റാഫേല്‍ ഇടപാട്: പ്രധാനമന്ത്രി ഇനിയും ഒഴിഞ്ഞുമാറരുത്
റാഫേല്‍ യുദ്ധവിമാന ഇടപാടു സംബന്ധിച്ച കരാറിലെ വ്യവസ്ഥകളെച്ചൊല്ലി കഴിഞ്ഞ രണ്ടു ദിവസം ലോക്‌സഭയില്‍ ചൂടേറിയ വാഗ്വാദങ്ങളാണ് നടന്നത്. ചര്‍ച്ച അവസാനിച്ചെങ്കിലും കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും ഇപ്പോഴും സംശയത്തിന്റെ നിഴലില്‍ തന്നെയാണ്. അദ്ദേഹം ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നിടത്തോളം അദ്ദേഹത്തില്‍ പതിഞ്ഞ സംശയത്തിന്റെ കറ നിലനില്‍ക്കുകയേയുള്ളൂ.
തനിക്കുമേല്‍ വന്നുപതിച്ച അഴിമതിയാരോപണത്തില്‍ വസ്തുതകള്‍ നിരത്തി സത്യാവസ്ഥ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ നരേന്ദ്രമോദിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആ നിലയ്ക്ക് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ രണ്ടു മണിക്കൂറല്ല എത്ര സമയമെടുത്ത് പ്രസംഗിച്ചാലും പൊതുസമൂഹം അതു വിശ്വസിക്കാന്‍ പോകുന്നില്ല:
രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഉന്നയിച്ച പ്രസക്തമായ രണ്ടു ചോദ്യങ്ങള്‍ക്ക് പ്രതിരോധ മന്ത്രിക്കു മറുപടി നല്‍കാനും കഴിഞ്ഞിട്ടില്ല. റാഫേല്‍ ഇടപാടില്‍ 30,000 കോടി രൂപയുടെ ഓഫ്‌സെറ്റ് കരാര്‍ ലഭിച്ചെന്നും പിന്നീടുള്ള ആജീവനാന്ത പദ്ധതികളിലൂടെ ഒരു ലക്ഷം കോടി രൂപ ലഭിക്കുമെന്നും അനില്‍ അംബാനിയുടെ കമ്പനി സ്വയം അവകാശപ്പെടുന്ന സ്ഥിതിക്ക് ഇതിന്റെ നിജസ്ഥിതി ലോക്‌സഭയില്‍ നടത്തിയ മറുപടിയിലൂടെ വ്യക്തമാക്കാന്‍ നിര്‍മലയ്ക്കു കഴിഞ്ഞിട്ടില്ല. അവരുടെ മുറുപടി പ്രസംഗത്തെ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും പുകഴ്ത്തിയതുകൊണ്ടായില്ല. പ്രസക്തമായ രണ്ടു ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ അവര്‍ ഒഴിഞ്ഞുമാറി എന്നതാണ് വസ്തുത.
26 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ യു.പി.എ സര്‍ക്കാര്‍ തുടങ്ങിവച്ച നീക്കം റദ്ദാക്കി പ്രധാനമന്ത്രി നേരിട്ട് 30 എണ്ണം വാങ്ങാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാന കാരണമെന്ത്? പ്രതിരോധ മന്ത്രാലയ അധികൃതര്‍, വ്യോമസേനാ മേധാവി എന്നിവര്‍ കരാറിനായി പത്തു വര്‍ഷത്തോളം നടത്തിയ ചര്‍ച്ചകള്‍ മറികടന്ന് മോദി സ്വയം തീരുമാനമെടുത്തത് എന്തു മാനദണ്ഡം അടിസ്ഥാനമാക്കിയാണ്? പ്രധാനമന്ത്രിയുടെ ഈ നീക്കത്തെ ഏതെങ്കിലും ഘട്ടത്തില്‍ പ്രതിരോധ മന്ത്രാലയം എതിര്‍ത്തോ, ഇല്ലയോ? തുടങ്ങിയ രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്കു നിര്‍മലാ സീതാരാമന് മറുപടി പറയാന്‍ കഴിയാതെ പോയത് എന്തുകൊണ്ട്?
