സര്‍ക്കാരും ഗവര്‍ണറും തുറന്ന യുദ്ധത്തിന്, എല്ലാ തീരുമാനവും ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല, പദവിയുടെ വലിപ്പം തിരിച്ചറിയാത്തയാളാണ് ഗവര്‍ണറെന്ന് ദേശാഭിമാനി
തിരുവനന്തപുരം: കേരള ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ശീത സമരം തുറന്നയുദ്ധത്തിലേക്കു കടക്കുന്നു. മുഖ്യമന്ത്രിയും സി.പി.എമ്മും സി.പി.ഐയും ഗവര്‍ണര്‍ക്കെതിരേ തിരിഞ്ഞതോടെ കാര്യങ്ങള്‍ അതീവ ഗൗരവതരമായി തീര്‍ന്നിരിക്കുകയാണ്. തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കാത്ത ഗവര്‍ണര്‍ക്കെതിരേയാണ് സര്‍ക്കാരും എല്‍.ഡി.എഫും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം കാജേന്ദ്രനും നേരത്തെ രംഗത്തെത്തിയത്. ഗവര്‍ണര്‍ ഇങ്ങനെ തരംതാഴരുതെന്നും നയപ്രഖ്യാപനം നടത്തിയില്ലെങ്കില്‍ അപ്പോള്‍ കാണാമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കി.
ഗവര്‍ണറുടെ നടപടി പദവിക്കു നിരക്കുന്നതല്ലെന്നും പ്രകോപനം സൃഷ്ടിക്കുന്നതാണെന്നും എല്‍.ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനും ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറുടെ നടപടിക്കെതിരേ രംഗത്തുവന്നു. നിയമസഭക്കുമേല്‍ റസിഡന്റുമാരില്ലെന്നകാര്യം ഓര്‍ക്കുന്നത് നന്നാകുമെന്ന് അദ്ദേഹം ഗവര്‍ണറെ ഓര്‍മിപ്പിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപ്പിച്ചത് അറിഞ്ഞില്ലെന്നായിരുന്നു ഗവര്‍ണറുടെ പരാതി. താന്‍ വെറും ഒരു റബര്‍ സ്റ്റാമ്പല്ലെന്ന് ഉത്തരവാദപ്പെട്ടവര്‍ അറിയണമെന്ന മുന്നറിയിപ്പും ഗവര്‍ണര്‍ നല്‍കിയിരുന്നു. ഇതെല്ലാം സര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇരുവരും അഭിപ്രായ ഭിന്നത കൂടുതല്‍ ശക്തമാകുന്നിടത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
അതിനിടെ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് ദേശാഭിമാനിയില്‍ മുഖപ്രസംഗവും പ്രത്യക്ഷപ്പെട്ടു. രൂക്ഷമായ ഭാഷയിലാണ് മുഖപ്രസംഗത്തില്‍ ഗവര്‍ണറെ വിമര്‍ശിക്കുന്നത്.
സര്‍ക്കാരിന്റെ എല്ലാ തീരുമാനവും ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ലെന്ന് മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു.
അനുച്ഛേദം 167ല്‍ ഇക്കാര്യം വ്യക്തം. ഗവര്‍ണര്‍ക്ക് വിവരം നല്‍കുന്നതില്‍ മുഖ്യമന്ത്രിയുടെ കര്‍ത്തവ്യങ്ങളാണ് അതില്‍ വിശദീകരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കാനുള്ള ഭരണഘടനാ ബാധ്യത മാത്രമേ മുഖ്യമന്ത്രിക്കുള്ളൂ. ദൈനംദിന തീരുമാനങ്ങള്‍ അറിയിക്കണമെന്ന് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നില്ല. 2016 ജൂലൈ 13ലെ ജഗദീഷ്‌സിങ് ഗേല്‍ഹര്‍ നേതൃത്വം നല്‍കിയ സുപ്രിംകോടതി അഞ്ചംഗ ബെഞ്ചിന്റെ വിധി നിര്‍ണായകമാണ്. അരുണാചല്‍ എം.എല്‍.എമാരുടെ അയോഗ്യതയുമായി ബന്ധപ്പെട്ട കേസിലെ വിധികൂടി നോക്കണം. ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്ന അധികാരങ്ങളേ ഉള്ളൂവെന്ന് അതില്‍ കൃത്യമായി പറഞ്ഞു. അതായത് ഗവര്‍ണര്‍ക്ക് സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനേ കഴിയില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സഭാപ്രമേയം നിയമപരമാണ്. ചട്ടങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ചാണ് അത് പാസാക്കിയതും. പ്രമേയം പാസാക്കുംമുമ്പ് ഗവര്‍ണറെ അറിയിക്കണമെന്നില്ലെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരത്തും ഡല്‍ഹിയിലും മാധ്യമങ്ങളെ കണ്ട ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ പദവിയുടെ വലുപ്പം തിരിച്ചറിയാത്തവിധമാണ് രാഷ്ട്രീയ പ്രസ്താവങ്ങള്‍ നടത്തിയതെന്നും സംസ്ഥാന സര്‍ക്കാരുമായുണ്ടായ തെറ്റിദ്ധാരണ വിവാദമാക്കുകയുമാണ് അദ്ദേഹത്തിന്റെ അജന്‍ഡയെന്നും മുഖ പ്രസംഗം ആരോപിക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളിലെ കേരളത്തിന്റെ പങ്കാളിത്തത്തില്‍ ക്ഷുഭിതനായ ഖാന്‍ സംസ്ഥാനത്തിനെതിരെ കടുത്ത ഭാഷയിലാണ് ഭീഷണി മുഴക്കുന്നതും. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കുപരി ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് ഭരണഘടന വിഭാവനം ചെയ്യുംവിധമാണ്. രാഷ്ട്രീയ നിയമനമായ ഗവര്‍ണര്‍ സ്ഥാനവും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചുപോയിരിക്കുകയാണ്. മുഖ പ്രസംഗം പറയുന്നു.
മോദി ഗവണ്‍മെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുക മാത്രമല്ല, നിയമപരമായും സമരമുഖം തുറന്നിരിക്കയാണ്. കേന്ദ്ര തീരുമാനത്തിന്റെ ഭരണഘടനാ സാധുതയെ അനുച്ഛേദം 131 അനുസരിച്ച് ചോദ്യംചെയ്യാനും മുന്നിട്ടിറങ്ങി. അത് തന്നോട് ആലോചിക്കാതെയാണെന്ന വിമര്‍ശനമാണ് ഗവര്‍ണര്‍ പ്രകടിപ്പിച്ചത്. സംസ്ഥാനത്തിന് സ്വതന്ത്രമായ ഒരു അധികാരവുമില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുപോലും ഗവര്‍ണറുടെ അനുമതിക്ക് കാത്തുനില്‍ക്കണം എന്നുമുള്ള കീഴ്വഴക്കം ഉറപ്പിക്കാനാണ് ശ്രമം. ആരും ഭരണഘടനയ്ക്ക് അതീതരല്ലെന്നാണ് ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നത്. കാരണമായി ചൂണ്ടുന്നത് ഗവര്‍ണറെ അറിയിക്കാതെ സുപ്രിംകോടതിയില്‍ സ്യൂട്ട് നല്‍കിയതാണെന്നും മുഖപ്രസംഗത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."