മരണക്കെണിയൊരുക്കി ദേശീയപാത
കാസര്‍കോട്: മരണക്കെണിയൊരുക്കി ജില്ലയിലെ റോഡുകള്‍. ഒരാഴ്ചക്കിടെ റോഡപകടങ്ങളിലായി പൊലിഞ്ഞത് എട്ടു ജീവനുകള്‍. കഴിഞ്ഞ 14നു രാവണീശ്വരത്തെ സി.പി.ഐ നേതാവ് കുഞ്ഞിക്കേളു സഞ്ചരിച്ച ഓട്ടോയില്‍ കോളോത്ത് വച്ച് ലോറിയിടിച്ചു മരിച്ചിരുന്നു. തൊട്ടടുത്ത ദിവസം ദേശീയപാതയില്‍ പിലിക്കോട് മട്ടലായിലുണ്ടായ അപകടത്തില്‍ കാര്‍ ലോറിയിലിടിച്ച് ഒരാള്‍ മരിച്ചിരുന്നു. നീലേശ്വരം സ്വദേശി എം സന്തോഷ് കുമാറാണ് മരിച്ചത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ബന്ധു ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്കു പോവാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന മഞ്ചേശ്വരം സ്വദേശി മഹേഷ് 16നു രാത്രി എട്ടോടെ കെ.എസ്.ആര്‍.ടി.സി ബസിടിച്ചു മരിച്ചിരുന്നു. എസ്.എഫ്.ഐ നേതാവും കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന്റെ സംഘാടക സമിതി അംഗവുമായ അഹമ്മദ് അഫ്‌സല്‍ മരണപ്പെട്ടതു 18നു പുലര്‍ച്ചെയാണ്. ദേശീയപാതയില്‍ പാണലത്തു വച്ച് അഫ്‌സല്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 20നു ചട്ടഞ്ചാലില്‍ വച്ച് പള്ളിയില്‍ നിന്നു മടങ്ങുകയായിരുന്ന കുഞ്ഞഹമ്മദ് കാറിടിച്ചും 18നു രാത്രി ഉദുമ പള്ളത്തു വച്ച് ബൈക്കിടിച്ചു പരുക്കേറ്റ അച്ചേരിക്കുന്നിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കെ.വി ബാലകൃഷ്ണന്‍ മംഗളൂരു ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഉബൈദ് അനുസ്മരണത്തിനെത്തിയ മാപ്പിളപ്പാട്ട് കവി അഷ്‌റഫ് കുന്നത്ത് ബേക്കല്‍ പൂച്ചക്കാട് വച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റും സി.പി.സി.ആര്‍.ഐക്കു സമീപത്തുണ്ടായ അപകടത്തില്‍ പരുക്കേറ്റ മുസ്്‌ലിം ലീഗ് നേതാവ് അബ്ദുല്‍ ഗഫൂര്‍ ഇന്നലെ മംഗളൂരു ആശുപത്രിയിലും മരിച്ചു.
അപകടം തടയാന്‍ അധികൃതരുടെ ഭാഗത്തു നിന്നു വേണ്ട മുന്‍കരുതലുകളൊന്നുമുണ്ടാവുന്നില്ലെന്ന ആക്ഷേപം പരക്കെ ഉയര്‍ന്നിട്ടുണ്ട്. റോഡുകളില്‍ രാത്രികാല പരിശോധന ഇല്ലാത്തതും അപകടങ്ങളില്‍ പെടുന്നവരെ രക്ഷപ്പെടുത്താനും മദ്യപിച്ചും ലൈസന്‍സില്ലാതെയും ഓടുന്ന വാഹനങ്ങളെ പിടികൂടാനും പൊലിസ് തയാറാവാത്തതുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്നാണ് ആക്ഷേപം. രാത്രികാല പരിശോധനയ്ക്കായി രണ്ടു ഹൈവേ പട്രോളിങ് വാഹനങ്ങള്‍ ഉണ്ടെങ്കിലും ഇവയുടെ പ്രയോജനം പലപ്പോഴും ലഭിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
മംഗളൂരുവില്‍ നിന്നു ഗ്യാസുമായി പോകുന്ന വാഹനങ്ങളില്‍ മിക്ക സമയങ്ങളിലും ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നത് യോഗ്യതയില്ലാത്തവരാണ്. നിശ്ചിത യോഗ്യതയുള്ള ഡ്രൈവര്‍മാര്‍ ഗ്യാസ് റിഫൈനറിസില്‍ നിന്നു വാഹനങ്ങള്‍ എടുത്ത് മംഗളൂരുവില്‍ എത്തിച്ചു സാധാരണ ഡ്രൈവര്‍മാര്‍ക്കു കൈമാറുകയാണു പതിവ്. രഒരു ഗ്യാസ് ടാങ്കര്‍ ലോറിയില്‍ രണ്ടു ഡ്രൈവര്‍മാര്‍ വേണമെങ്കിലും മിക്കപ്പോഴും ഒരാള്‍ മാത്രമേ ഉണ്ടാകാറുള്ളു.
ദീര്‍ഘദൂര ചരക്ക് വാഹനങ്ങളില്‍ കുറഞ്ഞത് രണ്ടു ഡ്രൈവര്‍ വേണമെന്ന വ്യവസ്ഥയുണ്ടെങ്കിലും ഒരു ഡ്രൈവറും ക്ലീനറുമാണ് മിക്കവാഹനങ്ങളിലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."