കെ.എസ്.ആര്‍.ടി.സി ബ്രേക്ക്ഡൗണായി വെട്ടിലായത് യാത്രക്കാര്‍
കുഴല്‍മന്ദം: പാലക്കാടുനിന്നും കുത്തനൂര്‍ വഴിയുള്ള നാല് കെ.എസ്.ആര്‍.ടി. സി സര്‍വീസുകളും റദ്ദാക്കിയതോടെ യാത്രക്കാര്‍ക്ക് ദുരിതമായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതു വഴി ഘട്ടംഘട്ടമായി നാല് കെ.എസ്.ആര്‍.ടി. സി ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്. ഏറ്റവും ഒടുവിലത് ഒറ്റ സര്‍വീസായി മാറി. ഇപ്പോള്‍ ഇതും നിര്‍ത്തിയതോടെയാണ് യാത്രക്കാര്‍ വെട്ടിലായത്.
പാലക്കാട്-പഴമ്പാലക്കോട്, പാലക്കാട്-തോലന്നൂര്‍, പാലക്കാട്-പേഴുങ്കോട്, പാലക്കാട്-മുപ്പുഴ എന്നീ സര്‍വീസുകളാണ് ഇതു വഴി ഉണ്ടായിരുന്നത്. മൂന്നു സര്‍വീസുകളും ഓരോരോ സമയങ്ങളില്‍ നിര്‍ത്തി വെച്ചതോടെ ഏറ്റവും ഒടുവില്‍ പാലക്കാട്-പഴമ്പാലക്കോട് റൂട്ടില്‍ മാത്രമായി കെ.എസ്.ആര്‍.ടി. സി സര്‍വീസ് ചുരുങ്ങി. രണ്ടു വര്‍ഷം മുന്‍പു വരെ രണ്ട് ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. നിലവില്‍ പഞ്ചായത്ത് റൂട്ടുകളില്‍ ഓടുന്ന കെ.എസ്.ആര്‍.ടി. സി സര്‍വീസുകളില്‍ നല്ല കളക്ഷന്‍ ഈ റൂട്ടുകളില്‍ നിന്നും ലഭിക്കാറുണ്ടെന്ന് നാട്ടുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
നല്ല രീതിയില്‍ തന്നെയാണ് ഇതുവഴി കെ.എസ്.ആര്‍.ടി. സി സര്‍വീസ് നടത്തിയിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സ്വകാര്യ ബസ് ലോബിയും കെ.എസ്.ആര്‍.ടി.സിയില്‍ ബസ് റൂട്ട് അനുവദിക്കുന്ന ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി മൂലമാണ് ബസ് നിര്‍ത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. കുത്തനൂര്‍ വഴി കെ.എസ്.ആര്‍.ടി. സി സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍, ആര്‍.ടി.ഒ എന്നിവര്‍ക്ക് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍. ഇവിടെ ജനകീയ കമ്മിറ്റി രൂപീകരിച്ച് ഇതിനായി ഒപ്പുശേഖരണം നടത്തിവരികയാണ്.
പാലക്കാട് നഗരത്തിന് പുറമെ കണ്ണാടി. കുഴല്‍മന്ദം, കുത്തനൂര്‍, തരൂര്‍ പഞ്ചായത്തുകളേ ബന്ധിപ്പിക്കുന്ന രീതിയിലായിരുന്നു കെ.എസ്.ആര്‍.ടി. സിയുടെ സര്‍വീസ്. നിലവില്‍ വൈകിട്ട് 6.45നാണ് തോലന്നൂരില്‍ നിന്നും അവസാനത്തെ സ്വകാര്യ ബസ് സര്‍വീസ്.
ഇതു കഴിഞ്ഞാല്‍ തോലന്നൂരുകാര്‍ക്ക് പാലക്കാട്ടേക്ക് എത്തണമെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും.
അതേ സമയം നേരത്തെ രാത്രി 7.45 ന് തോലന്നൂരില്‍ നിന്നും പാലക്കാട്ടേക്ക് കെ.എസ്.ആര്‍.ടി. സി ബസ് സര്‍വീസ് നടത്തിയിരുന്നു. ഇത് ഈ റൂട്ടിലുള്ളവര്‍ക്ക് ഏറെ സഹായകരവുമായിരുന്നു.
അതേ സമയം 10,000 രൂപയില്‍ താഴെ വരുമാനമുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കണമെന്നുള്ള എം.ഡിയുടെ തീരുമാനപ്രകാരമാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നു. ഇതിനുപുറമെ ഈ റൂട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷനും നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."