ത്രില്ലര്‍ പോരാട്ടം വിജയിച്ച് സിറ്റി, അത്ലറ്റിക്കോ
ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ ത്രില്ലര്‍ പോരാട്ടം അതിജീവിച്ച് മാഞ്ചസ്റ്റര്‍ സിറ്റി, അത്ലറ്റിക്കോ മാഡ്രിഡ് ടീമുകളുടെ ഉജ്ജ്വല മുന്നേറ്റം. മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം തട്ടകത്തില്‍ ഫ്രഞ്ച് കരുത്തരായ മൊണാക്കോയെ 5-3നു പരാജയപ്പെടുത്തി. എവേ പോരാട്ടത്തില്‍ ജര്‍മന്‍ ടീം ബയര്‍ ലെവര്‍കൂസനെ 4-2നു വീഴ്ത്തി അത്ലറ്റിക്കോ മാഡ്രിഡ് ക്വാര്‍ട്ടര്‍ പ്രവേശം ഏതാണ്ടുറപ്പാക്കി.
ആവേശം വാനോളമുയര്‍ന്ന പോരാട്ടത്തിലാണു സ്വന്തം തട്ടകത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി വിജയിച്ചു കയറിയത്. അടിക്ക് തിരിച്ചടിയെന്ന മട്ടില്‍ മൊണാക്കോ കളം നിറഞ്ഞതോടെ സിറ്റി കഠിനാധ്വാനം ചെയ്താണു വിജയിച്ചത്. അഗ്യെറോയുടെ ഇരട്ട ഗോളുകളാണു ഇരു ടീമുകളും തമ്മിലുള്ള അന്തരം. 26ാം മിനുട്ടില്‍ സിറ്റി സ്റ്റെര്‍ലിങിലൂടെ ലീഡെടുത്തപ്പോള്‍ മൊണാക്കോയുടെ മറുപടി 32ാം മിനുട്ടില്‍ റഡാമല്‍ ഫാല്‍ക്കാവോ നല്കി. 40ാം മിനുട്ടില്‍ ലോട്ടിനിലൂടെ മൊണാക്കോ മുന്നിലെത്തി. 58ാം മിനുട്ടില്‍ അഗ്യെറോ സിറ്റിക്ക് സമനില സമ്മാനിച്ചു. 61ാം മിനുട്ടില്‍ ഫാല്‍ക്കാവോ വീണ്ടും മൊണാക്കോയെ മുന്നില്‍ കടത്തി. പിന്നീട് 71ാം മിനുട്ടില്‍ അഗ്യെറോ രണ്ടാം ഗോളിലൂടെ സിറ്റിയെ വീണ്ടും ഒപ്പമെത്തിച്ചു. 77ല്‍ ജോണ്‍ സ്റ്റോണ്‍സും 82ല്‍ ലോറെ സനെയും നേടിയ ഗോളില്‍ സിറ്റി ഒടുവില്‍ വജയിച്ചു. അതേസമയം പോരാട്ടം വിജയിച്ചെങ്കിലും സ്വന്തം തട്ടകത്തില്‍ വഴങ്ങിയ മൂന്നു ഗോളുകള്‍ സിറ്റിക്ക് തിരിച്ചടിയാകുമോ എന്നു കണ്ടറിയാം.
അന്റോയിന്‍ ഗ്രിസ്മാന്, ഫെര്‍ണാണ്ടോ ടോറസ്, ഗമെയ്റോ, സോള്‍ എന്നിവര്‍ നേടിയ ഗോളുകളിലാണു അത്ലറ്റിക്കോ4-2നു ബയര്‍ ലെവര്‍കൂസനെതിരേ വിജയം സ്വന്തമാക്കിയത്. എവേ പോരാട്ടത്തില്‍ നേടിയ നാലു ഗോളുകളുടെ മുന്‍തൂക്കത്തില്‍ സ്വന്തം തട്ടകത്തില്‍ രണ്ടാംപാദം കളിക്കാന്‍ അത്ലറ്റിക്കോയ്ക്ക് വേവലാതിയില്ലാതെ ഇറങ്ങാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."