അഷ്ടമിച്ചിറ പുല്ലംകുളത്തില്‍ മോട്ടോര്‍ സ്ഥാപിച്ച് പുത്തന്‍ചിറ ജലസേചന പദ്ധതി കാര്യക്ഷമമാക്കണം
പുത്തന്‍ചിറ: അഷ്ടമിച്ചിറ ജലസേചന പദ്ധതിയില്‍ നിന്ന് പുത്തന്‍ചിറയിലെ ഹെക്ടറുകണക്കിന് പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനായി അഷ്ടമിച്ചിറ പുല്ലംകുളത്തില്‍ അമ്പത് എച്ച്.പിയുടെ മോട്ടോര്‍ സ്ഥാപിച്ച് പുത്തന്‍ചിറ ജലസേചന പദ്ധതി കാര്യക്ഷമമാക്കണമെന്ന് പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുജിത്‌ലാല്‍ ആവശ്യപ്പെട്ടു.അഷ്ടമിച്ചിറ പുല്ലംകുളത്തില്‍ രണ്ടാഴ്ച മുന്‍പ് വെള്ളം എത്തിയെങ്കിലും പുല്ലംകുളത്തില്‍ മാലിന്യവും ചപ്പ് ചവറുകളും നിറഞ്ഞത് കാരണം വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടിരുന്നു. ഇത് മൂലം പുത്തന്‍ചിറ പാടശേഖരങ്ങളിലേക്ക് വെള്ളം എത്തുന്നുണ്ടായിരുന്നില്ല.ദിവസങ്ങളായി കനാല്‍ വഴി ചാലക്കുടി പുഴയില്‍ നിന്ന് പുല്ലംകുളത്തിലേക്ക് വെള്ളമെത്തുന്നുണ്ടെങ്കിലും മാലിന്യം നിറഞ്ഞത് കാരണം ഒഴുക്ക് കുറഞ്ഞ അവസ്ഥയിലാണ്.
ഈ കുളത്തില്‍ നിന്നുള്ള ഒഴുക്ക് തടസമില്ലാതിരുന്നാല്‍ മാത്രമേ പുത്തന്‍ചിറ ഭാഗത്തേക്ക് വെള്ളം എത്തുകയുള്ളൂ.അഷ്ടമിച്ചിറയില്‍ നിന്ന് വെള്ളം വിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പുത്തന്‍ചിറയില്‍ എത്താത്ത അവസ്ഥയിലാണ്.കുളത്തില്‍ നിന്നുള്ള തോടുകളില്‍ മാലിന്യം നിക്ഷേപിച്ചതും തോട് കയ്യേറിയതും വെള്ളം തടയാന്‍ ഇടയാക്കിയിട്ടുണ്ട്. കുളവും അനുബന്ധ തോടും വൃത്തിയാക്കിയിട്ട് വര്‍ഷങ്ങള്‍ ഏറെയായിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. മാള ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഈ കുളം അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് നാശത്തിന്റെ വക്കിലാണ്.പായലും മാലിന്യവും മൂടി കുളത്തിന്റെ സംഭരണ ശേഷി പകുതിയിലധികം കുറഞ്ഞിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് പുത്തന്‍ചിറയില്‍ ഇപ്പോള്‍ ഇറക്കിയിരിക്കുന്ന 80 ഏക്കര്‍ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കുന്നതിനായി വാര്‍ഡ് മെമ്പര്‍ എം.പി സോണിയും കര്‍ഷകരും രംഗത്ത് വന്നത്.പതിനഞ്ച് ദിവസത്തോളം നിരവധി ആളുകള്‍ ചേര്‍ന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലമായിട്ടാണ് പുത്തന്‍ചിറ പാടശേഖരങ്ങളിലേക്ക് ഇന്നലെ വെള്ളം എത്തിയത്. പുല്ലംകുളത്തിലെയും തോടുകളിലേയൂം തടസങ്ങള്‍ നീക്കിയതോടെയാണ് പുത്തന്‍ചിറയിലേക്ക് വെള്ളം എത്തിയത്.അഷ്ടമിച്ചിറ ജലസേചന പദ്ധതി ആരംഭിച്ച് മൂന്ന് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് പുത്തന്‍ചിറയിലേക്ക് വെള്ളം എത്തിയതെന്നാണ് കര്‍ഷര്‍ പറയുന്നത് . പുല്ലംകുളത്തില്‍ മോട്ടോര്‍ സ്ഥാപിച്ച് വലിയ പൈപ്പുകള്‍ വഴി പുത്തന്‍ചിറയിലേക്ക് വെള്ളം എത്തിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.എങ്കില്‍ മോട്ടോര്‍ പ്രവത്തിച്ചാല്‍ ഉടന്‍ പുത്തന്‍ചിറയിലേക്ക് വെള്ളം എത്തുന്നതാണ്. പുത്തന്‍ചിറയലേക്ക് കാലതാമസം കൂടാതെ ആവശത്തിന് വെള്ളം എത്തിക്കുന്നതിനായി അമ്പത് ലക്ഷം രൂപയോളം ചിലവ് വരുന്ന പുത്തന്‍ചിറ ലഫ്റ്റ് ഇറിഗേഷന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ എം.എല്‍.എ വി.ആര്‍ സുനില്‍കുമാര്‍ മുന്‍കൈയെടുക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."