാണ് അദ്ദേഹത്തിനു പറയാനുള്ളത്.
എല്ലാ ജീവജാലങ്ങളുടെയും ബാഹ്യ രൂപഘടനയില്‍ വൃത്തം അടങ്ങിയിട്ടുണ്ടെന്നും ഈ പ്രകൃതിയിലുള്ള മനുഷ്യനിര്‍മിതമല്ലാത്ത ഏതൊരു വസ്തുവിനെയും അതിന്റെ ബാഹ്യരൂപത്തില്‍ ഒരു മാറ്റവും വരുത്താതെ വൃത്തത്തിനുള്ളിലേക്കു കൊണ്ടുവരാന്‍ തനിക്കാവുമെന്നും ഈ കലാകാരന്‍ പറയുന്നു. ബംഗളൂരു വാന്‍ഗോഗ് ആര്‍ട് ഗാലറിക്കു വേണ്ടി ചിത്രം വരയ്ക്കുന്ന ജയറാമിനു പിന്തുണയുമായി ഭാര്യ നിഷയും മകന്‍ ആദര്‍ശ് ജയറാമും കൂട്ടിനുണ്ട്. സര്‍ക്കിളിസം എന്ന പുത്തന്‍ ചിത്രരചനാ ശൈലിയെ പൂര്‍ണതയിലെത്തിക്കാന്‍ നാടുതോറും അലയുകയാണിപ്പോള്‍ ഈ അനുഗ്രഹീത കലാകാരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."