സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു
കാഞ്ഞങ്ങാട്: ബസ് ക്ലീനറെ പൊലിസ് മര്‍ദിച്ചതായി ആരോപിച്ച് സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി. ഇതേ തുടര്‍ന്ന് മലയോര മേഖലയില്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ഹൊസ്ദുര്‍ഗ് താലൂക്കിലെ സ്വകാര്യ ബസുകള്‍ പെടുന്നനെ പണിമുടക്ക് നടത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം പാണത്തൂര്‍-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ബസില്‍ നിന്നു വിദ്യാര്‍ഥിനിയെ ബസ് ജീവനക്കാര്‍ തള്ളിയിട്ടതായി ആരോപണം ഉണ്ടായിരുന്നു. പരുക്കേറ്റ രാജപുരം സെന്റ് പയസ് ടെന്ത് കോളേജിലെ മൂന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനി റോഷ്ന നല്കിയ പരാതിയില്‍ ബസ് ജീവനക്കാരെ പൊലിസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതായി ആരോപിച്ചാണു മിന്നല്‍ പണിമുടക്ക് നടത്തിയത്.
വിദ്യാര്‍ഥിനി തെറിച്ചു വീണ ബസിലെ ജീവനക്കാരെ നാട്ടുകാര്‍ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ചാണ് ആദ്യം കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടില്‍ മിന്നല്‍ പണിമുടക്ക് തുടങ്ങിയത്. അതിനിടെ വിവരമറിഞ്ഞെത്തിയ ഹൊസ്ദുര്‍ഗ് സി.ഐ സി.കെ.സുനില്‍കുമാറിന് നേരെ കൈയേറ്റ ശ്രമം ഉണ്ടായി.ഇതേ തുടര്‍ന്ന് പാണത്തൂരിലെ അജ്മലി(28)നെ പൊലിസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത അജ്മലിനെ പൊലിസ് മര്ജിച്ചുവെന്ന് ആരോപിച്ചാണ് താലൂക്കിലെ മുഴുവന്‍ സ്വകാര്യ ബസുകളും ഓട്ടം നിര്‍ത്തിവച്ചത്.
പണിമുടക്ക് അവസാനിപ്പിച്ച് ഓട്ടം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് എത്തിയ എസ്.ഐയെ ബസ് ജീവനക്കാര്‍ തടഞ്ഞതും സംഘര്‍ഷാവസ്ഥയ്ക്കു കാരണമായി. വിവരമറിഞ്ഞു കൂടുതല്‍ പൊലിസ് സ്ഥലത്തെത്തി ജീവനക്കാരെ ലാത്തി വീശി വിരട്ടിയോടിച്ചു. തുടര്‍ന്ന് പൊലിസും മറ്റും ഇടപ്പെട്ടു നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം പിന്‍വലിച്ചു. തുടര്‍ന്ന് പാണത്തൂര്‍ റൂട്ടില്‍ ഒഴികെ മറ്റെല്ലാ റൂട്ടുകളിലും ഓട്ടം ഓട്ടം പുനഃസ്ഥാപിച്ചു. മുഴുവന്‍ പ്രദേശങ്ങളിലേക്കും ബസോട്ടം നിര്‍ത്തി വച്ചതിനെ തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ് പൊലിസ് ഇടപെട്ടത്.
മാവുങ്കാലില്‍ ബസ് ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ പതിനഞ്ചു പേര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു. മര്‍ദനമേറ്റ ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറു കണക്കിന് യാത്രക്കാര്‍ മണിക്കൂറുകളോളം ദുരിതത്തിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."