വടക്കനാട്ടുകാരുടെ ശൗര്യം ഫലം കാണുമോ?
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ വടക്കനാടും സമീപ പ്രദേശങ്ങളിലും ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കൊമ്പനാനയെ മയക്കുവെടിവച്ചു പന്തിയിലാക്കുന്നതിന് നീക്കം ഊര്‍ജിതമാണെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി സാജന്‍ അറിയിച്ചു.
കൊമ്പനെ പിടികൂടുന്നതില്‍ വനം-വന്യജീവി വകുപ്പ് ഉദാസീനത കാട്ടുന്നുവെന്ന പ്രചാരണം ശരിയല്ല. കൊമ്പനെ മയക്കുവെടിവച്ച് പിടികൂടണമെന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് നിലനില്‍ക്കുകയാണ്. പിടികൂടുന്ന ആനയെ പാര്‍പ്പിക്കുന്നതിന് മുത്തങ്ങയില്‍ പന്തി നിര്‍മിച്ചുകഴിഞ്ഞു. മയക്കുവെടിവച്ചു വീഴ്ത്തുന്ന ആനയെ പന്തിയില്‍ എത്തിക്കുന്നതിനു കുങ്കിയാനകളുടെ സാഹായം അനിവാര്യമാണ്. മദപ്പാടിലായതിനാല്‍ മുത്തങ്ങ ക്യാംപിലെ കുങ്കിയാനകളുടെ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയില്ല. തമിഴ്‌നാട്ടിലെ മുതുമലയില്‍നിന്നു കുങ്കിയാനകളെ കൊണ്ടുവരാനുള്ള ശ്രമം വിജയിച്ചില്ല. കുങ്കിയാനകള്‍ മദപ്പാടിലാണെന്നാണ് മുതുമല വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചത്. കുങ്കിയാനകളെ കര്‍ണാടയില്‍നിന്നു എത്തിക്കാനാണ് ഇപ്പോള്‍ ശ്രമം. ഇതിനുള്ള നടപടികള്‍ പുരോഗതിയിലാണ്. ആനയെ പിടികൂടുന്നതിനുള്ള ഒരുക്കം പാലക്കാട് വൈല്‍ഡ് ലൈഫ് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.എന്‍ അഞ്ജന്‍കുമാര്‍ കഴിഞ്ഞ ദിവസം വയനാട്ടിലെത്തി വിലയിരുത്തിയിട്ടുണ്ട്. പിടികൂടന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവായതിനുശേഷം മാസങ്ങളോളം ആന കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിലാണ് ഉണ്ടായിരുന്നത്.കൊമ്പന്റെ കൃത്യമായ സ്ഥാനം റേഡിയോ കോളര്‍ സിഗ്നല്‍ വഴി നിശ്ചിത ഇടവേളകളില്‍ ലഭിച്ചിരുന്നു. നീക്കങ്ങള്‍ നിരിക്ഷിച്ചുവരവെ ആന വയനാട് വന്യജീവി സങ്കേതം ഭാഗത്തേക്കു സഞ്ചരിക്കുന്നതായി മനസിലായി. ഈ വിവരം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫിസ് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരെ അറിയിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."