എസ്.എസ്.എല്‍.സി. പരീക്ഷയടുത്തു; ശബരിക്ക് വേണം സുമനസുകളുടെ കാരുണ്യം
കാഞ്ഞങ്ങാട് : ബസ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ശബരിനാഥിന്റെ ചികിത്സക്ക് സുമനസുകളുടെ കൈത്താങ്ങും കാരുണ്യവും വേണം. അടുത്ത മാസം എസ്.എസ്.എല്‍.സി. പരീക്ഷ തുടങ്ങുകയാണ് . എന്നാല്‍ പരീക്ഷയെഴുതേണ്ട ശബരി ഇതൊന്നുമറിയാതെ ബോധരഹിതനായി ചലനമറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ കിടക്കുകയാണ്.
കാസര്‍കോട് കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍നിന്ന് പഠനയാത്ര പോയ ശബരിനാഥനാണ് തന്റെ പരീക്ഷ പോലുമറിയാതെ അബോധാവസ്ഥയില്‍ കഴിയുന്നത്. ജനുവരി നാലിനാണ് പഠനയാത്ര പോയ കുട്ടികള്‍ സഞ്ചരിച്ച ബസ് പയ്യന്നൂര്‍ വെള്ളൂരില്‍വച്ച് അ പകടത്തില്‍പ്പെട്ടത്. പുതുവര്‍ഷദിനത്തില്‍ 91 കുട്ടികളുമായാണ് ഈ സ്‌കൂളില്‍നിന്ന് രണ്ടു ബസുകളിലായി മൂന്നാര്‍, കൊച്ചി, വണ്ടര്‍ലാ എന്നിവ കാണാന്‍ യാത്ര തിരിച്ചത്.
പഠനയാത്ര കഴിഞ്ഞ് തിരിച്ചു വരുന്നതിനിടയില്‍ എതിരെ വന്ന ലോറി ബസിന്റെ മുന്നില്‍ ഇടിച്ചുവെങ്കിലും രക്ഷപ്പെടാന്‍ ബസ് ഡ്രൈവര്‍ വെട്ടിച്ചതിനാല്‍ വളവില്‍ വെച്ച് അതിന്റെ പിന്‍ഭാഗം ശബരി ഉറങ്ങുന്ന സീറ്റിലടിച്ച് ശബരിയുടെ തലയുടെ പിന്‍ഭാഗം ചതയുകയായിരുന്നു. ബസിന്റെ പിന്‍ഭാഗത്ത് ഉറങ്ങുകയായിരുന്ന നാലു കുട്ടികള്‍ക്കാണ് അപകടത്തില്‍ അന്ന് പരുക്കേറ്റിരുന്നത്. തലക്ക് ഗുരുതരമായി പരുക്കേറ്റ ശബരിനാഥിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരത്തും പ്രവേശിപ്പിക്കുകയായിരുന്നു. ഇതുവരെ മൂന്നു ശസ്ത്രക്രിയകള്‍ ശബരിയുടെ തലച്ചോറിലെ ഞെരമ്പുകള്‍ നേരെയാക്കുന്നതിന് വേണ്ടി ചെയ്തിട്ടുണ്ട്.
ഞെരമ്പുകളുടെ പ്രത്യേക ചികിത്സക്ക് വേണ്ടി വെല്ലൂരിലെ ന്യൂറോ സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റാനാണ് പരിയാരത്തേ ഡോക്ടര്‍മാരുടെ നിര്‍ദേശം. ചികിത്സക്കായി ശബരിയുടെ മാതാപിതാക്കളായ കാറഡുക്ക അടുക്കത്തെ എം.സി.രാജനും നിഷയും വീടും പുരയിടവും പണയപ്പെടുത്തി നാലര ലക്ഷം രൂപ ഇതിനോടകം ചെലവാക്കി. പാവപ്പെട്ട കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ മനസിലാക്കി പരിയാരത്തെ ഡോക്ടര്‍മാര്‍ പ്രത്യേക പാക്കേജിലാണ് ശബരിയെ ചികിത്സിക്കുന്നത്. വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് വിദ്യാര്‍ഥിയായ ശബരിയുടെ ചികിത്സക്ക് സഹായനിധി രൂപീകരിച്ചിട്ടുണ്ട്. എ.വിജയകുമാര്‍ ചെയര്‍മാനും മോഹനന്‍ കാടകം കണ്‍വീനറുമായ ചികിത്സാ കമ്മിറ്റിയാണ് നിലവിലുള്ളത്. കേരള ഗ്രാമീണ്‍ ബാങ്ക് മുള്ളേരിയ ബ്രാഞ്ചില്‍ അക്കൗണ്ട് നമ്പര്‍ 40596101041493 ഐ.എഫ്.സി. കോഡ് കെ.എല്‍.ജി.ബി 0040596 എന്ന പേരില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."