പ്രളയത്തില്‍പ്പെട്ട കേരളത്തെ കൈപിടിച്ചു രക്ഷിച്ച ആലപ്പാട്ടെ മത്സ്യത്തൊഴിലാളികള്‍ രക്ഷയ്ക്കു വേണ്ടി കേഴുന്നു; സാമൂഹ്യമാധ്യമങ്ങളില്‍ പിന്തുണ
കൊല്ലം: പ്രളയത്തില്‍പ്പെട്ട് കേരളം മുങ്ങിത്താഴുമ്പോള്‍ ഓടിയെത്തി രക്ഷാ കൈകള്‍ നീട്ടിയ മത്സ്യത്തൊഴിലാളികള്‍. അവരെ വാനോളം പുകഴ്ത്തിയ ഭരണകൂടവും അധികാരികളും ഇന്നിപ്പോള്‍ അവരെ ജീവല്‍പ്രശ്‌നത്തില്‍ ഇടപെടാന്‍ പോലും മടിക്കുന്ന സ്ഥിതി. കൊല്ലം കരുനാഗപ്പള്ളിയിലെ കടല്‍ത്തീര പ്രദേശമായ ആലപ്പാട്ടുകാരാണ് കിടക്കുന്ന മണ്ണൊഴുകാതെ കാക്കാന്‍ സമരരംഗത്തുള്ളത്. സാമൂഹ്യമാധ്യമങ്ങൡലൂടെ ആളുകള്‍ ഈ പ്രശ്‌നത്തെ ഏറ്റെടുത്തിരിക്കുകയാണ്.
ആലപ്പാട്ട് നടക്കുന്നത്
മല്‍സ്യ സമ്പത്തു കൊണ്ടും കാര്‍ഷിക സമൃദ്ധി കൊണ്ടും സമ്പന്നമായ നടായിരുന്നു കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ, ആലപ്പാട് പഞ്ചായത്ത്. 1965 മുതല്‍ ഇന്ത്യന്‍ റെയര്‍ ഏര്‍ത്‌സ് ലിമിറ്റഡ് (ഐ.ആര്‍.ഈ) നടത്തിവരുന്ന മാരകവും ആശാസ്ത്രീയവുമായ കരിമണല്‍ ഖനനം മൂലം പശ്ചിമ തീര ദേശീയജലപാതയ്ക്കും കടലിനും ഇടയില്‍ ഉണ്ടായിരുന്ന വിശാലമായ ഭൂപ്രദേശവും അതിനെ സംരക്ഷിച്ചു നിലനിര്‍ത്തിയരുന്ന കരിമണല്‍കുന്നുകളും മധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ മൂക്കുംപുഴ പാടവും പനക്കടപാടവും വിവിധ കുടിവെള്ള സ്രോതസ്സുകളും നഷ്ടപ്പെട്ടു.
തീരത്തിന്റെ പരിസ്ഥിതി എന്നും സംരക്ഷിച്ചിരുന്ന ചാകര (mud bank) എന്ന പ്രതിഭാസം തീരത്തിന് നഷ്ടമായതോടെ ഐ.ആര്‍.ഈ ഖനനം ചെയ്യുന്ന ഭൂപ്രദേശത്തേശത്തെക്കു മണല്‍ നിര്‍ബാധം ഒഴുകി എത്തുന്ന രീതിയില്‍ ഖനനം ഇപ്പോഴും തുടരുന്നു. ഖനനം മൂലം ഈ പ്രദേശം ദേശീയ ജലപാതയേയും ലക്ഷ ദ്വീപ് കടലിനേയും വേര്‍തിരിക്കുന്ന ഒരു മണല്‍ വരമ്പു മാത്രമായി. കരിമണല്‍ ഖനനം തുടങ്ങുന്നതിനു മുന്‍പ് 89.5 ചതുരശ്ര കിലോമീറ്റര്‍ ഭൂവിസ്തൃതി ഉണ്ടായിരുന്ന ആലപ്പാട് വില്ലേജിന്റെ ഇപ്പോഴത്തെ ഭൂവിസ്തൃതി കേവലം 7.6 ചതുരശ്ര കിലോമീറ്റര്‍ ആയി ചുരുങ്ങി. 20000 ഹെക്ടര്‍ ഭൂപ്രദേശം കടലായി മാറിയതായി കണക്കാക്കപ്പെടുന്നു. 81.5 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കടലായി മാറി, കേരളം പോലെ ജനങ്ങള്‍ തിങ്ങിനിറഞ്ഞ ഒരു പ്രദേശത്ത് ഇത്രയധികം ഭൂമി കടല്‍ ആയി മാറിയതു ഗൗരവമായി കാണേണ്ടതാണ്.
