വീട്ടമ്മയുടെ ആത്മഹത്യ: ഫേസ്ബുക്കിലെ 'വ്യാജന്‍' അറസ്റ്റില്‍
കണ്ണൂര്‍: വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ അറസ്റ്റ്‌ചെയ്തു. താഴെചൊവ്വ കീഴ്ത്തള്ളി ഓവുപാലത്തിനു സമീപം അരവിന്ദത്തില്‍ പി. ജിതിന്‍ (29) ആണ് അറസ്റ്റിലായത്. ടൗണ്‍ പൊലിസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് മാസങ്ങള്‍ക്കുശേഷം പ്രതിയെ പിടികൂടിയത്. വീട്ടമ്മയുടെ മൃതദേഹത്തില്‍നിന്ന് ലഭിച്ച കടലാസ് കഷ്ണത്തില്‍ രേഖപ്പെടുത്തിയ വാക്കുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സംഭവത്തില്‍ വഴിത്തിരിവായത്. 2019 മെയ് മാസമാണ് വീട്ടമ്മയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്നു ഭര്‍ത്താവിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യ ചെയ്തതിനു കാരണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദന്റെ മേല്‍നോട്ടത്തില്‍ ടൗണ്‍ പൊലിസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം കേസുമായി മുന്നോട്ടുപോയി. വീട്ടമ്മയുടെ ഫോണ്‍ വിളികളുടെ വിവരം പരിശോധിച്ചപ്പോള്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആത്മഹത്യ ചെയ്ത സ്ത്രീയുടെ ഉള്ളം കൈയില്‍ പിടിച്ച നിലയില്‍ 'പിങ്കി പിങ്കു' എന്ന രണ്ടു വാക്കുകള്‍ എഴുതിയ കടലാസ് കഷ്ണം ലഭിച്ചിരുന്നു. ആ വാക്കുകളാണു പ്രതിയിലേക്ക് എത്താന്‍ പൊലിസിന് തുമ്പായത്. ഈ വാക്കുകള്‍ ഓണ്‍ലൈന്‍ ഗെയിമിനോട് സാമ്യമുള്ളതായാണ് തുടക്കത്തില്‍ തോന്നിപ്പിച്ചത്. ഇതോടെ വിവിധ ഓണ്‍ലൈന്‍ ഗെയിം പരിശോധിച്ചു. പിന്നീട് ഫേസ്ബുക്ക് ഐ.ഡികള്‍ പരിശോധിക്കുകയും സമീപ പൊലിസ് സ്റ്റേഷനുകളിലെ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ ശല്യം ചെയ്യുന്ന പരാതികളും പരിശോധിച്ചതില്‍ നിന്നാണ് പ്രതിയിലേക്ക് അന്വേഷണസംഘം എത്തിയത്. സൈബര്‍സെല്‍ ടീം കണ്‍ട്രോളര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഡാറ്റകള്‍ വിശകലനം ചെയ്തപ്പോഴാണ് യുവതിയുമായി ബന്ധമുള്ള 'പിങ്കി പിങ്കു' എന്ന ഫേസ് ബുക്ക് ഐ.ഡിയെക്കുറിച്ച് വിവരം ലഭിച്ചത്.
വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്കില്‍ നിര്‍മിച്ചു വീട്ടമ്മമാരെ കെണിയില്‍ വീഴ്ത്തുകയും വീട്ടമ്മമാര്‍ക്ക് പറ്റുന്ന അബദ്ധ സന്ദേശങ്ങളും ദൗര്‍ബല്യങ്ങളും മുതലെടുക്കുകയുമാണ് പ്രതി ചെയ്തതെന്ന് പൊലിസ് പറഞ്ഞു. കാവ്യ, നീതു, ശരത് മോഹന്‍, ജിത്തു തുടങ്ങിയ പേരുകളിലും വ്യാജ പ്രൊഫൈലുകള്‍ ഇയാള്‍ ഉണ്ടാക്കിയതായി പൊലിസ് കണ്ടെത്തി. ഇതുവഴിയാണ് ആളുകളെ കബളിപ്പിച്ചത്. വീട്ടമ്മ ആത്മഹത്യ ചെയ്തതറിഞ്ഞു ജിതിന്‍ മുഴുവന്‍ ഡാറ്റകളും നശിപ്പിച്ചിരുന്നു. പിന്നീട് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലൂടെ മുഴുവന്‍ തെളിവുകളും ശേഖരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."