ശുചിത്വ സംഗമം: ദേശീയ സെമിനാറുകള്‍ക്കും ശില്‍പശാലകള്‍ക്കും ഇന്ന് തുടക്കം
തിരുവനന്തപുരം: മാലിന്യസംസ്‌കരണ മേഖലയിലെ മാതൃകകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിന് ഹരിതകേരളം മിഷനും തദ്ദേശസ്വയംഭരണ വകുപ്പും ശുചിത്വമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തിലെ ദേശീയ സെമിനാറുകള്‍ക്കും ശില്‍പശാലകള്‍ക്കും ഇന്നു തുടക്കമാവും.
കനകക്കുന്ന് സൂര്യകാന്തിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷനാകും. മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, വി.എസ് സുനില്‍കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.കെ ശൈലജ, എം.എല്‍.എ.മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കേര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡും ശുചിത്വ സംഗമത്തില്‍ വിതരണം ചെയ്യും.
ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ശുചിത്വമിഷന്റെ സാങ്കേതിക നിര്‍വഹണത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനമികവുകളുടെ അവതരണവും ദേശീയതലത്തില്‍ വികേന്ദ്രീകൃത മാലിന്യസംസ്‌കരണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുടെ അവതരണവും ശുചിത്വ സംഗമത്തില്‍ നടക്കും.
സംസ്ഥാനത്ത് ശുചിത്വ മാലിന്യസംസ്‌കരണ രംഗത്തെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ആശയരൂപീകരണവും കര്‍മപരിപാടിയും ശുചിത്വ സംഗമത്തില്‍ തയാറാക്കും. ഇതിനോടനുബന്ധിച്ചു നടത്തുന്ന പ്രദര്‍ശന വിപണന മേള ജനുവരി 22 വരെ സൂര്യകാന്തിയില്‍ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."