മംഗളൂരുവില്‍ സി.പി.എം ഓഫിസിന് തീയിട്ടു
മംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന് മംഗളൂരുവില്‍ എത്തുന്നതിന് മുമ്പേ തന്നെ അക്രമം. ഉള്ളാള്‍ തൊക്കോട്ട് സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിന് ഒരു സംഘം ആളുകള്‍ തീയിട്ടു. അക്രമത്തിന് പിന്നില്‍ ആര്.എസ്.എസ് സംഘപരിവാര്‍ സംഘടനകളാണെന്ന് സിപി.എം ആരോപിച്ചു.
ഇന്നലെ അര്‍ധരാത്രിയിലാണ് ഉള്ളാള്‍ തൊക്കോട്ട് സിറ്റിയിലുള്ള ഓഫിസിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറി ആക്രമികള്‍ തീയിട്ടത്. പുസ്തകങ്ങളും ഫയലുകളും അലമാരയടക്കമുള്ള ഫര്‍ണിച്ചറുകള്‍, ടിവി, മറ്റ് പ്രചരണ ബോര്‍ഡുകള്‍ എന്നിവ തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. റാലിക്ക് തയ്യാറാക്കിവെച്ച ഫ്ളക്സ് ബോര്‍ഡുകളും കത്തിനശിച്ചവയിലുണ്ട്.
തീ കൂടുതല്‍ പടരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നാളെ സി.പി.എം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മത സൗഹാര്‍ദ റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്നുണ്ട്. അതിനുള്ള ഒരുക്കത്തിനിടേയാണ് അക്രമം അരങ്ങേറിയത്. മറ്റന്നാള്‍ മംഗളൂരുവില്‍ നടക്കുന്ന പരിപാടി തടസപ്പെടുത്താന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ആര്.എസ്.എസ് പിണറായി വിജയനെ തടയുമെന്നും അറിയിച്ചിരുന്നു. പിണറായി വിജയന് മംഗളൂരുവില്‍ എത്തുന്നതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധമുയര്ത്തുന്നതിനിടയിലുണ്ടായ തീവെപ്പ് ഗൗരവത്തോടെയാണ് പൊലിസ് കാണുന്നത്. സംഭവത്തെ കുറിച്ച് ഉള്ളാള്‍ പൊലിസ് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."