ചെറുകിട മേഖല സഊദി വല്‍ക്കരണം മൂന്നാം ഘട്ടം നാളെ മുതല്‍ പ്രാബല്യത്തില്‍; കൂടുതല്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും
അബ്ദുസലാം കൂടരഞ്ഞി#
റിയാദ്: സഊദി യുവതി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനായി പ്രഖ്യാപിച്ച ചെറുകിട മേഖലയിലെ സഊദി വല്‍ക്കരണത്തിന്റെ മൂന്നാം ഘട്ടം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പദ്ധതിയുടെ അവസാന ഘട്ടമാണ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. പുതുതായി പ്രാബല്യത്തില്‍ വരുന്ന പന്ത്രണ്ടു തരം സ്ഥാപനങ്ങളില്‍ എഴുപത് ശതമാനം
നടപ്പിലാക്കുമ്പോള്‍ മലയാളികളടക്കം ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.
മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, കാര്‍പെറ്റ് കടകള്‍, ചോക്കലേറ്റ്പലഹാര കടകള്‍ എന്നീ സ്ഥാപനങ്ങളാണ് നാളെ മുതല്‍ സഊദിവല്‍ക്കരണത്തിന്റെ പരിധിയില്‍ വരിക. ഇതില്‍ പലതിലും മലയാളികളാണ് അധികവും.
2018 ജനുവരി അവസാനത്തിലാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം മൂന്നു ഘട്ടങ്ങളിലായി പുതിയ സഊദി വല്‍ക്കരണ പദ്ധതി പ്രഖ്യാപിച്ചത്. ഇതിന്റെ ആദ്യ ഘട്ടം സെപ്തംബറിലും രണ്ടാം ഘട്ടം നവംബറിലും നടപ്പാക്കിയിരുന്നു. സഊദികള്‍ക്ക് കൂടുതലായി തൊഴില്‍ നല്‍കാന്‍ ഏറെ സാധ്യതയുള്ള മേഖലയാണെന്ന കണക്കു കൂട്ടലിലാണ് ചെറുകിട മേഖലകളില്‍ ഘട്ടം ഘട്ടമായ സഊദി വല്‍ക്കരണം നടപ്പാക്കുന്നത്. നൂറു ശതമാനമാണ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യത്തെ തുടര്‍ന്ന് 70 ശതമാനമാക്കി കുറക്കുകയായിരുന്നു. എങ്കിലും പത്തു തൊഴിലാളികള്‍ക്കുള്ള സ്ഥാപനങ്ങളില്‍ ഏഴു സഊദികളെ വെച്ചു സ്ഥാപനം നടത്തിക്കൊണ്ടു പോകാന്‍ സാധ്യമല്ലെന്ന് കണ്ടു മലയാളികള്‍ നടത്തുന്ന നിരവധി സ്ഥാപനങ്ങള്‍ ഒഴിഞ്ഞിട്ടുണ്ട്.
നിലവില്‍ ചില്ലറ വ്യാപാര മേഖലയില്‍ 24 ശതമാനമാണ് സഊദി വല്‍ക്കരണം. ബഖാലകള്‍ പോലുള്ള ചെറുകിട ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ പത്തു ശതമാനമാനവുമാണ്. 2020 ഓടെ ചെറുകിട മേഖലയില്‍ സഊദി വല്‍ക്കരണം 24 മുതല്‍ 50 ശതമാനം വരെയായി ഉയര്‍ത്തുന്നതിനാണ് ശ്രമം. അതേസമയം, ആശ്രിത ലെവിയും സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കുള്ള ലെവിയും മറ്റു ഫീസുകളും സാമ്പത്തിക പരിഷ്‌കരണങ്ങളും കാരണം ചില്ലറ വ്യാപാര മേഖലയില്‍ നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന് നിര്‍ബന്ധിതമായേക്കുമെന്ന് വ്യവസായികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."