വഞ്ചിയൂരില്‍ തോട്ടില്‍ നിറയെ മാലിന്യം: പൊറുതിമുട്ടി നാട്ടുകാര്‍
ആറ്റിങ്ങല്‍: വഞ്ചിയൂര്‍ ജങ്ഷനിലെ തോട്ടില്‍ മാലിന്യം നിറഞ്ഞതോടെ പ്രദേശവാസികളും ഓട്ടോറിക്ഷാത്തൊഴിലാളികളും ബുദ്ധിമുട്ടിലായി. വഞ്ചിയൂര്‍ ജങ്ഷനിലെ വലിയ തോട്ടിലാണ് മാലിന്യം കെട്ടിനില്‍ക്കുന്നത്. വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യം തോട്ടിലേക്കൊഴുക്കുന്നതായാണ് പരാതി. കക്കൂസ് മാലിന്യമുള്‍പ്പെടെ തോട്ടില്‍ നിറഞ്ഞുകിടക്കുന്നു. വാമനപുരം ആറ്റിലാണ് ഈ തോട് ഒഴുകിച്ചേരുന്നത്. ഒട്ടേറെ കുടിവെള്ള പദ്ധതികള്‍ പ്രവര്ത്തിക്കുന്നതിനടുത്താണിത് എത്തുന്നത്. പൊതുജനങ്ങളുടെ ആരോഗ്യത്തിന് വന്‍ ഭീഷണിയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. തോട്ടില്‍ ഒഴുക്ക് കുറഞ്ഞതോടെയാണ് നാട്ടുകാര്‍ വിഷയം ശ്രദ്ധിച്ചത്. ഇപ്പോള്‍ വെള്ളം കറുത്ത നിറത്തിലാണ്. ദുര്‍ഗന്ധം കാരണം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും ഓട്ടോ സ്റ്റാന്‍ഡിലെയും ജീവനക്കാര്‍ ബുദ്ധിമുട്ടുകയാണിപ്പോള്‍. മാലിന്യം നിറഞ്ഞ ഈ തോട്ടില്‍ നിന്നുമാണ് കൃഷിക്കാവശ്യമായ ജലം വയലേലകളിലേക്ക് ശേഖരിക്കുന്നത്. ഇതിനാല്‍ കര്‍ഷക തൊഴിലാളികളും ആശങ്കയിലാണ്. പ്രദേശത്തിപ്പോള്‍ കൊതുകു ശല്യം കൂടുതലാണ്. കരവാരം പഞ്ചായത്തോഫിസില്‍ പലതവണ വിവരം അറിയിച്ചിട്ടും അന്വേഷണം നടത്താന്‍ പോലും അധികൃതര്‍ തയാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രശ്ന പരിഹാരത്തിനായി സമരപരിപാടികള്‍ക്കൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."