വിലയ്‌ക്കെടുക്കപ്പെട്ട ദേശീയ മാധ്യമങ്ങളില്‍ ചിലതിന്റെയും ദൃശ്യമാധ്യമങ്ങളുടെയും പിന്തുണയോടെ രാഹുലിനെ കൊച്ചാക്കി കാണിക്കുന്നതില്‍ ആര്‍.എസ്.എസ് ബുദ്ധികേന്ദ്രങ്ങള്‍ തല്‍കാലത്തേക്ക് വിജയിച്ചെങ്കിലും യാഥാര്‍ഥ്യം പൊതുസമൂഹം മനസിലാക്കിത്തുടങ്ങിയിരിക്കുന്നു. വലിയ സൗകര്യങ്ങള്‍ക്കിടയില്‍ ജനിക്കുകയും വളരുകയും ചെയ്ത രാഹുല്‍ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുന്നു. കര്‍ഷകന്റെ പ്രയാസങ്ങളും പ്രശ്‌നങ്ങളും പഠിക്കുന്നു. തനിക്കറിയാത്തത് അറിവുള്ളവരോടു ചോദിച്ചു മനസിലാക്കുന്നു. പത്രസമ്മേളനം നടത്തുന്നു. സ്വയം ന വീകരിച്ചുകൊണ്ടിരിക്കുന്നു. മോദിയാകട്ടെ അദ്ദേഹം തന്നെ പറയുന്നതു പോലെ ചായക്കടക്കാരന്റെ സാധാരണ മകനായി ജനിക്കുകയും വളരുകയും ചെയ്തു. ഇപ്പോള്‍ കോര്‍റേറ്റ് കൂട്ടുകെട്ടുണ്ടാക്കുന്നു. നരേന്ദ്രമോദിയെന്നു സ്വര്‍ണലിപികളാല്‍ ആലേഖനം ചെയ്ത കോട്ടിട്ട് പൊതുസമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നു. പത്രസമ്മേളനങ്ങളെ ഒഴിവാക്കുന്നു. മാധ്യമ ചോദ്യങ്ങളെ ഭയപ്പെടുന്നു. ആരാണ് പരിഹാസ്യരെന്ന് ജനം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്ന ഒരു വേളയില്‍ രാഹുലിനെ പരിഹസിച്ച് അദ്ദേഹം ഉന്നയിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളെ അവഗണിക്കാമെന്ന് ബി.ജെ.പി കരുതുന്നുണ്ടെങ്കില്‍ മൗഢ്യമായിരിക്കുമത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പ്രധാന ആയുധമാക്കുക റാഫേല്‍ ഇടപാടിലെ അഴിമതി തന്നെയായിരിക്കും
റാഫേല്‍ ഇടപാട് സംബന്ധിച്ച് രണ്ടു ദിവസം ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ നിന്നും മോദി മാറിനിന്നത് ചോദ്യങ്ങളെ നേരിടാന്‍ കഴിയാത്തതിനാലാണ്. തന്നെ പരിഹസിക്കുന്ന മാധ്യമങ്ങളെപ്പോലും സമചിത്തതയോടെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന രാഹുലിനെ പൊതുസമൂഹത്തില്‍ കൊച്ചാക്കുന്ന പതിവു ഫോര്‍മുലകള്‍ ബി.ജെ.പിക്ക് ഇനി ഉപയോഗിക്കാനാവില്ല. അതിന്റെ തെളിവുകളാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലൂടെ കണ്ടത്.ദേശീയ മാധ്യമങ്ങളുടെ തമസ്‌കരണങ്ങളെ അതിജീവിച്ചുകൊണ്ടാണ് അദ്ദേഹം ഇത്രയും ദൂരം താണ്ടിയിരിക്കുന്നതെന്നോര്‍ക്കണം. അഗസ്റ്റ വെസ്റ്റ്‌ലാന്റിനെ കരിമ്പട്ടികയില്‍ നിന്നൊഴിവാക്കാന്‍ ഇപ്പോള്‍ രാജ്യസഭാംഗവും മുന്‍ കേന്ദ്ര മന്ത്രിയുമായ ബി.ജെ .പി നേതാവ് സഹായിച്ചെന്ന ആരോപണത്തിനും കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയേണ്ടിവരും.
റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് പൊതുസമൂഹം ഉറച്ചു വിശ്വസിക്കുന്നു. ആ വിശ്വാസം തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്നു സ്ഥാപിക്കാന്‍ ബി.ജെ.പി സര്‍ക്കാരിനു കഴിയാത്തിടത്തോളം കേന്ദ്ര സര്‍ക്കാര്‍ കുറ്റവാളി തന്നെയായിരിക്കും പൊതു സമൂഹത്തിനു മുന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."