ആദിവാസി യുവാവിന്റെ മരണം കൊലപാതകം
കല്‍പ്പറ്റ: മൂന്നു വര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു. കേണിച്ചിറ അതിരാറ്റ്കുന്ന് പണിയ കോളനിയിലെ മണിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേണിച്ചിറ വേങ്ങനില്‍ക്കുംതൊടിയില്‍ തങ്കപ്പന്‍, മകന്‍ സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.
2016 ഏപ്രില്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. കേണിച്ചിറക്ക് സമീപത്തെ തോട്ടത്തില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനു സമീപം വിഷക്കുപ്പിയും കണ്ടെത്തിയിരുന്നു. എന്നാല്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കി. ഇതോടെ ലോക്കല്‍ പൊലിസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷത്തിനൊടുവിലാണ് കൊലപാതകം തെളിഞ്ഞതും രണ്ട് പേരെ അറസ്റ്റ് ചെയ്തതും. കൂലി കൂടുതല്‍ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ മണിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തോട്ടത്തില്‍ കിടത്തി. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനായി മൃതദേഹത്തിന് സമീപം വിഷക്കുപ്പി വയ്ക്കുകയും ചെയ്തു.
അസ്വാഭാവിക മരണമായി കണക്കാക്കി കേണിച്ചിറ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
2018ല്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസ് കഴിഞ്ഞ ദിവസമാണ് പ്രതികളിലേക്കെത്തിയത്. ഇതോടെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ തങ്ങള്‍ നിരപരാധികളാണെന്ന് പ്രതികള്‍ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുന്നതിനിടെ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."