ശിക്ഷാനടപടിയുണ്ടായാല്‍ സ്ഥാനക്കയറ്റമില്ല
തിരുവനന്തപുരം: അച്ചടക്കം ഉറപ്പാക്കാന്‍ പൊലിസില്‍ പിടിമുറുക്കി സര്‍ക്കാര്‍. ശിക്ഷാനടപടികള്‍ക്ക് വിധേയരായ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ഇനിമുതല്‍ സ്ഥാനക്കയറ്റം ലഭിക്കില്ല.
സ്ഥാനക്കയറ്റത്തിന് പരിഗണിക്കുമ്പോള്‍ അച്ചടക്ക നടപടി കണക്കാക്കേണ്ടതില്ലെന്ന കേരള പൊലിസ് ആക്ടിലെ 101 (6) വകുപ്പ് റദ്ദാക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ പൊലിസ് ഉദ്യോഗസ്ഥര്‍ എന്തെങ്കിലും ചട്ടലംഘനം നടത്തുകയോ ഗുരുതര വീഴ്ചകള്‍ വരുത്തുകയോ ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ വകുപ്പുതല അന്വേഷണത്തിന്റെ പരിധിയില്‍വരികയോ ചെയ്താല്‍ സ്ഥാനക്കയറ്റത്തിന് അര്‍ഹതയുണ്ടാകില്ല.
പൊലിസ് ഉദ്യോഗസ്ഥരുടെ ശിക്ഷാ നടപടികളെക്കുറിച്ചാണ് പൊലിസ് ആക്ടിലെ 101 വകുപ്പില്‍ പറയുന്നത്. ശിക്ഷാ നടപടികള്‍ ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കാന്‍ പാടുള്ളതല്ലെന്നാണ് 101 (6)ല്‍ പറയുന്നത്.
ഈ വകുപ്പാണ് റദ്ദാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഒരു പൊലിസ് ഉദ്യോഗസ്ഥനെ വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷാ നടപടികള്‍ക്ക് വിധേയനാക്കിയാല്‍ അയാള്‍ ക്രിമിനല്‍ കുറ്റവാളിയാണെന്ന് വ്യാഖ്യാനിക്കാന്‍ പാടില്ലെന്ന് പൊലിസ് ആക്ടിലെ 101 (3)ല്‍ പറയുന്നു. കേരള സര്‍വിസ് നിയമം അനുസരിച്ച് അച്ചടക്ക നടപടി നേരിടുന്നതോ അന്വേഷണത്തിന്റെ പരിധിയില്‍നില്‍ക്കുന്നതോ ആയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റത്തിന് അര്‍ഹതയില്ല. കെ.എസ്.ആറിലെ ഈ വ്യവസ്ഥയുമായി പൊലിസ് ആക്ടിനെ ഏകീകരിക്കുകയാണ് ലക്ഷ്യമെന്നാണ് ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."