പോളിയോക്കെതിരേ നിതാന്തജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: പോളിയോ എന്ന മാരകമായ പകര്‍ച്ചവ്യാധിക്കെതിരേ നിതാന്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
2014ല്‍ ഇന്ത്യ പോളിയോ മുക്തമായെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താറായിട്ടില്ലെന്നും കൃത്യമായ പോളിയോ വാക്‌സിന്‍ കൊടുത്തുകൊണ്ട് പ്രതിരോധം ശക്തിപ്പെടുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഐ.ബി സതീഷ് എം.എല്‍.എ അധ്യക്ഷനായി. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യവകുപ്പ് അഡിഷനല്‍ ഡയരക്ടര്‍മാരായ ഡോ.രാജു, ഡോ.സി. മുരളീധരന്‍പിള്ള പങ്കെടുത്തു. ഇന്നലെ ബൂത്ത്തല തുള്ളിമരുന്ന് വിതരണമാണ് നടന്നത്. എടുക്കാന്‍ വിട്ടുപോയ കുട്ടികള്‍ക്ക് ഇന്നും നാളെയും വീടുവീടാന്തരം കയറി തുള്ളിമരുന്ന് നല്‍കും. അഞ്ചുവയസിനു താഴെയുള്ള 25 ലക്ഷത്തോളം കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. ഇന്നലെ സംസ്ഥാനത്തൊട്ടാകെ 24,000 ത്തോളം വാക്‌സിനേഷന്‍ ബൂത്തുകളും ട്രാന്‍സിറ്റ് ബൂത്തുകളും മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിരുന്നു. ഭവന സന്ദര്‍ശനത്തിനായി 24,247 ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."