അയ്യായിരത്തോളം കുടുംബങ്ങള്‍ ഖനനം മൂലം ഭൂരഹിതരാവുകയും മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്യപ്പെടുകയുമാണ് ഉണ്ടായിട്ടുള്ളത്. പരമ്പരാഗതമായി മത്സ്യമേഖല ഉപജീവന മാര്‍ഗ്ഗമാക്കിയിരുന്ന ഈ ആളുകള്‍ മറ്റ് വിദൂര പ്രദേശങ്ങളിലേക്ക് കുടിയേറി പാര്‍ത്തതിന്റെ ഫലമായി അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും അതോടൊപ്പം ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതവും തൊഴിലും അപകടകരമായ രീതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയുമാണ്.
തീരം ചേര്‍ന്ന് എക്കലും ചെളിയും അടിഞ്ഞുകീടി കുഴമ്പു രൂപത്തില്‍ കാണുന്നതും തീരത്തെ സംരക്ഷിക്കുന്നതും മത്സ്യസമ്പത്തിന്റെ പ്രജനനത്തിന് ഗുണം ചെയ്യുന്നതുമായ ചാകര, തീരം ചേര്‍ന്ന് തിരമാലകള്‍ ശാന്തമായിരിക്കുന്നതിനും സഹായകരമായ പ്രസ്തുത പ്രതിഭാസം കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരത്തിന് നഷ്ടമായത് മണല്‍ ഖനനത്തിലൂടെയാണ്. അതിലൂടെ പരമ്പരാഗത മത്സ്യബന്ധനം ഇല്ലാതാവുകയും തൊഴിലാളികള്‍ തങ്ങളുടെ തൊഴിലിടങ്ങളില്‍ നിന്നും പുറന്തള്ളപ്പെടുകയും നിത്യദാര്യദ്ര്യത്തിലാവുകയും ചെയ്തു. അതോടൊപ്പം തന്നെ മാരകമായ തീരശോഷണത്തിന് ഖനനം പ്രധാന കാരണമാവുകയും ചെയ്യുന്നു.
അറബിക്കടലിനും റ്റി.എസ് കനാലിനും ഇടയില്‍ മൂന്നര കിലോമീറ്റര്‍ വീതി ഉണ്ടായിരുന്ന നിലവിലെ ഖനനമേഖലയില്‍ (വെള്ളനാതുരുത്ത്) കായലും കടലും ഒന്നായി തീര്‍ന്നത് സമീപകാല ദുരന്തമാണ്. കേന്ദ്ര വനംപരിസ്ഥതി മന്ത്രാലയത്തിന്റെ കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓഷ്യന്‍ മാനേജ്‌മെന്റ്, ചെന്നൈ നടത്തിയ കേരളതീരുവുമായി ബന്ധപ്പെട്ട കേരള തീരവ്യതിയാന പഠനത്തില്‍ കേരള തീരത്ത് ഏറ്റവും കൂടുതല്‍ ഭൂമി നഷ്ടപ്പെട്ടത് നിലവിലെ കരിമണല്‍ ഖനന മേഖലയിലാണ്.
കേരളത്തിലെ തീരഗ്രാമങ്ങളുടെയും ഓണാട്ടുകരയുടെയും കുട്ടനാടിന്റെയും സുരക്ഷയെയും കണക്കിലെടുത്തുകൊണ്ടു കടലോര ത്ത് നടത്തുന്ന കരിമണല്‍ ഖനനം സമ്പൂര്‍ണ്ണമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2018 നവംബര്‍ 1 മുതല്‍ കരിമണല്‍ ഖനനവിരുദ്ധ ജനകീയ സമരസമതിയുടെ ആഭിമുഖ്യത്തില്‍ ആലപ്പാട് പഞ്ചായത്തിലെ ചെറിയഴീക്കല്‍ റിലേ നിരാഹാര സമരം ഇന്ന് രണ്ടു മാസം പിന്നിടുകയാണ്. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ യാതൊരു നടപടിയും ഇന്നുവരെ സ്വീകരിച്ചിട്ടില്ല. സമ്പൂര്‍ണ്ണമായി ഖനനം അവസാനിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ല എന്നാണ് സമരസമിതിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."