ബധിര സ്‌കൂളിലെ അധ്യാപകരെ നിരീക്ഷിക്കാന്‍ സാമൂഹ്യനീതി വകുപ്പിന്റെ നിര്‍ദേശം; വ്യാപക പ്രതിഷേധം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സര്‍ക്കാരിനെയും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിനെയും മറികടന്ന് ഗവ. ബധിര സ്‌കൂളില്‍ അധ്യാപകര്‍ പഠിപ്പിക്കുന്നത് നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിഷിലെ അധ്യാപകര്‍ക്ക് സാമൂഹ്യനീതി വകുപ്പിന്റെ നിര്‍ദേശം.
ജഗതി ഗവണ്‍മെന്റ് ബധിര സ്‌കൂളിലെ പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള ക്ലാസ്സുകളില്‍ കുട്ടികളെ ആംഗ്യ ഭാഷ ഉപയോഗിച്ചാണോ അധ്യാപകര്‍ പഠിപ്പിക്കുന്നത് എന്ന് നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആക്കുളത്തെ സ്വയംഭരണ സ്ഥാപനമായ നിഷിലെ അധ്യാപകര്‍ക്ക് സാമൂഹ്യനീതി വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. ഇതനുസരിച്ച് ചില അധ്യാപകര്‍ ബധിര സ്‌കൂളില്‍ എത്തുകയും ചെയ്തു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബധിര സ്‌കൂളിലെ അധ്യാപകരെ നിരീക്ഷിക്കാനുള്ള ചുമതല സാമൂഹ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തെ ഏല്‍പ്പിച്ചതാണ് വിവാദം.
സാമൂഹ്യ വകുപ്പിന്റെ നിര്‍ദേശം ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് ഔദ്യോഗിക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.
റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ആര്‍.സി.ഐ)യുടെ അംഗീകാരമുള്ള സിലബസ് അനുസരിച്ച് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ട്രെയിനിങ് നേടിയ സ്‌കൂളിലെ അധ്യാപകര്‍ സംസാര ഭാഷയിലൂടെയാണ് കുട്ടികളെ പഠിപ്പിക്കുന്നത്.
സംസാരശേഷി കുറഞ്ഞ കുട്ടികളുടെ സംസാരശേഷി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണിത്. എന്നാല്‍ അത്യാവശ്യം ആംഗ്യ ഭാഷ ഉപയോഗിക്കേണ്ടി വരുന്നിടത്ത് അത് ഉപയോഗിച്ചുമാണ് അധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കുന്നത്.
വിവിധ വിഷയങ്ങളില്‍ ബിരുദവും സ്‌പെഷ്യല്‍ എജൂക്കേഷന്‍ ട്രെയിനിങ് യോഗ്യതയുമുള്ള ബധിര സ്‌കൂളിലെ അധ്യാപകരെ ആംഗ്യ ഭാഷ മാനദണ്ഡമാക്കി നിരീക്ഷിക്കാന്‍ അധ്യാപകര്‍ പഠിപ്പിക്കുന്ന എല്ലാ സബ്ജക്ടുകളിലും നിഷിലെ അധ്യാപകര്‍ യോഗ്യരാണോ എന്നാണ് ബധിരവിദ്യാലയത്തിലെ അധ്യാപകര്‍ ചോദിക്കുന്നത്. പരിശോധിക്കാനെത്തിയവരുമായി അധ്യാപകര്‍ നിസ്സഹകരിക്കുകയും ചെയ്തു.
സ്‌പെഷ്യല്‍ ട്രെയിനിങ് യോഗ്യത ഉള്‍പ്പെടെ ബിരുദമുള്ളവരാണ് സര്‍ക്കാര്‍ സ്‌കൂളില്‍ വര്‍ഷങ്ങളായി പഠിപ്പിച്ചു വരുന്നത്. ഇങ്ങനെയുളള അധ്യാപകരെ അപമാനിക്കുന്നതാണ് സാമൂഹ്യനീതി വകുപ്പിന്റെ പുതിയ നീക്കമെന്നാണ് വിമര്‍ശനം.
നിരീക്ഷണത്തിന് വിസമ്മതിച്ച സ്‌കൂളിലെ നിരപരാധികളായ അധ്യാപകരില്‍നിന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ചില ഉദ്യോഗസ്ഥര്‍ വിശദീകരണം എഴുതി വാങ്ങി ശിക്ഷണ നടപടി കൈക്കൊള്ളുന്നതിന് ശ്രമം ആരംഭിച്ചതായും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."