ടി.ടി.ഇയെ തള്ളിയിട്ട കേസില്‍ യുവാവിനെ അറസ്റ്റു ചെയ്തു
കാസര്‍കോട്: സീസണ് ടിക്കറ്റില്‍ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടി.ടി.ഇയെ തള്ളിയിട്ട സംഭവത്തില്‍ മംഗളൂരു കുളൂരിലെ ഉമ്മര്‍ അന്‍സാറി(34)നെ കാസര്‍കോട് റെയില്‍വെ പൊലിസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാത്രി മംഗളൂരുവില്‍ നിന്നു ചെന്നൈയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സിലാണ് സംഭവം.
സീസണ് ടിക്കറ്റ് യാത്രക്കാരനായ ഉമ്മര്‍ അന്‍സാര്‍ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു. ഇയാളുടെ ടിക്കറ്റ് പരിശോധിച്ച ടി.ടി.ഇ മനേഷ് കൃഷ്ണ കോച്ചില്‍ സീസണ് ടിക്കറ്റ് അനുവദനീയമല്ലെന്നും ജനറല്‍ കംപാര്‍ട്ട്മെന്റിലേക്കു മാറണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിനിടെ പരസ്പരം വാക്കു തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് യുവാവ് ടി.ടി.ഇ യെ അടിക്കുകയും ട്രെയിനകത്ത് തള്ളിയിടുകയും ചെയ്തുവെന്നാണ് പരാതി.
ഇതു സംബന്ധിച്ച് ടി.ടി.ഇ മനേഷ് കൃഷ്ണ നല്കിയ പരാതിയെ തുടര്‍ന്ന് ട്രെയിന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്രതിയെ റെയില്‍വേ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവാവ് മദ്യലഹരിയിലാണ് പരാക്രമം കാട്ടിയതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."